*/

*/

Source

മലയാളസിനിമ കണ്ട ഏറ്റവും മികച്ചൊരു Casting ആണ് ഗോഡ്ഫാദർ എന്ന സിനിമയിലെ എൻ എൻ.പിള്ളയുടേത്

ഗോഡ്ഫാദർ എന്ന സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് എൻ.എൻ.പിള്ള എന്ന നടൻ മലയാളത്തിൽ ആകെ അഭിനയിച്ച സിനിമകളുടെ എണ്ണം നാലാണ്..വെറും നാലേ നാല് സിനിമകൾ.

ഈ നാല് സിനിമകളും ബ്ലാക്ക് & വൈറ്റ് കാലഘട്ടത്തിൽ പുറത്തിറങ്ങിയ സിനിമകളാണ്

1954ൽ പുറത്തിറങ്ങിയ 'മനസ്സാക്ഷി' എന്ന സിനിമ

1962ൽ പുറത്തിറങ്ങിയ 'വേലുത്തമ്പി ദളവ' എന്ന സിനിമ

1972ൽ പുറത്തിറങ്ങിയ 'മനുഷ്യബന്ധങ്ങൾ' എന്ന സിനിമ

1973ൽ പുറത്തിറങ്ങിയ 'കാപാലിക' എന്ന സിനിമ

മലയാള സിനിമ,കളർ കാലഘട്ടത്തിലേക്ക് ചുവട് വച്ച സമയത്തൊന്നും അദ്ദേഹത്തെ കണി കാണാൻ പോലുമുള്ള യോഗം മലയാളസിനിമക്ക് ലഭിച്ചിട്ടില്ല

ഗോഡ്ഫാദറിന്റെ ചർച്ചകൾ വരുന്ന സമയത്ത് അദ്ദേഹം അഭിനയത്തിൽ സജീവമല്ലായിരുന്നു.ശാരീരിക അവശതകൾ മൂലം 1987ഓടെ തന്നെ എൻ എൻ.പിള്ള അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്നു.മാത്രമല്ല,ഗോഡ്ഫാദറിന്റെ ചർച്ചകൾ അരങ്ങ് വാഴുന്ന കാലത്ത് തന്റെ ഭാര്യ മരിച്ച ദുഃഖത്തിൽ കഴിയുകയായിരുന്നു എൻ.എൻ.പിള്ള.ഏതാണ്ട് 9 വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ച തന്റെ പ്രിയതമയുടെ വിയോഗം അദ്ദേഹത്തെ തെല്ലൊന്നുമല്ല തളർത്തിയത്.അതിന്റെ ആഘാതം അദ്ദേഹത്തെ കടുത്ത മദ്യപാനിയാക്കി.രാവും പകലും വീടിന്റെ മുകളിലെ നിലയിൽ ഇരുന്ന് തുടർച്ചയായി മദ്യപിക്കുകയായിരുന്നു അദ്ദേഹം അന്ന് ചെയ്ത് കൊണ്ടിരുന്നത്.ഭക്ഷണം പോലും യഥാസമയം അദ്ദേഹം കഴിക്കാറില്ലായിരുന്നു

ഗോഡ്ഫാദറിൽ അദ്ദേഹത്തെ അഭിനയിപ്പിക്കാമെന്ന ആശയം ആദ്യം മുന്നോട്ട് വയ്ക്കുന്നത് സംവിധായകൻ ലാലാണ്.അതിന് വേണ്ടി അവർ ആദ്യം ബന്ധപ്പെടുന്നത് അദ്ദേഹത്തിന്റെ മകനും നടനുമായ വിജയരാഘവനെയാണ്.സംഗതി അറിഞ്ഞതും വിജയരാഘവൻ പറഞ്ഞത് ഇത്തരമൊരു സാഹചര്യത്തിൽ അച്ഛൻ ഒരു സിനിമ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല എന്നായിരുന്നു.സിനിമയുടെ കഥയൊന്ന് കേട്ടു നോക്കൂ എന്നായി സിദ്ധിഖ്-ലാലുമാർ.അതിൻ പ്രകാരം വിജയരാഘവൻ കഥ മൊത്തം കേട്ടു.കഥ കേട്ടപ്പോൾ അദ്ദേഹത്തിന് വളരെയധികം ഇഷ്ടമായി.അച്ഛൻ ഈ സിനിമ ചെയ്യുമെന്നും അതിനായി താൻ പരിശ്രമിക്കാമെന്നുമുള്ള വിജയരാഘവന്റെ ഉറപ്പ്

