*/

*/

Source

ബൈക്ക് ഉപയോഗിക്കുന്ന മറ്റൊരാൾക്കും എൻ്റെ അനുഭവം വരാതിരിക്കാനാണ് ഈ കുറിപ്പ് എഴുതുന്നത്. മാക്സിമം ഷെയർ ചെയ്യുമല്ലോ.

ഇലക്ഷൻ തിരക്കൊക്കെ കഴിഞ്ഞ് നട്ടെല്ല് നിവർത്താൻ ഒരു ട്രിപ്പും ആഗ്രഹിച്ചിരിക്കുമ്പോഴാണ് 900കണ്ടിയിലേക്ക് പോയാലോ എന്ന് സുഹൃത്തുക്കൾ പറയുന്നത്. ഉടനെ തന്നെ ബൈക്ക് സർവ്വീസ് ചെയ്യാൻ ഹോണ്ട സർവ്വീസ് സെൻ്ററിൽ കൊടുത്തു. വൈകുന്നേരം തന്നെ തിരികെ ലഭിച്ചു.

പിറ്റെ ദിവസം രാവിലെ തന്നെ, ''പരപ്പനങ്ങാടി ടൗണിലേക്ക് പോയിട്ട് ദേ ഇപ്പൊ വരാം'' എന്നു ഉമ്മാനോട് പറഞ്ഞു വയനാട്ടിലേക്ക് വച്ചുപിടിച്ചു.

ഒരുക്കങ്ങൾ കണ്ടപ്പോൾ ഉമ്മാക്കും സംശയം:

"ടൗണിലേക്ക് പോകാൻ എന്തിനാണ് ഷൂസൊക്കെ.."

"അതേയ്.. ഈ പുത്തരിക്കൽ ജംങ്ഷനിൽ റോഡ് പണി നടക്കുന്നതുകൊണ്ട് ഞങ്ങള് വയനാട് ചുരം വഴിയാണ് ടൗണിലേക്ക് പോകുന്നത്.. അതുകൊണ്ട് തിരിച്ചെത്താൻ രാത്രിയാവും.."

കൂടുതൽ ഉടക്ക് ചോദ്യങ്ങൾ വരും മുമ്പേ ബൈക്കെടുത്ത് തടി സലാമത്താക്കി.

ഇനിയാണ് ട്വിസ്റ്റ്. ഏകദേശം ഉച്ചയോടെ അടിവാരമെത്തി. ബൈക്ക് ചുരം കയറിത്തുടങ്ങി ഒന്നുരണ്ടു വളവ് കഴിഞ്ഞു. വണ്ടിയുടെ പിന്നിലെ ടയറിൽ നിന്ന് ഒരു കിളി കുടുങ്ങിയ ശബ്ദം. വാഹനം സൈഡാക്കി. ബ്രേക്കിൻ്റെ ലൈനർ മാറ്റിയതാണ്. അതിൻ്റെ കിച്ച് കിച്ചായിരിക്കും എന്നുകരുതി വീണ്ടും മുന്നോട്ട് പോയി.

ഇല്ല, ഇപ്പോൾ ശബ്ദമില്ല. പക്ഷേ കഷ്ടിച്ച് ഒന്നര കിലോമീറ്റർ പോയതേയുള്ളൂ. ആ കിളി വീണ്ടും കിച്ച് കിച്ച് ശബ്ദമുണ്ടാക്കാൻ തുടങ്ങി. വണ്ടി നിറുത്തി വീണ്ടും പരിശോധിച്ചു. ഒന്നും കിട്ടിയില്ല. ട്രിപ്പ് കുളമാകുമോയെന്ന ഭയം.

ഒരുപാട് തവണ കാലുകൊണ്ട് തട്ടിയൊക്കെ നോക്കി. ഒടുക്കം സർവ്വീസ് സെൻ്ററിലേക്ക് വിളിച്ച് നാല് ഫിറ്റാക്കി.

അവനെന്ത് ചെയ്യാനാണ്, ട്രിപ്പ് കഴിഞ്ഞിട്ട് നാളെ കൊണ്ടുകൊടുത്താൽ ശരിയാക്കിത്തരാം എന്നുപറഞ്ഞ് ഫോൺ വെച്ചു. പേടിക്കാനൊന്നും ഉണ്ടാകില്ലെന്ന ആശ്വാസവും നൽകി. പിന്നിലെ ടയർ മുന്നിലേക്കാണ് തിരിയുന്നത്. ഇനി അതാവുമോ പ്രശ്നം.?!

രണ്ടും കൽപ്പിച്ച് ഞങ്ങൾ വീണ്ടും മുന്നോട്ടെടുത്തു. പതിയെ പതിയെ ആ ശബ്ദം വീണ്ടും കേൾക്കാൻ തുടങ്ങി. എൻ്റെ കിഡ്നിയിലേക്ക് ഒരുതരം ദേഷ്യം ഇരച്ചുകയറി. ഇത്തവണ വാഹനം ഓടിച്ചു തന്നെ തല താഴേക്ക് നീട്ടി നിരീക്ഷിച്ചു. ശബ്ദ മിശ്രിതൻ റസൂൽ പുട്ടുംകുറ്റിയെ പോലും തോൽപ്പിക്കുന്ന പാടവം.

അത്യന്തം വേദനയോടെ ഞങ്ങൾ ആ സത്യം മനസ്സിലാക്കി. അത്രയും നേരം ആ കിളി കരഞ്ഞത് ഞങ്ങളുടെ ബൈക്കിൽ നിന്നായിരുന്നില്ല. തൊട്ടുമുന്നിലുണ്ടായിരുന്ന ഒരു പഴയ ഓട്ടോയുടെ തുരുമ്പിച്ച വീലുകളിൽ നിന്നായിരുന്നു.

ഞങ്ങൾ നിറുത്തുമ്പോൾ ഓട്ടോ അല്പം മുന്നോട്ട് പോകും. അതോടെ ശബ്ദം നിൽക്കും. ഞങ്ങള് വീണ്ടും ഒന്നുരണ്ടു കിലോമീറ്റർ ഓടി ഓട്ടോയുടെ അടുത്തെത്തുമ്പോൾ വീണ്ടും കിളി കരയും. ഇതിങ്ങനെ ആവർത്തിച്ചു.

അതുകൊണ്ട് പ്രിയമുള്ളവരേ, നിങ്ങൾ ട്രിപ്പ് പോകുമ്പോൾ ഒരിക്കലും പഴയ ഒട്ടോയെ പിന്തുടരാതിരിക്കുക. അത് കിളിശബ്ദം ഉണ്ടാക്കി നമ്മളെ പേടിപ്പിക്കും. ഈ സത്യം ആദ്യമായി കേൾക്കുന്നവർ വായിച്ച ശേഷം നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യുമല്ലോ. നമ്മുടെ ശത്രുക്കൾക്കു പോലും ദൈവം ഈ ദുർഗതി വരുത്താതിരിക്കട്ടെ.!

- Nishan Parappanangadi

Report Page