..

..

...

ഭാഗ്യവാന്‍മാരും ചാരിറ്റിയുടെ ഗുണം അനുഭവിക്കുന്നില്ല. അതിന് ഒരാള്‍ നിര്‍ഭാഗ്യര്‍ക്കിടയിലെ ഭാഗ്യവാനായിത്തീരേണ്ടതുണ്ട്. അതിന് സിസ്റ്റത്തിലെ പ്രിവിലേയ്ജ്ഡ് ആയവരുടെ കണ്ണില്‍ പെടാന്‍ ഭാഗ്യം ചെയ്യേണ്ടതുണ്ട്.


നമ്മളൊക്കെ അറിയുന്ന ഓരോ ചാരിറ്റി കേയ്സുകള്‍ക്കും ഭീകരമായ അവസ്ഥയിലുള്ളവര്‍ അയാളുടെ പരിസരത്തുതന്നെ കാണും. ഏതാശുപത്രിയിലും കാണും അനാഥരായ അമ്മമാര്‍, ഉപേക്ഷിപ്പപ്പെട്ട കുഞ്ഞുങ്ങള്‍, മരുന്നിന് പണമില്ലാതെ നിശ്ശബ്ദരായി മരിക്കുന്നവര്‍. പലപ്പോഴും ആശുപത്രിയില്‍ പോലും എത്താന്‍ കഴിഞ്ഞിട്ടില്ലാത്തവര്‍. പക്ഷേ അവരില്‍ ചിലരുടെ കഥകള്‍ മാത്രം നമ്മുടെ മുന്നില്‍ എത്താന്‍ പ്രാപ്തിയുള്ളതായിത്തീരുന്നു. മുന്നില്‍ വന്നുനില്‍ക്കാന്‍ പ്രാപ്തിയുള്ള ഒരു പ്രശ്നം കൂട്ടത്തില്‍ ഏറ്റവും നിസ്സഹായമായ പ്രശ്നമായിരിക്കില്ല, മറിച്ച് ഏറ്റവും വിസിബിലിറ്റി ലഭിക്കാന്‍ ഭാഗ്യം ചെയ്ത പ്രശ്നമായിരിക്കും. ആ ഭാഗ്യത്തിന് കൊടുക്കേണ്ടുന്ന വില ആത്മാഭിമാനമാണ്. 


ചാരിറ്റി എല്ലായ്പ്പോഴും എത്തിച്ചേരുന്നത് നിര്‍ഭാഗ്യവാന്‍മാര്‍ക്കിടയിലെ ഭാഗ്യവാന്‍മാര്‍ക്കാണ്, അണ്‍പ്രിവിലേയ്ജ്ഡായവര്‍ക്കിടയിലെ പ്രിവിലേയ്ഡായവര്‍ക്കാണ്. ചാരിറ്റിയുടെ ഗുണഭോക്താവാവണമെങ്കില്‍ നിങ്ങളോ നിങ്ങളുടെ പ്രശ്നങ്ങളോ ഏതെങ്കിലും തരത്തില്‍ വിലപ്പനയോഗ്യം (sellable) ആയിരിക്കേണ്ടതുണ്ട്. 


അതുകൊണ്ടാണ് വാർത്താമൂല്യമുള്ള, കാഴ്ചാപ്രധാനമായ (spectacular), നാടകീയ ദുരന്തങ്ങളിലേക്ക് ചാരിറ്റി ഒഴുകുന്നത്. അടിസ്ഥാനപരമായി ചാരിറ്റി സ്വയം ഒരു സാദ്ധ്യതയെ കണ്ടെത്തുകയാണ്, ആ സാദ്ധ്യതയുടെ അരങ്ങിലെ അഭിനേതാവ് മാത്രമാണ് അതിന്റെ ഗുണഭോക്താവ്. ഇരയുടേ വാർത്താമൂല്യത്തിന്റെ കൂടെ ചാരിറ്റി ദാദാവും അയാളുടെ ബ്രാൻഡും പരസ്യപ്പെടുന്നു. താരതമ്യേന അതിനിസ്സാരമായ ബ്രാൻഡ് പരസ്യക്കൂലിയും ബോണസ്സായി ഉടമക്ക് കിട്ടുന്ന വ്യക്തിപരമായ ഇമേജ് നേട്ടവും. ആ നേട്ടത്തെ, ജനസമ്മതിയെ, പിന്നീട് സർക്കാരുമായിത്തന്നെയുള്ള വിലപേശലുകൾക്ക് ഉപയോഗിക്കാനുള്ള സാദ്ധ്യത വേറെയും. 