ഏറെ ബദ്ധപ്പെട്ടാണ് എൻ.എൻ.പിള്ളയെ വിജയരാഘവൻ പറഞ്ഞു Convinc ചെയ്യിക്കുന്നത്

അങ്ങനെ കഥ പറയാൻ സിദ്ദിഖും ലാലുമടങ്ങുന്ന അണിയറ പ്രവർത്തകർ എൻ.എൻ.പിള്ളയുടെ വീട്ടിലേക്ക്

അന്ന് ഭയങ്കര മഴയുള്ള ദിവസമായിരുന്നു

വിജയരാഘവൻ അച്ഛനെ സമീപിച്ചു

"അച്ഛാ അവർ വരുന്നുണ്ട് ന്ന്"

"ആര്"?

"അന്ന് ഞാൻ പറഞ്ഞ സിനിമയില്ലേ..അതിന്റെ കഥ പറയാൻ സിദ്ധിഖും ലാലും"

"ഏത് സിനിമ"?

"അച്ഛൻ അന്ന് കഥ കേൾക്കാമെന്നേറ്റ സിനിമ..അവർ ഇങ്ങോട്ട് പുറപ്പെട്ട് കഴിഞ്ഞു"

"ഞാനെപ്പോ പറഞ്ഞു"?

അവർ(സിദ്ധിഖ്-ലാൽ)തന്റെ ഉറ്റ സുഹൃത്തുക്കളാണെന്നും കഥ പറയാൻ തുനിഞ്ഞിറങ്ങി വന്നിരിക്കുന്ന അവരെ കാണേണ്ട എന്ന് അച്ഛൻ തീരുമാനിച്ചാൽ അതിന്റെ ക്ഷീണം തനിക്കാണെന്ന് കൂടി വിജയരാഘവൻ കൂട്ടത്തിൽ പറഞ്ഞു വച്ചു

ഇത് കേട്ടതും ഒരു അത്യപൂർവ്വമായൊരു നിബന്ധന എൻ.എൻ.പിള്ള മുന്നോട്ട് വച്ചു

"സിനിമയുടെ കഥ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാൻ കൊള്ളില്ലെന്ന് തന്നെ പറയും".!!!

കാറിലായിരുന്നു സിദ്ധിഖും ലാലുമടങ്ങുന്ന അണിയറപ്രവർത്തകർ അദ്ദേഹത്തിന്റെ വീട്ടിലേക്ക് തിരിച്ചത്

പക്ഷേ മഴയുടെ അതികാഠിന്യം അവരെ തെല്ലൊന്നുമല്ല നിരാശ്ശരാക്കിയത്

അവർ സഞ്ചരിക്കുന്ന കാർ തെല്ലൊന്ന് നീങ്ങിയാൽ സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുമെന്ന അവസ്ഥയായിരുന്നു അന്ന്

അങ്ങനെ കാർ യാത്ര ഒഴിവാക്കി

ശേഷം..

മഴയിൽ നനഞ്ഞ്...നീന്തിക്കുളിച്ചാണ് സിദ്ധിഖ്-ലാൽമാർ അന്ന് എൻ.എൻ.പിള്ളയുടെ വീട്ടിലേക്ക് വരുന്നത്

എൻ.എൻ.പിള്ള കഥ കേൾക്കുന്നു

ആദ്യം വലിയ താല്പര്യം കാണിക്കാതിരുന്ന അദ്ദേഹം പോകെപ്പോകെ കഥയോട് വലിയ താൽപ്പര്യം കാണിക്കുന്നു

ഇടക്കിടെ ചിരിക്കുന്നു

ആ ചിരി വെറുമൊരു പരിഹാസച്ചിരിയല്ലെന്ന് സിദ്ധിഖിനും ലാലിനും പതിയെ മനസ്സിലാകുന്നു

ഒടുക്കം

കഥ മുഴുവനായും കേട്ടു കഴിഞ്ഞതും എൻ.എൻ.പിള്ള ചോദിച്ചത് ഒറ്റക്കാര്യം

"ഈ സിനിമയിൽ ഞാൻ തന്നെ അഭിനയിക്കണം എന്ന നിങ്ങൾക്ക് തോന്നാനുള്ള കാരണം?

