*/
Source📢. SPOILER ALERT
ബിരിയാണി അഥവാ
ഒരു മുസ്ലിം സ്ത്രീ അനുഭവിക്കുന്ന ലൈംഗികദാരിദ്ര്യം എന്നാണ്
ഈ ലോകോത്തര സിനിമയ്ക്ക് പേരു നൽകേണ്ടിയിരുന്നത്. മുസ്ലിം സ്ത്രീ എന്ന് എടുത്തു പറയേണ്ടി വന്നത് ഈ ഒരു സമുദായ പശ്ചാത്തലമല്ലാതെ മറ്റൊന്നും ഇതിൽ കാണാനില്ലാത്തതു കൊണ്ടാണ്.
ഏതെങ്കിലും സമുദായാചാരങ്ങളെ കലാപരമായി വിമർശിക്കുന്നതിന് എനിക്കെരൊതിർപ്പുമില്ലെന്നും അറിയിക്കുന്നു
ബിരിയാണിച്ചെമ്പിൽ അമേധ്യം കലക്കാൻ സാധ്യതയുണ്ടെന്ന് സിനിമയുടെ തുടക്കം തന്നെ മുന്നിയിപ്പ് കിട്ടുന്നുണ്ട് . ബിരിയാണി കാണാനിരിക്കുന്നവർക്ക് പണ്ടത്തെ സുരേഷ് ഗോപിയുടെ ഡയലോഗ് ഓർമ്മ വരുന്നതിന് കാരണവും അതായിരിക്കണം. ' മോഹൻ തോമസിന്റെ ഉച്ഛിഷ്ടവും അമേധ്യവും ' എന്ന ക്ലാസ്സിക് ഡയലോഗ് എത്ര പ്രാവശ്യം ഓർത്തെന്ന് എനിക്കു തന്നെ നിശ്ചയമില്ല.
സിനിമ തുടങ്ങുന്നതിൽ തന്നെ അവസാനിക്കുന്നു എന്നതിലാണ് ഈ സിനിമയുടെ എന്തോ ചില സന്ദേശങ്ങളുടെ സുഘടിതമായ വിനിമയം സംവിധായകൻ എന്ന എഴുത്തുകാരൻ കാണിച്ചത് എന്ന രീതിയിലും ചില പ്രശംസകൾ കണ്ടു.
കലയാണെങ്കിലും സാഹിത്യമാണെങ്കിലും ഒതുക്കിപ്പറയലുകൾക്ക് അതിന്റേതായ സൗന്ദര്യമുണ്ട്.
നഗ്നത കാണിക്കുന്നതാണ് വിപ്ലവമെങ്കിൽ അതാകാം.
ഇതിലും നല്ല പോൺ സിനിമകളും നല്ല നഗ്നതയും കിട്ടാൻ ഇവിടെ മാർഗ്ഗമില്ലാതില്ല.
അതൊക്കെ പോട്ടെ, നമുക്കു വിഷയത്തിലേക്കു വരാം.
രതിമൂർച്ഛ കിട്ടാത്ത ഖദീജ എന്ന നായിക ഭർത്താവിന്റെ സാന്നിധ്യത്തിൽ കാട്ടിക്കൂട്ടുന്ന വിക്രിയകളോടെയാണ് സിനിമയുടെ തുടക്കം.
പ്രാർത്ഥനയും മൗലൂദുകളും മുറക്കു നടക്കുന്ന ഒരു സുന്നി മുസ്ലിം അന്തരീക്ഷത്തിനു ചേരുന്ന എല്ലാ കഥാപാത്രങ്ങളുമുണ്ട്. ആണ്ടു നേർച്ചയും അപ്പം നേർച്ചയും മഖ്ബറ സന്ദർശനവും അങ്ങനെ പറ്റാവുന്നതെല്ലാം..
ഉമ്മയ്ക്ക് സുഖമില്ലെന്നറിഞ്ഞ് ഖദീജ അവളുടെ വീട്ടിൽ പോയതാണ് പ്രശ്നങ്ങളുടെ തുടക്കം. കടൽത്തീരത്ത് തൂറാനിരിക്കുന്ന ഉമ്മയുടെ ദൃശ്യമൊക്കെ നമ്മെ നിയോ റിയലിസത്തിന്റെ തലങ്ങളിലേക്കെത്തിക്കും.
ഇതിനിടയിൽ ഖദീജയുടെ മകന്റെ മാർക്കം നടക്കുന്നുണ്ട്. അതിനായി തന്നെ ഒരു കുട്ടിയെ കണ്ടു പിടിച്ച സംവിധായകന്റെ ബ്രില്യൻസ് അംഗീകരിച്ചേ മതിയാകൂ.
കുട്ടിയുടെ ലിംഗാഗ്രം അരിഞ്ഞു വീഴുന്നതോടൊപ്പം അടുത്ത ഫ്രെയിമിൽ ഒരാടിന്റെ തലയും അറ്റുവീഴുന്നു. മുസ്ലിം സ്ത്രീകളുടെ ലൈംഗിക ദാരിദ്ര്യത്തിന്റെ കാരണം പ്രേക്ഷകർ വേറെ എവിടെയും അന്വേഷിക്കേണ്ടതില്ല.
