*/

*/

Source

#അരപ്പട്ടകെട്ടിയഗ്രാമത്തിൽ (1986)

മാളുവമ്മയുടെ പിടിയിൽ നിന്നും രക്ഷപെട്ടുവെന്നുറപ്പിച്ച് ആശ്വാസത്തോടെയും, ഹിലാൽ തനിക്ക് വാഗ്ദാനം ചെയ്ത പുതുജീവിതത്തെ മുൻനോക്കി ആഹ്ലാദത്തോടെയും അക്കരയ്ക്ക് കുതിക്കുന്ന ഗൗരിക്കുട്ടിയെയും ഒപ്പം ഹിലാലിനെയും കാത്ത് വേട്ടപ്പട്ടികളെപ്പോലെ ആ മേടമാസച്ചൂടിൽ (വിഷുക്കാലം ഓർക്കുക) പൊള്ളുന്ന മണൽപ്പരപ്പിൽ ഭാസിയും, സുലൈമാനും...

മേൽപ്പറഞ്ഞ രംഗം മൂന്നരപ്പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു മലയാള സിനിമാസംവിധായകൻ തൻ്റെ മനസ്സിൽ ആദ്യം കണ്ടതും, അതൊരു മലയാള സിനിമാഛായാഗ്രാഹകൻ മികച്ച രീതിയിൽ പകർത്തിയിരിക്കുന്നതും വിസ്മയാദരങ്ങളോടു കൂടിയേ ഒരു ചലച്ചിത്രപ്രേമിക്ക് കാണാനാവൂ; അപ്രകാരം കാണുന്ന ഒരാളാകുന്നു ഈ ഞാനും.

'അരപ്പട്ട കെട്ടിയ ഗ്രാമ' ത്തിലെ സംഭവങ്ങൾ ഏതാണ്ട് 36 മണിക്കൂറുകൾക്കകം നടക്കുന്നവയാണ്. എൻ്റെ എളിയ അറിവിൽ, അത്രയും ചുരുങ്ങിയ കാലയളവിൽ നടക്കുന്ന കഥ ഒരു ചലച്ചിത്രമാക്കാമെന്ന് ഒരു പക്ഷെ ഭാരതത്തിൽ തന്നെ ആദ്യമായി കാണിച്ചു തന്ന സംവിധായൻ പത്മരാജനാകാം! ചലച്ചിത്രത്തിൻ്റെ കേന്ദ്രബിന്ദുവായി പ്രതിനായികാ സ്വഭാവമുള്ള ഒരു സ്ത്രീകഥാപാത്രത്തെ നിർമ്മിച്ചിരിക്കുന്നിടത്തും കാലത്തിനു മുൻപേ നടക്കുന്ന പത്മരാജൻ ശൈലി നമുക്ക് കാണാം. ഈ കഥാപാത്രം തൻ്റെ ബാല്യകാലത്തെ വിഷു ആഘോഷങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ അയവിറക്കുക്കുന്നിടത്തും, അവസാന രംഗങ്ങളിൽ തൻ്റെ പുത്രൻ്റ സുരക്ഷയെക്കുറിച്ച് ആകുലപ്പെടുന്നിടത്തും ഒരു നായികാ ഭാവവും മിന്നി മറയുന്നുണ്ട്.

" ഞാനും മാപ്പിളയാണ് " എന്നു പറയുന്ന ഹിലാലും, ഗൗരിക്കുട്ടിയെന്ന ധീരയായ പെൺകുട്ടിക്കുവേണ്ടി സ്വപ്രാണൻ ത്യജിക്കേണ്ടി വന്ന സക്കറിയയും, തൻ്റെ കാമുകിയുടെ ജട പിന്നിയിട്ട് ആഹ്ളാദം കൊള്ളുന്ന ഗോപിയും, ഗതികെട്ടവനായ ഭാസിയും എനിക്ക് പ്രിയപ്പെട്ടവർ തന്നെ. ഗൗരിക്കുട്ടിയുടെ കഥാപാത്രം മികച്ചതെങ്കിലും അതവതരിപ്പിച്ച അഭിനേത്രിയുടെ പ്രകടനം പകിട്ടു കുറഞ്ഞതായി എനിക്കനുഭവപ്പെട്ടു.

നിക്ഷിപ്ത താത്പര്യങ്ങൾ നേടിയെടുക്കുന്നതിനായി തത്പരകക്ഷികൾ, വ്യക്തികൾ തമ്മിൽ സമാനാശയങ്ങളാൽ രൂപപ്പെട്ടിട്ടുള്ള പാരസ്പര്യത്തെ ചൂഷണം ചെയ്യുന്നതെങ്ങിനെയെന്ന് ചലച്ചിത്രകാരൻ നമുക്ക് കാണിച്ചുതരുന്നു (ഇവിടെ രണ്ട് വ്യത്യസ്തമതവിഭാഗക്കാരുടെ നേതാക്കന്മാർ, ഗൗരിക്കുട്ടിയെന്ന കന്യകയെ കൈവശമാക്കാനും അതുവഴി അന്നാട്ടിൽ ആർക്കാണ് കൂടുതൽ ശക്തിയും അധികാരവുമെന്ന് തെളിയിക്കാനും അവരുടെ അനുയായികളെ ഉപയോഗിക്കുന്നു). സദാ ആക്രമണ-പ്രത്യാക്രമണങ്ങൾക്ക് കച്ച കെട്ടിയിരിക്കുന്ന മനുഷ്യർ ജീവിക്കുന്ന ഒരു ദേശത്തിന് 'അരപ്പട്ട കെട്ടിയ ഗ്രാമം' എന്നല്ലാതെ മറ്റെന്ത് പേര് ചൊല്ലി വിളിക്കാൻ!

പത്മരാജൻ്റെ മികച്ച ഒരു സൃഷ്ടി.

ഗുണപാഠം - വിഷുക്കണി കാണാനും, പടക്കം പൊട്ടിക്കാനും ഒരു അഭിസാരികാഗൃഹത്തോളം പറ്റിയ വേറൊരിടമില്ല.

Report Page