*/

*/

Source

ഇങ്ങനെ കൂടി നിൽക്കാതെ മരിച്ച ആൾക്ക് ഇത്തിരി ആശ്വാസം കൊടുക്കാ !!!
കുറച്ചു ശുദ്ധവായു കിട്ടിക്കോട്ടെ !!!

ആള് മരിച്ചെന്ന് വിചാരിച്ച് ആ വീട്ടിൽ ഓടിക്കൂടിയ നാട്ടുകാർ മുഴുവനും അയാളുടെ ഘനഗംഭീരമായ ശബ്ദം കേട്ട് ഭയഭക്തി ബഹുമാനത്തോടെ നിന്നു !!!

മരിച്ചയാൾക്ക് ശുദ്ധവായു കൊടുക്കാൻ പറഞ്ഞ മണ്ടത്തരവും കേട്ട് ,,,
മൂപ്പര് പറഞ്ഞത് ഒട്ടും ലോജിക് ഇല്ലാത്ത കാര്യമാണല്ലോ എന്ന് പോലും ചിന്തിക്കാൻ ആകാത്ത വിധത്തിൽ അവിടെ കൂടി നിൽക്കുന്നവരെ ലോക്ക് ചെയ്തു !!!

മുകളിൽ പറഞ്ഞത് പൊന്മുട്ടയിടുന്ന താറാവിലെ ഒരു സീൻ ,,,ആ സമയം ആ ഫ്രെയിമിൽ ഉള്ളത് മലയാളസിനിമയിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങൾ ആയ ,,,
ജഗതി ,,ഒടുവിൽ ,,,മാമുക്കോയ ,,,ഇന്നസെന്റ് ,,ഉർവശി ,,കെ പി എ സി ലളിത,,,ശ്രീനിവാസൻ ,,ഫിലോമിന മുതൽ പേർ !!!

പക്ഷേ ആ "ശുദ്ധവായു "കൊടുക്കാൻ പറയുന്ന ഒറ്റ ഡയലോഗ് കൊണ്ട് കൂടി നിൽക്കുന്ന എല്ലാവരെയും ഒരു സൈഡിലേക്ക് നിർത്തിക്കൊണ്ട് "ശങ്കരാടി" എന്ന മാന്ത്രികൻ സ്കോർ ചെയ്തു !!!

പല കല്യാണവീടുകളിലും മരണവീടുകളിലും നമ്മളിൽ പലരും കണ്ട് മറന്ന,,,ചാട്ടുളി പോലെ അഭിപ്രായങ്ങൾ പായിക്കുന്ന പല കാർന്നോന്മാരുടെയും മുഖം ശങ്കരാടി അവതരിപ്പിച്ച ആ കഥാപാത്രത്തിലൂടെ മിന്നിമാഞ്ഞു !!!കാലങ്ങൾക്ക് ശേഷവും എത്ര കണ്ടാലും മടുക്കാതെ ആസ്വദിക്കാൻ പറ്റുന്ന തരത്തിലാണ് ആ സീനിൽ അദ്ദേഹം "കരടിമാർക്ക് "വരച്ചിട്ടത് !!!!

അഭിനയം മെച്ചപ്പെടുത്തണം എന്ന ആഗ്രഹം തോന്നിയ അഭിനയമോഹമുള്ളവർക്കെല്ലാം ചെന്ന് കയറാൻ പറ്റിയ ഒരു സിംഹത്തിന്റെ മടയാണ് മൂപ്പരുടെ മട !!!

വിട പറഞ്ഞു പോയെങ്കിലും ഇവിടെ മൂപ്പര് അവശേഷിപ്പിച്ചു പോയ കുറെ കളിയരങ്ങുകൾ ഉണ്ട് ,,,ആടാൻ പകരക്കാരില്ലാത്ത തരത്തിൽ മൂപ്പര് നിറഞ്ഞാടിയ കളിയരങ്ങുകൾ !!!

"ശങ്കരാടി സർ "

പകരക്കാരില്ലാത്ത ആട്ടക്കാരൻ .........

മൂപ്പരുടെ ചില സീനുകൾ കാണുമ്പോൾ തോന്നുന്ന ഒരു പ്രധാനപ്പെട്ട കാര്യമുണ്ട് ,,,,,

ഒരു വിധം സ്ക്രിപ്റ്റിൽ എല്ലാം കഥാപാത്രങ്ങൾ പറയുന്ന ഡയലോഗ്ഉം കഥാപരിസരത്തിന്റെ വിവരണവും ഉണ്ടാകും ,,, അഭിനയിക്കുന്ന കഥാപാത്രങ്ങളിൽ ഒരാൾ ഡയലോഗ് പറയുമ്പോൾ തൊട്ടടുത്തുള്ള മറ്റ് കഥാപാത്രങ്ങൾ എന്ത് ചെയ്യണമെന്നത് മിക്കവാറും ഈ കഥാപരിസരവുമായി ബന്ധപ്പെട്ടതായിരിക്കും ....