സിദ്ധിഖിന്റെ മറുപടി

"ശാരീരികമായി ദുർബലൻ ആണെങ്കിൽ പോലും മക്കളെയെല്ലാവരെയും വരച്ച വരയിൽ നിർത്തുന്ന ശക്തനാണ് ഈ സിനിമയിലെ അഞ്ഞൂറാൻ എന്ന കഥാപാത്രം..ആരെയും കൂസാത്ത/ആരെയും ഭയമില്ലാത്ത/വച്ച കാൽ പുറകോട്ട് വയ്ക്കാത്തവനാണയാൾ..സാർ നാടകത്തിലൂടെ ഉണ്ടാക്കിയെടുത്ത ഈയൊരു ഇമേജ്‌,അത് ഞങ്ങൾക്ക് ഗുണം ചെയ്യും..ഈ സിനിമക്ക് വേണ്ടതും അത്തരം സ്വഭാവഗുണങ്ങളും സവിശേഷതകളുമുള്ള ഒരാളെ തന്നെയാണ്"

ആ മറുപടിയിൽ അദ്ദേഹം വീണു പോയി

ശേഷം അദ്ദേഹം ആ സിനിമയിൽ അഭിനയിച്ചതും 'ഗോഡ്ഫാദർ' എന്ന സിനിമ മലയാള സിനിമാഭൂമികയിലെ തന്നെ എണ്ണം പറഞ്ഞ വിജയചിത്രങ്ങളിൽ ഒന്നായി മാറിയതും ചരിത്രം

****

കാസ്റ്റിങ്ങിനെ കുറിച്ച് സംസാരിക്കുമ്പോൾ എനിക്ക് പേഴ്സണലി അത്ഭുതം തോന്നുന്ന മറ്റൊരു സംഗതി കൂടിയുണ്ട്.മുകേഷ്,ഭീമൻ രഘു,ഇന്നസെന്റ് എന്നിവരുടെ കാര്യം തൽക്കാലത്തേക്ക് മറക്കാം.തിലകനെ പോലൊരു Legendary Actorടെ അച്ഛനായി അഭിനയിക്കാൻ അക്കാലത്തെ മലയാള സിനിമയുടെ പരിതസ്ഥിതി അനുസരിച്ച് ഒരു നടനെ തിരഞ്ഞെടുക്കുക തന്നെ ഏറെ ദുഷ്കരം

അതിന് കാരണങ്ങൾ പലതാണ്

ഗോഡ്ഫാദർ എന്ന സിനിമ ഇറങ്ങുന്നതിന് തൊട്ട് മുൻപ് വരെ തിലകൻ എന്ന നടൻ അഭിനയിച്ചിരിക്കുന്ന വേഷങ്ങളിൽ ഏറിയ പങ്കും അച്ഛൻ കഥാപാത്രങ്ങളാണ്..ഇടക്ക് മുത്തച്ഛനായും അമ്മാവനായും ഹ്യൂമറിന്റെ അംശമുള്ള ചില കഥാപാത്രങ്ങളായും നെഗറ്റീവ് കഥാപാത്രങ്ങളായും വേഷമിട്ടെങ്കിൽ പോലും തിലകൻ എന്ന നടനെ ഈ സിനിമക്ക് മുൻപും പിൻപും ജനമധ്യത്തിൽ പ്രതിഷ്ഠിക്കുന്നതും അദ്ദേഹത്തിന്
ആബാലവൃദ്ധം ജനങ്ങൾക്കിടയിൽ ലബ്ദപ്രതിഷ്ഠ നേടിക്കൊടുക്കുന്നതിൽ
പ്രധാന പങ്ക് വഹിച്ചതും അദ്ദേഹത്തിന്റെ എണ്ണമറ്റ അച്ഛൻ കഥാപാത്രങ്ങളാണ്.അച്ഛൻ വേഷങ്ങളിൽ തിലകനെന്ന നടൻ ആടിത്തിമിർത്തപ്പോഴെല്ലാം മലയാള സിനിമയിൽ പിറന്നു വീണത് ഒത്തിരിയേറെ ക്ലാസ് കഥാപാത്രങ്ങൾ