ദാരിദ്ര്യം ഡിഗ്നിറ്റിയെ തുലച്ചുകളയുന്ന അവസ്ഥയെ ഒരു ബിസിനസ് ഓപ്പര്‍ച്യുനിറ്റിയായി കണ്ട് അവിടെ താരതമ്യേന ചിലവുകുറഞ്ഞ മാര്‍ഗ്ഗത്തിലൂടെ ഹെജമണി സ്ഥാപിച്ചെടുക്കകയാ‌ണ്‌ ഓര്‍ഗനൈസ്ഡ് ചാരിറ്റി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഗുണഭോക്താവ് ഒരേസമയം തന്റെ സ്വകാര്യതയും ആത്മാഭിമാനവും പണയം വെക്കാന്‍ നിര്‍ബന്ധിതനാവുന്ന ഇരയായിത്തീരുന്നു. അതിജീവനം എന്ന അടിസ്ഥാനമൗലികാവകാശം അവന്റെ കയ്യില്‍നിന്ന് ഒരുവഴിക്ക് പിടിച്ചുവാങ്ങിയവര്‍ തന്നെ അവനത് ദയാപൂര്‍വ്വം തിരിച്ചുനല്‍കിയവരായി വാഴ്ത്തപ്പെടുന്നു. 


ആഗോളതലത്തില്‍ത്തന്നെ ചാരിറ്റി ഒരു സമ്പൂര്‍ണ്ണ പൊളിറ്റിക്കല്‍ ഇന്‍സ്റ്റിററ്റ്യൂഷനാണ്. ചാരിറ്റിയാണ് ഏറ്റവും റിട്ടേണ്‍ പ്രതീക്ഷിക്കപ്പെടുന്ന ഇന്‍വെസ്റ്റ്‌മെന്റ്. മൂലധനത്തിന് നേരിടേണ്ടിവരുന്ന രാഷ്ട്രീയപ്രതിരോധത്തെ നിര്‍വ്വീര്യമാക്കുക എന്നതാണ് രാഷ്ട്രീയദൌത്യം, കഴിഞ്ഞ നൂറ്റാണ്ടില്‍ മതം ചെയ്ത അതേ ഫങ്‌ഷന്‍. രാഷ്ട്രീയപ്രതിരോധത്തെ മറ്റുവഴികളില്‍ നേരിടാനുള്ള ഭീമമായ ചെലവും റിസ്കും ഒഴിവാക്കി ക്യാപ്പിറ്റലിന് നേരിട്ട് പ്രവേശിക്കാനുള്ള ഗ്രൌണ്‍ഡ് ക്ലിയര്‍ ചെയ്യുക. എന്‍ ജി ഓ എന്ന ഒരു വ്യവസായശാഖതന്നെയുണ്ട് അതിന്റെ താല്പര്യങ്ങള്‍ ഗ്രാസ് റൂട് ലെവലില്‍ നടപ്പിലാക്കാന്‍. രാഷ്ട്രീയമായ സംഘടിക്കല്‍ അവാവശ്യമാണെന്നും തങ്ങളുടെ 'ദയാപൂര്‍ണ്ണമായ' പ്രവര്‍ത്തനങ്ങള്‍ വഴി മാറ്റങ്ങള്‍ തങ്ങള്‍തന്നെ കൊണ്ടുവന്നോളാമെന്നുമാണ് അവരുടെ അഭിപ്രായം.


അനീതിയെയോ അതിന്റെ കാരണങ്ങളെയോ ഒരു തരത്തിലും സ്പര്‍ശിക്കാതെ അനീതിയുടെ അനിവാര്യമായ ഫലങ്ങളെ സെലക്റ്റീവായി അഡ്രസ് ചെയ്യുക. അനീതിയുടെ തിരഞ്ഞെടുക്കപ്പെട്ട ഇരകളെ ഗുണഭോക്താക്കളാക്കുകയോ എന്നെങ്കിലും ഗുണഭോക്താവാനുള്ള സാദ്ധ്യത നിരന്തരം ബാക്കിനിര്‍ത്തുകയോ ചെയ്തുകൊണ്ട് രാഷ്ട്രീയപ്രതിരോധത്തിന്റെ സാദ്ധ്യതകളെ ടോര്‍പിഡോ ചെയ്യുക. 