അതുകൊണ്ട് തന്നെ സീനിൽ ഉള്ള ബാക്കി താരങ്ങളുടെ ചലനങ്ങൾ എപ്രകാരം ആയിരിക്കണമെന്നത് ആ കഥാപരിസരം അനുസരിച്ചുള്ളതായിരിക്കും ,,,സീനിന്റെ ഭംഗിക്ക് വേണ്ടി മിക്ക സംവിധായകരും ആ കാര്യങ്ങൾ അഭിനയിക്കുന്നവർക്ക് പറഞ്ഞ് കൊടുക്കുകയും അഭിനേതാക്കൾ അവരെ കൊണ്ട് കഴിയുന്ന തരത്തിൽ ആ സീനിന് പൂർണ്ണത വരുത്താൻ ശ്രമിക്കുകയും ചെയ്യും ......

അതിൽ ഇന്ന് വരെ കണ്ടതിൽ വച്ച് ശങ്കരാടി എന്ന നടന്റെ കാര്യമെടുത്താൽ അദ്ദേഹം അഭിനയിച്ച ഓരോ സീനുകളും എത്ര മാത്രം വിസ്മയിപ്പിക്കുന്നു എന്ന് മനസിലാക്കാം ,,അദ്ദേഹത്തെ പോലെ സ്ക്രീൻപ്രെസ്സെൻസ് ഉള്ള വേറെയും ഒരുപാട് നല്ല നടന്മാർ നമ്മുടെ മലയാളത്തിൽ ഉണ്ടെങ്കിലും മൂപ്പർക്ക് മാത്രം എന്തോ പ്രത്ത്യേകത തോന്നിയിട്ടുണ്ട് ,,,

അദ്ദേഹം അഭിനയിക്കുന്ന എല്ലാ സീനുകളും അത്രയേറെ നിറവുള്ളതായിരിക്കും ..........

അത്തരത്തിൽ അദ്ദേഹം നിറഞ്ഞാടിയ "നിറഞ്ഞ "സീനുകൾ ഉദാഹരണത്തിന് എടുക്കുക എന്നത് കഠിനമായ ഒരു മലകയറ്റം പോലെ ദുഷ്കരമാണെങ്കിലും മനസ്സിനെ അത്ഭുതപ്പെടുത്തിയ ചിലതുണ്ട് .................................

രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1974ൽ പുറത്തിറങ്ങിയ "നെല്ല് "എന്ന സിനിമയിൽ ഒരു സീനുണ്ട് ,,,,

സിനിമയുടെ തുടക്കത്തിൽ കാണിക്കുന്നത് വയനാട്ടിലെ പാപനാശിനിയിൽ അമ്മയുടെ ചിതാഭസ്‌മം ഒഴുക്കി കർമ്മം ചെയ്യാൻ വരുന്ന രാഘവൻ നായർ (പ്രേംനസിർ )എന്ന മനുഷ്യനെയാണ് ,,,പാപനാശിനിയിൽ ചിതാഭസ്‌മം ഒഴുക്കിയപ്പോഴേക്കും സമയം ഇരുട്ടാകുന്നു ,,,രാത്രിയായാൽ കാട്ടിലൂടെയുള്ള തിരിച്ചുപോക്ക് ദുർഘടം പിടിച്ചതാണെന്ന് വിചാരിച്ച രാഘവൻ നായർ അവിടത്തെ അമ്പലനടയിൽ രാത്രി അന്തിയുറങ്ങാൻ തീരുമാനിക്കുന്നു ,,,

പക്ഷെ ആ സമയത്ത് ആ അമ്പലമുറ്റത്തേക്ക് കടന്ന് വരുന്ന "ദാമോദര വാരിയർ "(ശങ്കരാടി )രാഘവൻ നായരെ പരിചയപ്പെടുകയും അദ്ദേഹം സ്വന്തം നാട്ടുകാരൻ കൂടി ആണെന്നറിയുന്നതോടെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു ...അങ്ങനെ ആ രാത്രി അദ്ദേഹം ദാമോദര വാരിയരുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് അമ്പലത്തിനടുത്തുള്ള അവരുടെ വീട്ടിലേക്ക് പോകുന്നു .........