#കിരീടം,#കുടുംബപുരാണം..ഇങ്ങനെ നിരവധി സിനിമകൾ

ഹൃദയസ്‌പർശിയായതും സീരിയസ് വേഷങ്ങളാലും ഇൻഡസ്ട്രിയിൽ നിറഞ്ഞു നിൽക്കുന്ന തിലകനെ പോലൊരു സീനിയർ നടന്റെ അച്ഛനായി വേറൊരാൾ അഭിനയിക്കുക എന്നത് തന്നെ വലിയൊരു ദൗത്യം.അതിന് വേണ്ടി സിനിമയിൽ സജീവമല്ലാത്ത/സിനിമക്ക് പുറത്തുള്ള ഒരാളെ തപ്പിപ്പിടിച്ചു കൊണ്ട് വരിക..അതും ടൈറ്റിൽ ക്യാരക്ടർ അവതരിപ്പിക്കാൻ വേണ്ടി..!!!

സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ ആണെങ്കിൽ അന്ന് മലയാളസിനിമയിൽ സജീവമായ മറ്റേതെങ്കിലും സീനിയർ നടനെ വച്ചും ഈ സിനിമ ചെയ്യാമായിരുന്നു..അങ്ങനെ ചെയ്താൽ പോലും ഒരുപക്ഷേ ഈ സിനിമ അന്ന് പുറത്തിറങ്ങുമായിരുന്നിരിക്കാം

പക്ഷേ..

സിനിമ,ഇന്ന് സമ്മാനിച്ചിരിക്കുന്ന Outputൽ കാതലായ വ്യത്യാസങ്ങൾ വന്നേനെ

മാത്രമല്ല,തിലകനെ പോലൊരു കരുത്തനായ നടന്റെ അച്ഛൻ വേഷത്തിൽ മറ്റൊരു നടൻ വന്നാൽ തന്നെയും അത് പ്രേക്ഷകരാൽ അംഗീകരിപ്പിച്ചെടുക്കുക എന്നൊരു Difficult Task കൂടി ഇതിന് പിറകിലുണ്ട്.അത് ലേശം പാളിപ്പോയാൽ സംഗതി മൊത്തം അവിടം കൊണ്ട് തീർന്നു

ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം നിസ്സാരമല്ല ആ വെല്ലുവിളി..അനായാസമല്ല ആ ദൗത്യം

ആ കടമ്പയാണ് എൻ.എൻ.പിള്ളയെന്ന മഹാരഥന്റെ കാസ്റ്റിങ് കൊണ്ട്/അഞ്ഞൂറാൻ എന്ന പാത്രനിർമിതി കൊണ്ട് സിദ്ധിഖ് ലാൽമാർ നിസ്സാരമായി മറികടന്നത്

**

സിനിമയുടെ തുടക്കത്തിൽ തിലകന്റെ കഥാപാത്രത്തിനെ അഞ്ഞൂറാൻ ഫോണിൽ വിളിക്കുന്ന സീൻ എല്ലാവരും ശ്രദ്ധിച്ചു കാണും.ഓഫീസിൽ ഇരുന്ന് ഫയൽ പരിശോധിക്കുന്നതിനിടയിലാണ് തിലകന്റെ കഥാപാത്രത്തിന് അഞ്ഞൂറാന്റെ ഫോൺ വരുന്നത്.മറുതലക്കൽ അച്ഛനാണെന്ന് അറിഞ്ഞയുടൻ അയാളുടെ ശരീരഭാഷ മൊത്തത്തിൽ മാറിമറിയുകയാണ്..ഇരിക്കുന്നിടത്ത് അയാൾ അറിയാതെ എഴുന്നേറ്റ് പോവുന്നു,അതും ഫോൺ കയ്യിൽ പിടിച്ചു കൊണ്ട്.അച്ഛനോടുള്ള ആ കഥാപാത്രത്തിന്റെ ഭയഭക്തി ബഹുമാനം ഈയൊരൊറ്റ ഷോട്ടിൽ പ്രകടമാണ്

