*/

*/

Source

#പഞ്ചാഗ്നി (1986)

എഴുപതുകളും, എൺപതുകളും ചേർന്നത് തന്നെയാണ് മലയാള സിനിമയുടെ ചരിത്രത്തിലെ സുവർണ്ണകാലഘട്ടം എന്നത് തർക്കത്തിനിടയില്ലാത്തവണ്ണം ഒരു യാഥാർത്ഥ്യമാണ്. കാരണം, സാങ്കേതികവിദ്യയോ അങ്ങേയറ്റത്തെ കച്ചവടതാത്പര്യങ്ങളോ അല്ല പ്രാഥമികമായി അന്നത്തെ മികച്ച ചലച്ചിത്രങ്ങളുടെ അസ്തിത്വത്തെ നിർണ്ണയിച്ചിരുന്നവ. സിനിമയെന്ന കലാരൂപത്തെ അഭിനിവേശത്തോടെ സമീപിച്ചിരുന്ന ഒരു കൂട്ടം എഴുത്തുകാരും, സംവിധായകരുമായിരുന്നു അത്തരം ചലച്ചിത്രങ്ങളുടെ നിർമ്മിതിക്കു പിറകിൽ.

ഒരു മുഖ്യധാരാ ഉത്പന്നം തന്നെയായിരുന്നു ആ സമയത്തിറങ്ങിയ 'പഞ്ചാഗ്നി' എന്ന ചലച്ചിത്രം. എം. ടി. എന്ന സാഹിത്യകാരൻ മുന്നോട്ടു വച്ച ആശയങ്ങളുടെയും, ആ ആശയങ്ങൾക്ക് ശരീരം നൽകിയ കഥാപാത്രങ്ങളുടെയും, പിന്നെ ഒരു പരിധി വരെ അഭിനേതാക്കളുടെ പ്രകടനത്തിന്റെയും, സംവിധാനത്തിന്റെയുമെല്ലാം മികവായിരുന്നു ആ സിനിമയ്ക്ക് മലയാള സിനിമാ ചരിത്രത്തിൽ സവിശേഷമായ ഒരു സ്ഥാനം നേടിക്കൊടുത്തത്. അതിലെ ചില കഥാപാത്രങ്ങളെയും ആശയങ്ങളെയും കുറിച്ച് മാത്രമാണ് ഈ കുറിപ്പിൽ പറയാനാഗ്രഹിക്കുന്നത്.

മലയാളത്തിൽ എന്നല്ല, ഇന്ത്യൻ സിനിമാ ചരിത്രത്തിൽത്തന്നെ സമാനതകളില്ലാത്തത്ര കരുത്തുറ്റ സ്ത്രീകഥാപാത്രമായിരുന്നു പഞ്ചാഗ്നിയിലെ 'ഇന്ദിര'. ഒരു യഥാർത്ഥ സ്ത്രീ പോരാളി. 'സ്ത്രീ പോരാളി' എന്നു കേൾക്കുമ്പോൾ ഇക്കാലത്തെ ദിശയറിയാതെ ഉഴറുന്ന വനിതാ വിമോചന പോരാട്ടങ്ങളോട് ചേർത്തു പറയാനാവുന്ന രീതിയിലുള്ള ഒന്നായി കണക്കാക്കരുത്. വ്യക്തിസ്വാതന്ത്ര്യം, ലൈംഗികസ്വാതന്ത്ര്യം, അവസരസമത്വം, സ്വയംപര്യാപ്തത എന്നിങ്ങനെ, സ്വാർത്ഥതയോളമെത്തുന്ന അവകാശങ്ങൾക്കു വേണ്ടിയോ, മറ്റേതെങ്കിലും വിധത്തിൽ ഉപരിപ്ലവമായി നിലനിൽക്കുന്നവയ്ക്കു വേണ്ടിയോ മാത്രം പോരാടുന്ന ഒരുവളല്ലായിരുന്നു ഇന്ദിര. മറിച്ച്, തനിക്ക് സമൂഹത്തിലുള്ള അവകാശങ്ങളെക്കുറിച്ചെന്ന പോലെത്തന്നെ, സമൂഹത്തോടുള്ള കടമകളെക്കുറിച്ച് കൂടി ബോധ്യമുള്ള നിസ്വാർത്ഥയായ ഒരു വ്യക്തിയായിരുന്നു ആ കഥാപാത്രം. മുകളിലും താഴെയും, വശങ്ങളിലുമുള്ള തീയ്ക്കിടയിൽ ജീവിക്കുന്നവളായിരുന്നു ഇന്ദിര!