വീട്ടിലേക്കുള്ള നടത്തത്തിനിടയിൽ താൻ വയനാട്ടിലേക്ക് കുടിയേറിയിട്ട് വർഷങ്ങൾ ആയെന്നും ഇവിടെ തന്റെ മരുമോൾക്ക് ഒരു സഹായത്തിന് വന്നതാണെന്നും പറയുന്നു ,,,മരുമോളുടെ ഭർത്താവ് മരിച്ചതിന് ശേഷം മരുമോളെയും മകളെയും തനിച്ചാക്കി പോകാൻ മനസ്സ് വരാത്തതുകൊണ്ട് ഇവിടെ തന്നെ കൂടി എന്നും പറയുന്നു ......

വീടെത്തുന്നത് വരെയുള്ള ഈ സംസാരത്തിന് വല്ലാത്തൊരു ഭംഗിയാണ് ...
വീട്ടിലേക്ക് ആയത്തിൽ നടക്കുമ്പോഴും ആ നടത്തത്തിന്റെ താളത്തിനൊത്ത് തന്റെ നാട്ടോർമ്മകൾ ഒരൊഴുക്കിലങ്ങട്ട് പറഞ്ഞോണ്ട് നടക്കുന്ന ദാമോദരവാര്യർ ആ സീനിന് കൊടുക്കുന്ന ഭംഗി അസാധ്യമാണ് !!!

ഒടുവിൽ നടന്ന് ചെന്ന് വീടിന്റെ ഉമ്മറത്ത് ചെന്ന് കയറി രാഘവൻ നായരെ പെങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുമ്പോൾ ആസ്മയുടെ വലിവ് കാരണം സംസാരിക്കാൻ ബുദ്ദിമുട്ടുന്ന ശങ്കരാടിയെ കാണാം !!!ശരിക്കും രാത്രിയിലെ വയനാടൻ തണുപ്പേറ്റ് ശ്വാസം പോലും ശരിക്കെടുക്കാൻ കഴിയാത്ത ആ അവസ്ഥ എത്ര ഭംഗിയായിട്ടാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത് എന്ന് കാണാം !!!!

കൂടെയുള്ള നസിർന്റെയും കവിയൂർ പൊന്നമ്മയുടെയും കഥാപാത്രങ്ങളെയൊന്നും ശ്രദ്ദിക്കാൻ തോന്നാത്ത വിധത്തിൽ ആ സീനുകൾക്ക് ഒരു പൂർണ്ണതയുണ്ടായിരുന്നു ........

നല്ലൊരു സദ്യ ഇല വടിച്ചു കഴിച്ച ഒരു സംതൃപ്തി പ്രേക്ഷകന് കിട്ടുന്ന തരത്തിൽ പൂർണ്ണമായി തോന്നിയ ശങ്കരാടി സീനുകളിൽ അടുത്തത് ഒരെണ്ണം എടുത്താൽ ,,,,

അത് 1990ൽ ഭരതൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ "താഴ്‌വാരം "സിനിമയിലെ ഒരു സീൻ എടുക്കാം ,,,

രാജുവിനെ അന്വേഷിച്ചു വരുന്ന മോഹൻലാൽന്റെ ബാലൻ എന്ന കഥാപാത്രം വന്ന് കേറുന്നത് ശങ്കരാടിയുടെ വീട്ടില് ആണ് ,,,

ബാലൻ ആ വീടിന്റെ തിണ്ണയിൽ ഇരിക്കുന്നു ...
മുറ്റത്തെ തൊഴുത്തിലിരുന്ന് സുമലതയുടെ കഥാപാത്രം പശുവിനെ കറക്കുന്നു ...മുറ്റത്തൂടെയും വീടിന്റെ ഉമ്മറത്തൂടെയും സ്വൈരവിഹാരം നടത്തുന്ന കോഴികളും ആടുകളും .....
വളരെ ഭംഗിയേറിയ ഒരു ഫ്രെയിം !!!

ആാാ ഫ്രെയിമിലേക്ക് ശങ്കരാടി കടന്ന് വരുമ്പോൾ ഒരഴകുണ്ട് !!!
ഒരുപക്ഷെ ആ സീൻ ശ്രദ്ദിച്ചാൽ മനസ്സിലാകും നമ്മൾ കണ്ട് മറന്ന പല സൂപ്പർസ്റ്റാർ ഇൻട്രോയെക്കാളും ഭംഗിയുണ്ടായിരുന്നു അതിനെന്ന് !!!

