*/

*/

Source

"ഇപ്പോഴെന്റെ വെറുപ്പ് സിന്ധുവിന്റെ ഈ വേഷത്തോടാണ്."

"ഈ വേഷത്തിന് എന്താ കുഴപ്പം?"

"എന്തിനാണ് ടോംബോയ് ചമഞ്ഞു നടക്കുന്നത്. പാന്റും ടീ ഷർട്ടുമിട്ട് മുടി ചുരുട്ടിക്കൂട്ടി വിഗ്ഗും വച്ചാൽ ആണിനേക്കാൾ സുപ്പീരിയോറിറ്റി ഉണ്ടാകുമെന്നു വിചാരിച്ചോ? ഇതു വെറും കോംപ്ലക്‌സാണ്. ആ അറയ്ക്കുന്ന വേഷത്തിനു പകരം സിന്ധുവൊരു സാധാരണ പെൺകുട്ടിയെപ്പോലെ ഒരു സാരിയുടത്തുനടന്നാൽ എന്തു ഡീസന്റായിരിക്കും? സിന്ധുവിനെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല, എന്‌റെ മനസ്സിലുള്ളത് തുറന്നു പറഞ്ഞുവെന്നേയുള്ളു, ക്ഷമിക്കണം. വരട്ടെ...."

ടി.ദാമോദരൻ - ഐ.വി. ശശി ടീമിന്റെ നാണയം (1983) കാണുകയായിരുന്നു. ചിത്രത്തിൽ സീമ അവതരിപ്പിക്കുന്ന സിന്ധുവെന്ന കഥാപാത്രവും മമ്മൂട്ടിയുടെ രാജുവും തമ്മിലുള്ള ഒരു സംഭാഷണമാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

മെഡിസിൻ വിദ്യാർഥിയായിരുന്നു രാജു. രാജുവിന്റെ അച്ഛന്റെ (മധു) രണ്ടാം ഭാര്യയുടെ (ശ്രീവിദ്യ) മകനാണ് മോഹൻലാൽ അവതരിപ്പിക്കുന്ന ബാബു. ഇരുവരും കട്ടക്കൂട്ടുകാർ, തനി തല്ലിപ്പൊളി, പൂവാലന്മാർ. രാജു കോളജിൽ എന്തോ തരികിട കാണിച്ച് പരീക്ഷയൊന്നും എഴുതാനാകാതെ വീട്ടിൽ തിരിച്ചെത്തുകയാണ്. വരുന്ന വഴിക്കു കാണുന്ന ഒറ്റ പെമ്പിള്ളേരെയും വെറുതേ വിടുന്നില്ല. എന്തിന് ഒരു വിദേശ വനിതയെ ജീപ്പിൽ തട്ടിക്കൊണ്ടുപോകുന്നുവരെയുണ്ട്. കുളിപ്പിക്കാൻ കൊണ്ടുപോയതാണത്രെ! സീമയുടെ കഥാപാത്രത്തെ ആദ്യം കാണുമ്പോൾ ഇരുവരും മുൻവശവും പിൻവശവുമൊക്കെ ഇഷ്ടപ്പെടുന്നുമുണ്ട്.

പിന്നീടാണ് രാജു അച്ഛന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ എം.ഡിയായി നല്ലവനാകുന്നത്. അങ്ങനെ നല്ലവനായ ശേഷം കോട്ടും സ്യൂട്ടുമൊക്കെയിട്ടു വരുന്ന രാജു ഇഷ്ടം പറഞ്ഞ് അടുത്തുകൂടുന്ന സിന്ധുവിനോടു പറയുന്ന ഡയകോലാണ് മുകളിലെത്തേത്. ദോഷം പറയരുതല്ലോ, പിന്നെ ഇരുവരും ചേർന്നു വരുന്ന സീനിൽ സിന്ധു അനുസരണയുള്ള പെൺകുട്ടിയായി സാരിയൊക്കെ ധരിച്ച് മുടി തുമ്പുകെട്ടിയിട്ടൊക്കെയാണ് പ്രത്യക്ഷമാകുന്നത്.

താൻ ടോംബോയ് ചമഞ്ഞു നടക്കുന്നത് തന്റെ ഇഷ്ടപ്രകാരമല്ലെന്നും കുട്ടിക്കാലത്ത് തന്നെ ആൺവേഷം കെട്ടിച്ചുനടത്തുന്നത് അമ്മയുടെ വാശിയായിരുന്നെന്നും പിന്നെ അതൊരു ശീലമായിപ്പോയതാണെന്നും സിന്ധു രാജുവിനു മുന്നിൽ കുമ്പസാരിക്കുന്നു, ശേഷം ഇരുവരും ചേർന്ന് പാട്ടുപാടി പ്രേമം തുടങ്ങുന്നു...