ഷാനവാസ് തീവ്രവാദിയായതിന്റെ പേരിൽ വേട്ടയാടപ്പെടുന്ന ഖദീജയും ഉമ്മ സുഹ്റയും നാടുവിട്ട് ചെല്ലുന്നത് ഒരു മഖ്ബറയിലാണ്.. ധാരാളം അഗതികൾ വന്നു താമസിക്കുന്നയിടം. നമ്മുടെ കഥാ നായികയുടെ കണ്ണുകൾ അവിടെയും തിരയുന്നത് ഒരു ലൈംഗിക പങ്കാളിയെയാണ്. സാധുവായ മുക്രിയുടെ മുറിയിൽ വരെ അവൾ എത്തി നോക്കി അയാളെ കഷ്ടത്തിലാക്കുന്നുണ്ട്.
ഇതിനിടയിൽ ഭർത്താവിൽ നിന്ന് ഫോൺ വഴി മുത്തലാക്കും കിട്ടി.
പോരേ, പൊടിപൂരം .! പുരുഷവർഗ്ഗത്തോട് പ്രതികാരം ചെയ്യാൻ ഇതിൽ കൂടുതലെന്തു വേണം?
മഖ്ബറയിൽ വെച്ച് സഹോദരൻ ഷാനവാസിന്റെ മരണ വിവരമറിഞ്ഞ് പാവം മുഹമ്മദ് ബിജിലി തന്റെ വീടിന്റെ താക്കോലും തന്റെ ബാങ്ക് പാസ്സ് ബുക്കും കൊടുത്താണ് അവളെ സ്വന്തം വീട്ടിലേക്കയക്കുന്നത്.
എന്നാൽ ചായക്കടക്കാരൻ തടിയനെ കണ്ടപ്പോൾ അവളുടെ ലൈംഗിക ക്രൂര കാമനകൾ ഉണർന്നു. ഉമ്മ മരിച്ചതിനു ശേഷം ആ തടിയനിലൂടെ തന്റെ സ്വന്തം വഴി അവൾ കണ്ടെത്തുകയാണ്.
പലയാളുകൾക്കായി പല പേരുകളിൽ സഞ്ചരിച്ച അവൾ ശരീരം കൊണ്ടൊരു വിപ്ലവം സൃഷ്ടിച്ചു എന്നു പറയാൻ പറ്റുമോ എന്നറിയില്ല. കനി കുസൃതിക്ക് സിനിമയിലുടനീളം ഒരേ ഭാവമായതിനാൽ ഈ ഘട്ടത്തിലെങ്കിലും നായികയുടെ ലൈംഗിക ദാരിദ്ര്യത്തിന് കൃത്യമായ ശമനമുണ്ടായോ എന്നു തീർച്ചപ്പെടുത്താനായില്ല.
ഗർഭിണിയായ അവളെ കൈ വെക്കുന്ന പോലീസുകാരോടുള്ള പ്രതികാരം ബിരിയാണി ച്ചെമ്പിൽ തീർത്തതിൽ ഒരു പുതുമയുണ്ട്.. സാധാരണ ഗതിയിൽ ഇവൾ വല്ല സയനൈഡും കലക്കാൻ സാധ്യതയുണ്ടോ എന്നാണ് പ്രേക്ഷകൻ ആശങ്കപ്പെടുക.
ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതിന്റെ കൃത്യമായ ധാർമ്മികതയ്ക്കും സല്യൂട്ടടിച്ചു പോകും.
ധാരാളം പുരസ്കാരങ്ങൾ സിനിമയ്ക്ക് കിട്ടിയിട്ടുണ്ടെന്ന് തുടക്കത്തിൽ എഴുതി കാണിക്കുന്നത് നല്ലതാണ്. ഇല്ലെങ്കിൽ മുഴുവൻ കാണാൻ എല്ലാവർക്കും ഹൃദയ വിശാലത ഉണ്ടാകണമെന്നില്ല.
വളരെ തുറന്ന അഭിനയം കാഴ്ചവെച്ച കനി കുസൃതിക്ക് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചത്.
മുഹമ്മദ് ബിജിലിയെ അവതരിപ്പിച്ച സുർജിത് നന്മയുടെ പച്ചത്തുരുത്തായി നിലനിൽക്കുന്നു.
കേരളത്തിലെ മുസ്ലിങ്ങൾ അനുവർത്തിച്ചു വരുന്ന വിശ്വാസങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും വിമർശനം എന്ന രീതിയിലും സ്ത്രീയെ വെറും ചരക്കായി കാണുന്ന വിപണി കേന്ദ്രിത വ്യവസ്ഥിതിയുടെ വിമർശനം എന്ന രീതിയിലും ബിരിയാണിയുടെ രുചിയെ ചിലർ വിലയിരുത്തുന്നുണ്ട്.
എന്നാൽ ഇതെല്ലാം വെറും പറച്ചിലുകളാണ് എന്ന്
കഥാനായികയുടെ ആത്മഹത്യയിലവസാനിക്കുന്ന കഥാന്ത്യം തെളിയിക്കുന്നുണ്ട്
ഷാഹിന