*/

*/

Source

ജീവിതത്തിലെ വലിയൊരു സ്വപ്നം കൂടി യാഥാർഥ്യമായിരിക്കുകയാണ്.

ഒരു പൊതുപ്രവർത്തകനെ സംബന്ധിച്ചിടത്തോളം സമൂഹമാണ് എല്ലാം. വ്യക്തിജീവിതത്തിലെ സന്തോഷങ്ങളും ആഗ്രഹങ്ങളും പലപ്പോഴും നേർത്തുനേർത്ത് ഇല്ലാതാകും. സമൂഹത്തിന്റെ ആകുലതകളിൽ മനസ്സും ജീവിതവും കൊടുത്ത് ഉറ്റവർക്കുവേണ്ടി ജീവിക്കാൻ മറന്നുപോകുന്നവരുണ്ട് നമുക്കിടയിൽ.

പൊതുപ്രവർത്തകർക്ക് മുന്നിലുള്ള വലിയൊരു ചോദ്യം കൂടിയാണത്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് അക്കാര്യത്തിൽ ഒരു തിരിച്ചറിവുണ്ട്. സ്വകാര്യ ജീവിതത്തിൽ നമ്മൾ അഭിമുഖീകരിക്കേണ്ടതായ ജീവിതങ്ങളും അവരുടെ അവകാശങ്ങളും സന്തോഷങ്ങളും നമ്മുടെ വലിയ ഉത്തരവാദിത്തങ്ങൾ തന്നെയാണ് എന്ന് ഞാൻ ഇടക്കെപ്പോഴോ മനസ്സിലാക്കിയ സത്യമാണ്.

ദൈവതുല്യരായ മാതാപിതാക്കൾ, നല്ല പാതിയായ ഭാര്യ, കരളിന്റെ കഷ്ണങ്ങളായ മക്കൾ, രക്ത ബന്ധത്തിനാൽ വിളക്കിച്ചേർത്ത കൂടപ്പിറപ്പുകൾ എന്നിങ്ങനെ നമ്മുടെ ജീവിതത്തിൽ എപ്പോഴും താങ്ങും തണലുമാകുന്ന ഒരു പറ്റം ജീവിതങ്ങളുണ്ട്. പൊതു ജീവിതത്തിൽ നമ്മുടെ ഉയർച്ച താഴ്ചകൾക്കനുസരിച്ച നമ്മുടെ ചുറ്റിലുള്ളവരുടെ എണ്ണവും തരവും താല്പര്യങ്ങളും മാറിമറിയും. ചിലപ്പോൾ നമ്മൾ ഒറ്റക്കായിപ്പോവും. കൂടെയുണ്ടാകുമെന്ന് കരുതിയവരൊക്കെ വേറെ ചില്ലകളിലേക്ക് ചേക്കേറും. അതൊരു പ്രകൃതി രീതിയാണ്. അതങ്ങനെ തുടരും. നമുക്ക് പരിഭവിക്കാൻ വകയില്ല.

എന്നാൽ ഇല്ലായ്മകളിലും വല്ലായ്മകളിലും കൂട്ടായി എപ്പോഴുമുള്ളത് കുടുംബമാണ്. മനസ്സും ശരീരവും തളർന്ന് നിൽക്കവേ നമുക്ക് ചായാൻ തണൽ വൃക്ഷം കണക്കെ അവരുണ്ടാകും. ചിലപ്പോഴെങ്കിലും പൊതുജീവിതത്തിന്റെ ഊഷരതക്കിടയിൽ മരുഭൂമിയിൽ ഒറ്റപ്പെട്ട് ദാഹിച്ചവശരായതുപോലെ തളരുമ്പോൾ താങ്ങി നിൽക്കാനുള്ള മരുപ്പച്ചയായി കുടുംബം കാണും. ജരാനരകൾ ബാധിച്ചാലും, ശരിയോർമ്മകൾ നശിച്ചാലും അവർ നമ്മുടെ കൂടെയുണ്ടാകും. കുടുംബത്തെപോലെ നമ്മോടൊപ്പം ഒട്ടി നിൽക്കുന്നവരും ഉണ്ടാകും. എന്റെ അനുഭവത്തിലുമുണ്ട് അങ്ങനെ ചില സുകൃത സൗഹൃദങ്ങൾ എന്നത് പറയാതെ പോകുന്നത് നീതിയല്ല.