മുകേഷിന്റെ ഇൻട്രോ ഇതിലും രസകരമാണ്

അലസനായി സിഗരറ്റ് വലിച്ച് കൊണ്ട് കോളേജ് ഹോസ്റ്റലിൽ അച്ഛന്റെ ഫോണെടുക്കാൻ വരുന്ന മുകേഷ്..അച്ഛന്റ ശബ്ദം ഫോണിന്റെ മറുതലക്കൽ കേട്ടയുടൻ പരിസരം മറന്ന് അയാൾ സിഗരറ്റിന്റെ പുക തല്ലിക്കെടുത്തുന്നു..അറിയാതെ എഴുന്നേറ്റു പോകുന്നു

എല്ലാം ചെറിയ നമ്പറുകളാണ്

പക്ഷേ അത് തീയേറ്ററിൽ സൃഷ്ടിച്ച impact വളരെ വലുതും ശക്തവുമാണ്

ശാരീരികമായി ദുർബലൻ ആണെന്ന് പുറമേക്ക് തോന്നിപ്പിക്കുമെങ്കിലും ഉള്ളു കൊണ്ട് കരുത്തനാണ് അഞ്ഞൂറാൻ എന്ന കഥാപാത്രം..അയാളുടെ കരുത്ത്/അയാളുടെ റേഞ്ച് ഒരേ സമയം അയാളിലൂടെയും അയാളുടെ മക്കളുടെ ശരീരഭാഷയിലൂടെയും പ്രേക്ഷകരിലേക്ക് കുത്തിവച്ച ബ്രില്യന്റ് പ്രോസസ്സ് ആണ് സിനിമയിലുടനീളം നടന്നിരിക്കുന്നത്

ലളിതമായി പറഞ്ഞാൽ,മക്കൾ ഓരോരുത്തരും അവരുടെ ശരീരഭാഷയിൽ പുലർത്തുന്ന ഭക്തിയും ബഹുമാനവുമാണ് അഞ്ഞൂറാന്റെ ഗ്രാവിറ്റി

***

സിനിമ കണ്ട/സിനിമ കാണുന്ന
സാധാരണ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം അന്നും ഇന്നും എൻ.എൻ.പിള്ള എന്ന വ്യക്തി മലയാള നാടകവേദിയിലെ മുടിചൂടാമന്നനല്ല..

28 നാടകങ്ങളുടെയും 21 ഏകാംഗനാടകങ്ങളുടെയും രചയിതാവല്ല..

മലയാള നാടകവേദിക്ക് സമഗ്രസംഭാവനകൾ നൽകിയ 'വിശ്വകേരള കലാസമിതി' എന്ന ട്രൂപ്പിന്റെ സ്ഥാപകനല്ല..

മലയാളഭാഷയിൽ,ഇന്നോളം പുറത്തിറങ്ങിയ എണ്ണം പറഞ്ഞ ആത്മകഥകളിൽ ഒന്നായ 'ഞാൻ' ന്റെ രചയിതാവല്ല

അവർക്ക് അയാൾ അഞ്ഞൂറാൻ മാത്രമാണ്..രാമഭദ്രനേയും പ്രേമചന്ദ്രനേയും ബാലരാമനേയും സ്വാമിനാഥനേയുമെല്ലാം നിലക്ക് നിർത്തുന്ന തന്റേടിയും കരുത്തനുമായ അച്ഛൻ

അത് തന്നെയാണ് എൻ.എൻ.പിള്ള എന്ന നടന്റെയും അഞ്ഞൂറാൻ എന്ന കഥാപാത്രത്തിന്റെയും വിജയം

സിദ്ധിഖ്-ലാൽമാരുടെ ആ തിരഞ്ഞെടുപ്പിനാണ് അന്നും ഇന്നും അറിഞ്ഞോ അറിയാതെയോ നാമോരോരുത്തരും കയ്യടിച്ചു പോകുന്നത്

❤️

#M3db_Waynz

Report Page