*/

*/

Source

തൃശൂർ ജില്ലയിലെ വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് - 79.41 %. നൂറു പേരിൽ എൺപത് ആളുകൾക്ക്. സംസ്ഥാനത്ത് തന്നെ കൂടിയ നിരക്കായിരിക്കണം. ഇനി പല ജില്ലകളിലും പലയിടത്തും പ്രതീക്ഷിക്കാവുന്നത്.

തൃശൂർ കോർപ്പറേഷനിലെ തന്നെ അഞ്ച് ഡിവിഷനുകൾ ഇന്നലെ മുതൽ ക്രിട്ടിക്കൽ/ മൈക്രോ കണ്ടെയ്ൻമെൻ്റ് സോണുകളായിട്ടുണ്ട്.- 50 % നു മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഈ ജില്ലയിൽ നാലുനാൾ കഴിഞ്ഞ് "നടക്കേണ്ട " പൂരത്തെക്കുറിച്ച് ആലോചിക്കുന്ന, അതിനായി ഇളവുകൾ വേണമെന്ന് മോങ്ങുന്ന അതിപ്രാകൃതരായ ഒരു കൂട്ടം ജീവികൾ.

അതിഗുരുതരമായ വ്യാപനത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തെ മുൻനിർത്തി നടപടികൾ പറയുന്ന ജില്ലാ ഭരണകൂടം അവർക്ക് പൂരത്തിൻ്റെ 'അട്ടിമറി സംഘ'മാണ്. ചുമതലാബോധത്തോടെ ഈ കാലയളവിൽ ജില്ലയിലെ ആരോഗ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന ഡി.എം.ഒ അട്ടിമറി സംഘത്തിൻ്റെ നേതാവും !

36 മണിക്കൂർ നേരം. രാവിലെയുള്ള അമ്പലങ്ങളിലെ പറ നിറയ്ക്കൽ, ഘടകപൂരങ്ങളുടെ വരവ് ഇങ്ങനെ ഒരേ സമയത്ത് പലയിടങ്ങളിലായി രൂപപ്പെടുന്ന പല ജനക്കൂട്ടങ്ങൾ എന്ന സങ്കീർണ്ണഘടനയാണ് തൃശുർ പൂരത്തിന് . ഇതെല്ലാം കൂടി അവസാനം കേന്ദ്രീകരിക്കുന്ന കുടമാറ്റം. എങ്ങനെയാണ് ഇവിടെ ജനങ്ങളെ നിയന്ത്രിക്കുക?

പാസു വിതരണം നാളെത്തുടങ്ങുകയാണ്. അതുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വലിയ സംഘർഷങ്ങൾ പൊലിസിനും മറ്റു ദ്യോഗസ്ഥർക്കും കൈകാര്യം ചെയ്യേണ്ടി വരും.

പൂരത്തിൻ്റെ ജനസഞ്ചയം എന്നതിൽ ടെസ്റ്റും നെറ്റു പാസും ദേവസ്വ ചീട്ടും ഒക്കെയായി വരുന്ന തറവാടി പൂരപ്രേമികളുടെ എണ്ണം തുച്ഛമാണ്. നാട്ടുകാരായ സാധാരണക്കാരുടെ കേട്ടും കൂട്ടുകൂടിയും എത്തുന്ന പുറം നാട്ടുകാരുടെ കച്ചവടക്കാരുടെ ഒക്കെയാണ് അന്നത്തെ പൂരപ്പറമ്പ്. ഈ നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ചൊന്നുമറിയാതെ എത്തുന്ന സ്വരാജ് റൗണ്ടിലേക്കു കയറാനാകാതെ തിക്കിത്തിരക്കുന്ന ആൺകൂട്ടങ്ങളുണ്ടാവും നഗര വഴികൾ മുഴുവനും.

പല പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന കണിമംഗലം പൂരം നടത്താനായി എത്തുന്ന ആറാമ്പ്രാൻ ആയി സ്വയം തോന്നുന്ന മാനസികാവസ്ഥയായിരിക്കും എല്ലാവരുടെയും ഉള്ളിൽ.

ആചാരം മാത്രമായി പൂരം നടത്താമെന്ന് കഴിഞ്ഞ കൊല്ലവും അതിനു മുമ്പുള്ള ചരിത്രത്തിലും നാം കണ്ടിട്ടുള്ളതാണ്. ഇന്നത്തെ അടിയന്തര സാഹചര്യത്തിലും അതു മതി എന്ന ഉറച്ച തീരുമാനം ഉണ്ടാവണം.

ആത്യന്തികമായി അത് രണ്ട് ഭഗവതിമാർ തമ്മിലുള്ള വാർഷിക ഇടപാടാണ്. ദേശക്കാരുടെ ആയുസിൽ പെൺ ദൈവങ്ങൾ കലിപ്പു കാണിക്കില്ല ഈ കൊറോണക്കാലത്ത് !

Report Page