മുറ്റത്തൂടെ നീട്ടിയൊരു തുപ്പും തുപ്പി ഉമ്മറത്തേ തിണ്ണയിൽ ഇരിക്കാൻ വരുന്ന ശങ്കരാടി ,,,ഉമ്മറത്ത് കേറിപറ്റിയ കോഴികളെ ഒരു നാട്ടിൻപുറത്തുകാരൻ കാർന്നോരുടെ സ്വതസിദ്ധമായ ശൈലിയിൽ ആട്ടുന്നു ,,,
അതോടൊപ്പം ബാലന്റെ അടുത്ത് തിണ്ണയിൽ ഇരിക്കുന്നു ,,,ബാലനെ ശ്രദ്ദിക്കാതെ (മുഖത്ത് നോക്കാതെ )തൊട്ടപ്പുറത്തിരിക്കുന്ന മുറുക്കാൻ പെട്ടി തുറന്ന് ഒന്ന് മുറുക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നു ,,,
ഒപ്പം ബാലനോടുള്ള ഈണത്തിലുള്ള കൊച്ചുവാർത്തമാനങ്ങളും !!!

പ്രതികാരദാഹവുമായി ആ മുറ്റത്തെത്തിയ ബാലനെയും ബാലന്റെ വികാരങ്ങളെയും കുറച്ചു സമയത്തേക്ക് ശങ്കരാടി അവതരിപ്പിച്ച "നാണു "എന്ന കഥാപാത്രം കാണാമറയത്തേക്ക് തള്ളിയിട്ടു !!!

മുപ്പത് വർഷം നീളുന്ന "ചന്ദ്രശേഖരമേനോൻ" എന്ന "ശങ്കരാടിയുടെ" സീനുകളുടെ കയ്യടക്കത്തിന്റെ വിവരണം കേവലം ഒന്നോ രണ്ടോ സീനുകൾ കൊണ്ട് ഒതുങ്ങുന്നതല്ല ,,,പക്ഷേങ്കില് ഓർമ്മ വച്ചത് മുതൽ ,,,സിനിമ ജീവിതത്തിന്റെ ഒരു ഭാഗമാക്കി ആസ്വദിക്കാൻ തുടങ്ങിയത് മുതൽ ,,,മനസ്സിൽ സിനിമ എന്ന ആഗ്രഹം കയറിക്കൂടിയത് മുതൽ എന്നേ അത്ഭുതപ്പെടുത്തിയവരുടെ കൂട്ടത്തിൽ ഈ "മുതൽ" മുൻനിരയിൽ ആണ് ......

താളവട്ടം സിനിമയിൽ ,,,
മനോരോഗാശുപത്രിയിൽ വച്ച് തന്റെ തറവാട്ട് വിശേഷങ്ങൾ കൂടെയുള്ള മറ്റ് രോഗികളുമായി പങ്ക് വയ്ക്കുന്ന സീൻ !!!l

മിഥുനം സിനിമയിലെ കർക്കശക്കാരനായ അമ്മാവന്റെ സീൻ !!!

റാംജി റാവു സ്‌പീക്കിങ് സിനിമയിലെ രേഖയോടൊപ്പമുള്ള ആ കടപ്പുറം സീൻ !!!

"കാബൂളിവാല"യിലെ ചായക്കടക്കാരന്റെ സീൻ !!!

"പപ്പയുടെ സ്വന്തം അപ്പൂസിലെ" സീനുകൾ !!!

"സന്ദേശത്തി"ലെ താത്വികാചാര്യന്റെ സീനുകൾ !!!

"വിയറ്റ്നാം കോളനിയി"ലെ ചങ്ങലയിൽ തളച്ച ഭ്രാന്തന്റെ സീനുകൾ !!!

ഗോഡ്ഫാദർ സിനിമയിലെ ആ സിഗരറ്റ് ചുണ്ടിൽ വച്ചുള്ള സീനുകൾ !!!

"ഗോളാന്തരവാർത്ത"യിലെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ന്റെ സീനുകൾ !!!

അതങ്ങനെ കിടക്കുകയാണ് !!! അനന്തമായ,,,

എണ്ണിയാൽ ഒടുങ്ങാത്ത തിരകളെ പോലെ !!!

ഒന്ന് മാത്രം അറിയാം ......
സംവിധായകന്റെയും കണ്ടിരിക്കുന്നവരുടെയും മനസ്സ് നിറയ്ക്കുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ "കരടിമാർക്ക് "പ്രകടനം ഏതൊക്കെ സമയത്ത് കണ്ടിട്ടുണ്ടോ അപ്പോഴൊക്കെ നല്ല ഒന്നാന്തരം വിഭവസമൃദ്ധമായ സദ്യ കഴിച്ച അനുഭൂതിയാണ് ......

Report Page