കോവിഡ് കാലത്ത് നിരന്തരം ഓർക്കുന്ന കാര്യങ്ങളാണിതൊക്കെ. ഇപ്പോൾ ഇങ്ങനെ ഒരു കുറിപ്പെഴുതാൻ കാരണം, എന്റെ മകൾ എം ബി ബി എസ് പഠനം പൂർത്തീകരിച്ചതാണ്. ഹഔസ് സർജൻസി കഴിഞ്ഞ് അവൾ വീട്ടിലെത്തി. ഒരച്ഛന്റെ കണ്ണ് നിറയുകയാണ്. സന്തോഷം- അഭിമാനം.

ചെറുപ്പത്തിൽ സ്‌കൂളിൽ കൊണ്ടുപോയ ആദ്യത്തെ സ്‌ളേറ്റ് ഓർമ്മയിലുണ്ട്. അയല്പക്കത്തെ കുട്ടിയുടെ പഴയ സ്ളേറ്റ്; പൊട്ടിയത്. സ്ളേറ്റിൽ എഴുതുന്ന ചോക്ക് പെന്സിലുകൾ മുറിഞ്ഞ പൊട്ടുകളാണ്. ആദ്യം ലഭിച്ച പാഠപുസ്തകത്തിന്റെ തുടക്കത്തിലെയും ഒടുക്കത്തിലെയും താളുകളുണ്ടാവില്ല. മണ്ണ് പുരണ്ടതും കുത്തിക്കുറിച്ചതുമായ പുസ്തകങ്ങൾ.

നാട്ടിക എസ് എൻ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കാൻ പോകുമ്പോൾ എലൈറ്റിലെ ടി ആർ രാഘവൻ തന്ന കാശ് ഉപയോഗിച്ച് തൈപ്പിച്ച ഷർട്ടും മുണ്ടുമാണ് അതുവരെ കിട്ടിയതിൽ വെച്ച് നല്ല വേഷം. അപ്പോഴും വീട്ടിൽ വൈദ്യുതിയില്ല.

പിന്നെ പഠനം രാഷ്ട്രീയമായിരുന്നു. മുഴുവൻ സമയ രാഷ്ട്രീയക്കാരനായ കാലം. കേസുകൾ, മർദ്ദനങ്ങൾ, പലരുടെയും സഹായം കൊണ്ടുള്ള യാത്രകൾ. വിശപ്പും അത് തീർക്കാനുള്ള പരിമിതമായ സാഹചര്യങ്ങളും. തൃശൂർ പാർട്ടി ആസ്ഥാനത്തെ മൂട്ട കടിയേറ്റുള്ള പാതി വെന്ത ഉറക്കങ്ങൾ. ആകെയുള്ള ഖദർ വസ്ത്രങ്ങൾ ചെളിയും പൊടിയും പിടിക്കുന്നതനുസരിച്ച് കുത്തിത്തിരുമ്പുന്ന കലാപരിപാടിയും ഉണ്ണിച്ചേട്ടന്റെ ഇസ്തിരിക്കടയിൽ കയറിയുള്ള തേപ്പും. വാറുണ്ണിയേട്ടന്റെ ചായക്കടയിൽ നിന്ന് ഇഡലിയും മുതിരയും പാലും വെള്ളവും കഴിച്ച് തുടങ്ങുന്ന നീണ്ട ദിവസങ്ങൾ. പാതിവഴിയിൽ പഠനം നിന്നുപോയതിൽ ഇന്നും എന്തെന്നില്ലാത്ത വേദനയാണ്.