ഇന്ദിരയുടെ അമ്മയിൽക്കൂടിയല്ലാതെ ഇന്ദിരയിലേക്കെത്തുവാൻ സാധിക്കില്ല. സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ആ സ്ത്രീ. അമ്മയാണ് ഇന്ദിരയിലെ സ്വാതന്ത്ര്യബോധത്തിന് കാരണം. എന്നാൽ, അഹിംസയിൽ വേരൂന്നിയ ഒരു പ്രസ്ഥാനത്തെ പിൻതുടർന്നിരുന്ന തന്റെ അമ്മയുടെ വഴിയല്ലായിരുന്നു ഇന്ദിര തെരഞ്ഞെടുത്തത്. രാജ്യം നേടിയ സ്വാതന്ത്ര്യം പൂർണ്ണമല്ലെന്നും, അതിലേക്കിനിയും ഏറെ ദൂരമുണ്ടെന്നും തന്റെ വായനയിലൂടെയും, അനുഭവങ്ങളിലൂടെയും തിരിച്ചറിയുന്ന ഇന്ദിര ആ സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയായി തിരഞ്ഞെടുത്തത് ഹിംസാത്മകമായ ഒന്നായിരുന്നു (ആ തെരഞ്ഞെടുപ്പിലെ ശരിതെറ്റുകൾ നിർണ്ണയിക്കുക എന്നത് അത്യധികം സങ്കീർണ്ണവും വ്യക്ത്യാധിഷ്ഠിതവുമാകുന്നു). ബാല്യത്തിൽ രക്തം കണ്ടാൽ തലകറങ്ങുമായിരുന്ന ഇന്ദിരയെ മുതിർന്നപ്പോഴേക്കും അവൾക്കു ചുറ്റുമുണ്ടായിരുന്ന സമൂഹം മറ്റൊരു രീതിയിൽ മാറ്റിയെടുത്തിരുന്നു. തന്റെ സഹജീവികളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ആയുധമെടുത്ത ഇന്ദിരയാണ് ഒരു മർദ്ദകന്റെ ജീവനെടുത്തതിന്റെ പേരിൽ തുറുങ്കിലടയ്ക്കപ്പെട്ടത്. വീണ്ടും ഒരു ജീവിതം അവളുടെ കൈവെള്ളയിൽ വന്നു ചേർന്നുവെങ്കിലും, ഇന്ദിരയ്ക്ക് തന്റെ സഹജീവിയായ ഒരു പെൺകുട്ടിയോടുള്ള സഹാനുഭൂതിയുടെ പേരിൽ ഒരു മനുഷ്യ മൃഗത്തിന്റെ കൂടി ജീവനെടുക്കേണ്ടി വരുന്നു. 'എനിക്കെന്നിൽ നിന്നും ഒളിച്ചോടുവാൻ വയ്യ' എന്ന ഇന്ദിരയുടെ പ്രസ്താവന, തന്റെ സഹജീവികളുടെ നന്മയും കൂടി തന്റെ ഉത്തരവാദിത്തമാണ് എന്ന ആശയം മാത്രമല്ല, തന്നെ താൻ തിരിച്ചറിഞ്ഞിരിക്കുന്നു എന്ന സത്യത്തിന്റെ പ്രഖ്യാപനം കൂടിയാണ് നമ്മിലേക്കെത്തിക്കുന്നത്.

ഈ ചിത്രത്തിൽ 'ഇന്ദിരയെ' അവതരിപ്പിച്ച ഗീത എന്ന അഭിനേത്രിയുടെ പ്രകടനത്തിന് പല സന്ദർഭങ്ങളിലും ഒരു ഏകതാനത (monotonousness) അനുഭവപ്പെടുന്നുണ്ടെങ്കിലും കഥാപാത്രത്തിന്റെ ആത്മാവ് ചോരാതെ കരുത്തോടെ തന്നെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മോഹൻലാലെന്ന താരത്തെ വാർത്തെടുക്കുന്നതിൽ മറ്റു പല ചിത്രങ്ങളും പങ്കു വഹിച്ചിട്ടുണ്ട്, പക്ഷെ, അയാളിലെ അഭിനേതാവ് വളർന്നു വന്നിട്ടുള്ളത് ഈ ചിത്രത്തിലേതടക്കമുള്ള എം. ടി. കഥാപാത്രങ്ങളിലൂടെയും പിന്നെ പത്മരാജനെപ്പോലുള്ളവരുടെ സൃഷ്ടികളിലൂടെയുമാണെന്നത് നിസ്സംശയമായി പറയാവുന്ന ഒന്നു തന്നെ. നെടുമുടി വേണുവും, മുരളിയും, സോമനും, ദേവനും, ലക്ഷ്മി കൃഷ്ണമൂർത്തിയും, നാദിയ മൊയ്തുവുമെല്ലാമടങ്ങിയ പ്രഗത്ഭ അഭിനേതാക്കൾ ഈ ചിത്രത്തിലെ തങ്ങളുടെ വേഷം മികച്ച രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നു. തിലകൻ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും, സംവിധായകനായ ഹരിഹരനും, ഛായാഗ്രഹണം നിർവ്വഹിച്ച ഷാജി എൻ. കരുണും പ്രത്യേക പ്രശംസയർഹിക്കുന്നു.

(കണ്ണൂർ സെൻട്രൽ ജയിൽ ആണുങ്ങൾക്ക് വേണ്ടി മാത്രമുള്ളതല്ല, ചില പെണ്ണുങ്ങൾക്കും കൂടിയുള്ളതാണെന്ന് ഈ ചിത്രത്തിലെ 'കണ്ണൂരിലെ വല്ല്യമ്മ' നമുക്ക് കാണിച്ചു തരും!)

#m3db #m3dbmelwin

Report Page