*/

*/

Source

തന്റെയും ഭാര്യയുടെയും തുച്ഛമായ സമ്പാദ്യത്തിൽ നിന്ന് രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്ത ജനാർദ്ദനനുമായി മാതൃഭൂമി ലേഖകൻ നടത്തിയ അഭിമുഖത്തിൽ നിന്ന്:

"ആഴ്ചയിൽ 3000-3500 ബീഡികൾ തെറുക്കും. ആയിരം രൂപയോളം കിട്ടും. സമ്പാദ്യം, ഭാര്യയുടെയും തന്റെയും ഗ്രാറ്റുവിറ്റി, ഒക്കെ ചേർന്ന തുകയായിരുന്നു ബാങ്കിലുണ്ടായിരുന്നത്. ആ തുകയിൽനിന്നാണ് രണ്ടുലക്ഷം വാക്സിൻ ചലഞ്ചിന്റെ ഭാഗമായി സി.എം.ഡി.ആർ.എഫിലേക്ക് സംഭാവന ചെയ്തത്."

"മുഖ്യമന്ത്രി ഒരു വാക്കു പറഞ്ഞിരുന്നു, വാക്സിൻ സൗജന്യമായി കൊടുക്കുമെന്ന്. കേന്ദ്ര സർക്കാർ വാക്സിന് വില നിശ്ചയിച്ചല്ലോ. അത് മൊത്തം ആലോചിച്ചു നോക്കുമ്പോൾ നമ്മുടെ കേരളത്തിന് താങ്ങാൻ പറ്റുന്നതിൽ അപ്പുറമാണ് ആ വില. യഥാർഥത്തിൽ മുഖ്യമന്ത്രിയെ കുടുക്കാൻ വേണ്ടീട്ട് ചെയ്തതായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്."

"ഞാനൊരു യഥാർഥ കമ്യൂണിസ്റ്റുകാരനാണ്. കമ്യൂണിസ്റ്റുകാരൻ എന്നു പറയുമ്പോൾ നൂറുശതമാനം കമ്യൂണിസ്റ്റ് ആയിട്ടില്ല. അമ്പതു ശതമാനമേ ആയിട്ടുള്ളൂ. ഒരു കമ്യൂണിസ്റ്റുകാരൻ എന്നു പറയുമ്പോൾ സ്വന്തം ജീവൻ തന്നെ പാർട്ടിക്കു വേണ്ടി ദാനം ചെയ്യണം എന്ന കാഴ്ചപ്പാടാണുള്ളത്. പക്ഷെ ഞാൻ ജീവനൊന്നും കൊടുത്തിട്ടില്ല. എനിക്ക് അതിനുള്ള സാഹചര്യം ഒന്നും ഉണ്ടായിട്ടില്ല. ജീവൻ കൊടുക്കാൻ വേണ്ടിയുള്ള അവസരം ഉണ്ടായാൽ ഞാൻ എന്റെ ജീവൻ പാർട്ടിക്കു വേണ്ടി കൊടുക്കും."

നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള ആളാണ് ജനാർദൻ. "ഞാൻ ഇപ്പോൾ സംസാരിക്കുന്നത് തന്നെ ഈ ഇയർ ഫോൺ ഉള്ളതുകൊണ്ടാണ്. ഇടതു ചെവി തീരെ കേൾക്കില്ല. വലതുചെവി രണ്ട് ഓപ്പറേഷൻ കഴിഞ്ഞതാണ്. പിന്നെ രണ്ടു വട്ടം ടി.ബി. വന്നു. കേരള സർക്കാരിന്റെ ചികിത്സയിലാണ് ഞാൻ രക്ഷപ്പെട്ടത്. അതിന്റെ ഒരു നന്ദി കൂടി സർക്കാരിനോടുണ്ട്."
~ ~ ~

എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ ഗവൺമന്റ്‌ ആ സാധുവിന്‌ അയാളുടെ സംഭാവന തിരിച്ചു നല്‌കുകയാണു വേണ്ടത്‌. വാക്സിൻ, അതിനു നല്‌കേണ്ട വില, അതു വിതരണം ചെയ്യുന്നതിലെ അതിഗുരുതരവും ക്രൂരവുമായ കൃത്യവിലോപവും ഉത്തരവാദിത്തമില്ലായ്മയും, ഇതിന്റെയെല്ലാം രാഷ്ട്രീയസാമ്പത്തികസാമൂഹികമാനങ്ങൾ ചർച്ചയാവുന്നതിനു പകരം അതിനെ വ്യക്ത്യധിഷ്ഠിതമാക്കി ചുരുക്കുകയും മോദിയും പിണറായിയും തമ്മിലുള്ള പോരായിട്ടോ കേന്ദ്രവും കേരളവും തമ്മിലുള്ള പോട്ടിയായിട്ടോ ഒക്കെ വ്യാഖ്യാനിക്കുകയും ചെയ്യുന്നതിന്റെ പരിണതിയാണ്‌ ഇത്‌. ഒരു പരമസാധാരണക്കാരന്‌, ബീഡിതെറുപ്പുകാരന്‌, താൻ പണിയെടുത്തുണ്ടാക്കിയ ജീവിതസമ്പാദ്യം തന്റെ ആവശ്യങ്ങൾക്കുപയോഗിക്കുന്നതിനെക്കാൾ, മുഖ്യമന്ത്രിക്കു വന്നുപെട്ട കുടുക്കിൽ നിന്നു രക്ഷിക്കാൻ സംഭാവന ചെയ്യുന്നതാണു നല്ലതെന്ന തോന്നൽ.

ഒപ്പം സ്വന്തം ജീവൻ തന്നെ പാർട്ടിക്കു സമർപ്പിക്കുന്നവനാണ്‌ നൂറുശതമാനം കമ്യൂണിസ്റ്റ്‌ എന്നെല്ലാമുള്ള അതിവാദങ്ങളിൽ നിന്ന് സാധുക്കളെ മോചിപ്പിക്കുകയും വേണം. നിങ്ങളെതിർക്കുന്ന തീവ്രദേശീയതയെ പോലെ തന്നെ അർത്ഥശൂന്യവും പരിഹാസ്യവുമായ ബോധ്യമാണ്‌ അങ്ങനെയൊന്ന്.

Report Page