മക്കൾ പഠിച്ചുയരുന്നത് കാണുമ്പോഴാണ് ആശ്വാസം. ഇപ്പോൾ ആൻസി ഡോക്ടറായി. ഈയവസരത്തിൽ ഏറ്റവും കൂടുതൽ കടപ്പാടുള്ള ചിലരുണ്ട്. മാതാ അമൃതാനന്ദ മയി. അമ്മയെ പോലെ സ്നേഹവും പരിഗണനയും നൽകിയാണ് എന്നും എന്നെ കണ്ടിട്ടുള്ളത്. അമൃത മെഡിക്കൽ ഇന്സ്ടിട്യൂട്ടിൽ അവരുടെ അഖിലേന്ത്യാ തല പ്രവേശന പരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ചപ്പോഴും വലിയ വലിയ വാത്സല്യം അമ്മ കാണിച്ചു.

സീറ്റ് ഉറപ്പാക്കിയെങ്കിലും വർഷാവർഷം മകളുടെ പഠനത്തിന് കെട്ടേണ്ട തുക എങ്ങനെ സങ്കടിപ്പിക്കുമെന്ന് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. മകൾക്ക് വന്ന അവസരം ഇല്ലാതാകുമോ എന്ന് സങ്കടപ്പെട്ട വേളയിൽ പ്രിയ നേതാവ് രമേശ് ചെന്നിത്തല അവളെ പഠിപ്പിച്ചോളാമെന്ന് പറഞ്ഞു. ഇതറിഞ്ഞപ്പോൾ പ്രിയ സ്നേഹിതൻ വി ഡി സതീശൻ വല്ലാതെ വികാരഭരിതനായി എന്റെ അടുത്ത് വന്നു. 'ആൻസി എന്റെ മൂത്ത മകളാണ്. അവൾക്ക് പഠിക്കാനുള്ളത് ഞാൻ നോക്കാം. എന്റെ ബാങ്ക് ചെക്ക് ഞാൻ തരികയാണ്' എന്ന് പറഞ്ഞു. ഈ സ്നേഹങ്ങൾക്ക് മുന്നിൽ എന്റെ ഉള്ളം പിടഞ്ഞു.

എന്നാൽ എന്റെ വീട്ടുകാര്യങ്ങളൊക്കെ സ്ഥിരമായി അന്വേഷിക്കുന്ന എന്റെ പ്രിയപ്പെട്ട ഇക്ക പദ്മശ്രീ യൂസഫലിക്ക ഇക്കാര്യം അറിഞ്ഞു. അദ്ദേഹം നാട്ടിൽ വരുമ്പോൾ ഒന്നിച്ചുള്ള അത്താഴം പതിവായിരുന്നു. അഷ്റഫലിയുമായുള്ള കൂട്ട് കുട്ടിക്കാലം മുതലുള്ളതാണ്. അവരുടെ സ്നേഹനിധിയായ ഉമ്മ വിളമ്പിത്തന്ന ചോറ് എത്രയോ തവണ കഴിച്ചിരിക്കുന്നു. സി എ റഷീദും ചിലപ്പോഴൊക്കെ സി ജി അജിത് കുമാറും അങ്ങനെ ഒരുമിച്ചുള്ള അത്താഴങ്ങളിൽ ഉണ്ടാകും. അങ്ങനെ ഒരു ദിവസം ആഷിഖിനെ പറ്റിയും ആൻസിയെ പറ്റിയും യൂസഫലിക്ക അന്വേഷിച്ചപ്പോഴാണ് വിവരങ്ങളറിയുന്നത്.

'ആൻസി എന്റെ മകളാണ്. അവളെ ഞാൻ പഠിപ്പിക്കും. നീ വിഷമിക്കണ്ട.' ഇക്കയുടെ എൻ ആർ ഐ അക്കൗണ്ടിൽ നിന്ന് കോളേജിലെ അക്കൗണ്ടിലേക്ക് ഫീസ് വന്നുകൊണ്ടിരുന്നു. ചെറുപ്പം മുതലേ യൂസഫലിക്കയും അഷ്റഫലിയും എന്നെ സ്വന്തം അനുജനെ പോലെയാണ് കരുതിയത്. ഇന്നും ആ വാത്സല്യം ഒരത്ഭുതമാണ്. സഹജീവി സ്നേഹം അവരുടെ മാതാപിതാക്കളും അവരിലും അവരുടെ ഏക സഹോദരിയിലും ഏറ്റവും പ്രകടമായ സവിശേഷതയാണ് ഞാൻ പറയേണ്ടതില്ലല്ലോ.