ഗുണഭോക്താക്കളെ ആയുഷ്കാലവിധേയത്വത്തിന് മാനസികമായും സാമൂഹികമായും വഴിപ്പെടുത്തുകവഴി രാഷ്ട്രീയമായ കുതറലുകളെ മുളയിലേ നുള്ളുക, തുടര്‍ച്ചകളെ വന്ധ്യംകരിക്കുക. ട്രിക്‍ളിങ് ഇഫക്റ്റ് എന്ന വിളിക്കുന്ന, വിഭവചൂഷണത്തിന്റെ നൈരന്തര്യം കൊണ്ട് മാത്രം നിലനില്‍ക്കുന്ന, ക്യാപ്പിറ്റലിസ്റ്റ് സാമൂഹ്യപ്രതിഭാസം സോഷ്യല്‍ വെല്‍ഫെയറിന്റെ അടിസ്ഥാനമാക്കി പ്രൊജക്റ്റ് ചെയ്യുക. സമാനമായ കളമൊരുക്കല്‍ കൊളോണിയലിസം ചെയ്തിരുന്നത് വന്‍ ചിലവും ആള്‍നാശവും ഉള്‍പ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു. എന്നുകൂടി ഓര്‍ക്കണം.


ചാരിറ്റി അധികാരത്തിന്റെ എന്നതിലുമുപരി ആധിപത്യത്തിന്റെ ടൂളാണ്. സ്റ്റേയ്റ്റ് ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ക്ക് നേരിട്ട് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സിവില്‍ സൊസൈറ്റികളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഉപയോഗിക്കപ്പെടുന്ന പല രാഷ്ട്രീയ ഉപകരണങ്ങളിലൊന്ന്. അതിനുള്ള സമ്മതി നിർമ്മിച്ചെടുക്കലാ‌ണ്‌ ചാരിറ്റിയുടെ റോള്‍.


ചാരിറ്റിപ്രവര്‍ത്തനം അധികാരത്തിന്റെ കോണ്‍ഫിഗറേഷനില്‍ വ്യത്യാസമുണ്ടാക്കുന്നില്ലെന്ന് മാത്രമല്ല അത് പവര്‍ സ്ട്രക്ചറിനെ സംരക്ഷിക്കുകയും ചെയ്യുന്നു. ചാരിറ്റി മാറ്റിയ പട്ടിണി ലോകത്തെവിടെയുമുണ്ടാകില്ല. പക്ഷേ രാഷ്ട്രീയപ്രവര്‍ത്തനം ലോകം മാറ്റുന്നു.


വീണ്ടും - തുല്യത ജനാധിപത്യസമൂഹത്തിൽ ഓരോ മനുഷ്യജീവിയുടേയും ജന്മാവകാശമാണ്, ആരുടേയും ഔദാര്യമല്ല. മനുഷ്യരുടെ അവകാശങ്ങൾക്കുവേണ്ടിയാ‌ണ്‌, അവർക്ക് നേടിക്കൊടുക്കാനുള്ള ഔദാര്യങ്ങൾക്കുവേണ്ടിയല്ല, അതിന്റെ മുകളിൽ നേട്ടങ്ങളുടെയും സംഭാവനകളുടെയും ബാദ്ധ്യതകൾ കെട്ടിവെക്കേണ്ടതില്ല രാഷ്ട്രീയപ്രവർത്തനം നടത്തേണ്ടത്. അതിൽ സ്റ്റേയ്റ്റ് പരാജയപ്പെടുമ്പോൾ അതിന്റെ ഇരകളെ, അവരുടെ സ്വകാര്യതകളുടെ മുഴുവൻ അതിർത്തികളും ലംഘിച്ച് വാർത്തയാക്കി അവരെ ചാരിറ്റി സംവിധാനത്തിന്റെ കാഴ്ചയിലേക്ക് എത്തിക്കലല്ല, മറിച്ച് ദാരിദ്ര്യം എന്നതിനെ ചൂഷണം എന്ന ഗ്രാൻഡ് നറേയ്റ്റീവിന്റെ ഫലമായിക്കണ്ട് അതിനെ അഭിമുഖീകരിക്കലാ‌ണ്‌, രാഷ്ട്രീയപ്രവർത്തനം. 


ദാരിദ്ര്യമല്ല, അതിനെ അഭിമുഖീകരിക്കുന്നതിൽ പരാജയപ്പെടുന്ന സംവിധാനമാണ് വാർത്ത.


© Deepak

Report Page