*/
Sourceചത്ത കുഞ്ഞിന്റെ ജാതകം നോക്കാം
തിരഞ്ഞെടുപ്പ് അവലോകനം എന്ന ചത്ത കുഞ്ഞിന്റെ ജാതകം നോക്കാമെന്നു വിചാരിച്ചാണ് ഈ കുറിപ്പ്. സാമൂഹിക ശാസ്ത്ര പഠനത്തിന് അതൊരു അനിവാര്യത ആണെന്നാണല്ലോ.
മുഖ്യധാരാമാധ്യമങ്ങൾ ജാതീയ സാമുദായിക സമവാക്യങ്ങളെ പറ്റിയും (നായർ വോട്ട് എവിടെപ്പോയി? സുറിയാനി വോട്ട് എവിടെപ്പോയി? യാക്കോബായ വോട്ട് എവിടെപ്പോയി?) രാഷ്ട്രീയ പാർട്ടികളുടെ വോട്ട് കച്ചവടത്തെ പറ്റിയും ( കോൺഗ്രസ് വോട്ട് ബിജെപിക്ക് പോയി, ബിജെപി വോട്ട് സിപിഎമ്മിന് പോയി, സിപിഎമ്മും കോൺഗ്രസും കൂടെ ബിജെപിയെ തോൽപിച്ചു തുടങ്ങിയവ) മാത്രമായി ചർച്ചകൾ ഒതുക്കുമ്പോൾ, ഒരു ശരാശരി മലയാളിയുടെ ഈ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സങ്കല്പത്തെ പറ്റി വേണ്ട രീതിയിൽ അവലോകനം ചെയ്യപ്പെടുന്നില്ല എന്ന തോന്നലിൽ ആണ് ഈ കുറിപ്പിലൂടെ 3 ആശയങ്ങൾ മുന്നോട്ടു വെക്കുന്നത്:
1) കേരള സമൂഹത്തിലെ രാഷ്ട്രീയ ഏക ചിന്താരീതിയുടെ സ്വഭാവം ഈ തിരഞ്ഞെടുപ്പ് ഫലം ഊട്ടിയുറപ്പിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഭൂരിപക്ഷം പേരും ഒരേപോലെ രാഷ്ട്രീയമായി ചിന്തിക്കുന്നു, അത് തരംഗമായി മാറുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും ഇപ്പോഴത്തെ നിയമസഭാ തിരഞ്ഞെടുപ്പും അതിലേക്ക് തന്നെയാണ് വിരൽചൂണ്ടുന്നത്.
നവമാധ്യമങ്ങളുടെ സ്വാധീനത്തിലും പ്രഫഷനൽ പിആർ വർക്കുകളുടെ സഹായത്താലും, മലബാറിനെയും മധ്യകേരളത്തെയും തിരുവിതാകൂറിനെയും ഒരേ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും, അത് തരംഗങ്ങൾക്കു സാധ്യത നൽകുകയും ചെയുന്നു.
2) ക്രൈസിസ് മാനേജ്മെന്റ് നോട് കേരള സമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്നത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നു. നിപ്പയുടെയും പ്രളയത്തിന്റെയും കോവിഡിന്റെയും കലുഷിതമായ കാലഘട്ടത്തെ തരണം ചെയ്യാൻ ഉതകുന്ന ഒരു നേതൃത്വം സർക്കാരിനും സിപിഎം കേഡറുകൾക്കും ഉണ്ട് എന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് ക്യാപ്റ്റൻ പിണറായി വിജയനും ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്കും ലഭിച്ച വൻ ഭൂരിപക്ഷം. ആ സാഹചര്യത്തിൽ മറ്റെല്ലാ സാമ്പത്തിക- രാഷ്ട്രീയ പ്രശ്നങ്ങളും അവഗണിക്കുവാൻ കേരള സമൂഹം തയ്യാറായി. ഇന്ത്യയിൽ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ, രാജ്യത്തു പിന്തള്ളപ്പെട്ടപ്പോഴും കേരളത്തിൽ കോൺഗ്രസ് വിജയിച്ചു വന്നത് ഇതിനോട് ചേർത്തു വായിക്കാം.
3) കേരളസമൂഹത്തിൽ ശക്തമായ ബിജെപി വിരുദ്ധ ചിന്താഗതി ഉണ്ട് എന്നതാണ് മൂന്നാമത്തെ പാഠം. ലോകനിതി-csds- ദ ഹിന്ദു പത്രം എന്നിവ ചേർന്നു നടത്തിയ തിരഞ്ഞെടുപ്പാനന്തര പഠനത്തിലും ഇത് വ്യക്തമാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അത് യുഡിഎഫിന് അനുകൂലമായ തരംഗം ആയി മാറിയപ്പോൾ, നിയമസഭാ തിരഞ്ഞെടുപ്പിൽ അത് എൽഡിഎഫിന് അനുകൂല താരംഗമായി.
തീർച്ചയായും മറ്റുപല കാരണങ്ങളും ഈ ചരിത്ര വിജയത്തിന് ഉണ്ടെങ്കിലും പലയിടത്തും അത് ചർച്ചചെയ്യപ്പെട്ടതിനാൽ ആവർത്തിക്കുന്നില്ല.
'കേരം തിങ്ങും കേരള നാട്ടിൽ കെ ആർ ഗൗരി നാട് ഭരിച്ചീടും' എന്ന മുദ്രാവാക്യം യാഥാർഥ്യമാക്കാൻ സാധിക്കാതെ പോയ ഇടതുപക്ഷം ഇപ്പോൾ ചരിത്രം കുറിക്കുകയാണ്. ഈ ചരിത്ര വിജയത്തെ ഒരു ചരിത്ര പ്രഖ്യാപനമാക്കി മാറ്റാനുള്ള ആർജ്ജവം ഇടതുപക്ഷ മുന്നണി കാണിക്കുമോ എന്ന് നോക്കി കാണാം.
ക്രിസ്റ്റി പേരയിൽ