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ജീവിത മാർഗ്ഗം നൽകിയ ഒരു മഹാമനീഷി എന്റെ മകളെ പഠിപ്പിച്ചു എന്നത് ഒരിക്കലും മങ്ങാത്ത അഭിമാന മുദ്രയാണ്. ജാതി-മത-വർഗ്ഗ വ്യത്യാസങ്ങളുടെ വേലികളുയരാത്ത, സ്നേഹം മാത്രം നിറഞ്ഞ ഒരു മനുഷ്യ മനസ്സ്! അങ്ങനെ വേണം യൂസഫലിക്കയെ നിർവചിക്കാൻ. പടച്ചവൻ ആയുരാരോഗ്യങ്ങളോടെ ദീർഘായുസ്സ് നൽകി അദ്ദേഹത്തെ വാഴിക്കട്ടെ. ഈ പരിശുദ്ധ റമദാനിൽ അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രാർത്ഥനകൾ തന്നെ മതി ഒരു പുരുഷായുസ്സ് സഫലമാകാൻ.

ഓരോ തവണയും കോളേജിൽ നിന്ന് മെസേജ് വരുമ്പോൾ ഞാനത് ഹാരിസിനയക്കും. ഒട്ടും വൈകാതെ ഫീസ് അവിടെയെത്തും. ഒരിക്കൽ പോലും എനിക്ക് അതോർത്ത് ആധി കൂട്ടേണ്ടി വന്നില്ല. ആ ധൈര്യം ഒരു പക്ഷെ യൂസഫലിക്കാക്ക് മാത്രം നൽകാൻ പറ്റുന്നതായിരിക്കും. അതുപോലെ വിഷമഘട്ടത്തിൽ എന്നോട് അതിയായ സ്നേഹം കാണിച്ച രമേശ് ചെന്നിത്തലയോടും വി ഡി സതീശനോടും ഞാൻ നന്ദി പറഞ്ഞു.

എന്നിട്ടും രാഷ്ട്രീയ പ്രതിയോഗികൾ എന്റെ മകളുടെ എം ബീ ബി എസ് പഠനത്തെ ചൊല്ലി വിവാദങ്ങൾക്ക് ശ്രമിച്ചു. ഞാൻ കോഴ കൊടുത്താണ് സീറ്റ് തരപ്പെടുത്തിയതെന്ന് വ്യാജ വാർത്തകളുണ്ടാക്കി. അതൊന്നും ഞാൻ കാര്യമാക്കിയില്ല. എന്നെ സംബന്ധിച്ച്, വലിയ മനസ്സിനുടമകളായ ചിലരോട് എനിക്കൊരിക്കലും വീട്ടാനാവാത്ത കടപ്പാടുകളായി അവളുടെ പഠനം മാറുകയായിരുന്നു. അതുകൊണ്ട് എനിക്ക് ഒരു കാര്യം ഉറപ്പാണ്. അവൾ വെറുതെ ഒരു ഡോക്ടർ ആവില്ല. പാവങ്ങൾക്കും അശരണർക്കും സാന്ത്വനം നൽകുന്ന ഒരാളായി അവൾ മാറും. അത് അവളെ പഠിപ്പിച്ചവരുടെ സുകൃതഫലം കൂടിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

ഈ മഹാമാരിക്കാലത്തും സന്നദ്ധ സേവനത്തിന് അവൾ തയ്യാറാണ്. ഏത് വിഷമഘട്ടത്തിലും ആശ്വാസമാകുന്ന ഒരു മനസ്സ് അവൾക്കുണ്ടാകണമെന്നാണ് എന്റെ പ്രാർത്ഥന, അവളുടെ സാനിധ്യം തന്നെ സാന്ത്വനമാകുന്ന ഒരു നല്ല കാലമാണ് എന്റെ സ്വപ്നം.

Report Page