ടി.ദാമോദരൻ രചന നിർവഹിച്ച ചില പടങ്ങൾ തെരഞ്ഞുപിടിച്ചു കാണുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ 'ആര്യൻ' മുതൽ 'അദ്വൈതം' വരെ ദാമോദരൻ മാഷിന്റെ സ്‌ക്രിപ്റ്റുകളിൽ ജ്വലിച്ചു നിൽക്കുന്ന സവർണാനുകമ്പയും ദളിത് വിരുദ്ധതയും പലരും ചർച്ച ചെയ്തിട്ടുള്ളതാണ്. മെയിൽ ഷോവനിസത്തിലും ദാമോദരൻ മാഷിന്റെ സ്‌ക്രിപ്റ്റുകൾ ഒട്ടും പിന്നിലല്ലെന്നതിന്റെ ചെറിയൊരു സൂചനയാണ് 'നാണയ'ത്തിലെ മുകളിൽ കൊടുത്ത രംഗം. 'അഹിംസ' പോലുള്ള സിനിമകളിലും ഇതിന്റെ മൂർധന്യം നമുക്ക് കാണാൻ കഴിയും.

സിന്ധുവിനോടുള്ള രാജുവിന്റെ സംഭാഷണം യഥാർഥത്തിൽ ദാമോദരൻ മാഷിന്റെ തന്നെ മനസ്സാണെന്നു പറയേണ്ടിവരും. എക്കാലത്തേയും പുരുഷന്റെ സുപ്പീരിയോറിറ്റി കോംപ്ലക്‌സ്. അന്ന് ഇന്നത്തെപ്പോലെ പെൺകുട്ടികൾ വസ്ത്രധാരണത്തിലും പ്രതികരണത്തിലും അത്രക്ക് സ്വതന്ത്രരായിരുന്നില്ലെന്നതിനാൽ തന്നെ കാമുകൻ പറഞ്ഞാലുടൻ അനുസരിച്ച് സാരിയിലേക്കു പ്രവേശിക്കും. അന്ന് ചുരിദാര്‍ രംഗപ്രവേശം ചെയ്തിട്ടില്ല. പാന്റും ടീ ഷർട്ടുമിട്ട് മുടി ബോബു ചെയ്തു നടക്കുന്ന പെൺകുട്ടികൾ അക്കാലത്തും ആക്രമിച്ചിരുന്നത് പുരുഷ ധാർഷ്ട്യങ്ങളേയും അവരുടെ ഈഗോയേയും സുപ്പീരിയോറിറ്റി കോംപ്ലക്‌സുകളേയുമായിരുന്നു. അവിടെയും മേൽക്കൈ നേടാൻ കൊതിച്ച പുരുഷൻ ബലാൽസംഗം ചെയ്ത് അവളെ കീഴ്‌പ്പെടുത്തും പോലെ ഇത്തരം കഥാപാത്രങ്ങളിലൂടെ പരകായ പ്രവേശം ചെയ്ത് പെണ്ണിനെയങ്ങ് കീഴ്‌പ്പെടുത്തിക്കളയും. ഇത്തരം ദൃശ്യങ്ങളിലൂടെ ആത്മരതിയടയുന്ന പുരുഷനും അതു തലകുലുക്കി സമ്മതിക്കുന്ന സ്ത്രീകളുമായിരുന്നു എൺപതുകളിൽ ഇത്തരം സിനിമകളുടെ വിജയപരാജയങ്ങൾ നിശ്ചയിച്ചിരുന്നതെന്നതാണ് വാസ്തവം.

പെൺകുട്ടികൾ മുടി ചുരുട്ടിക്കൂട്ടി വച്ച് വിഗ്ഗും വച്ചു നടക്കുന്നതായിരുന്നോ അതോ ബോബു ചെയ്യുന്നതായിരുന്നോ രീതിയെന്ന് അറിയില്ല. സിനിമയിൽ തുടർന്നുള്ള ദൃശ്യങ്ങളുടെ സൗകര്യത്തിനായി ബോബു ചെയ്യാതെ വിഗ്ഗുവയ്പിച്ചതാകാനും മതി. എന്തായാലും പുരുഷന്മാരുടെ വിഗ്ഗിനേക്കാൾ നല്ല വിഗ്ഗായിരുന്നു സീമ വച്ചിരുന്നത്.

(A tomboy is a girl who exhibits characteristics or behaviors considered typical of a boy. Common characteristics include wearing masculine clothing and engaging in games and activities that are physical in nature and are considered in many cultures to be unfeminine or the domain of boys. -Wikipedia)

Report Page