*/

*/

Source

#സദയം (1992)

ഹൃദയത്തിന്റെ ഏറ്റവും മൃദുലമായ ഭാഗത്ത് മൂർച്ചയില്ലാത്ത, തുരുമ്പു പിടിച്ച ഇരുമ്പു കത്തികൊണ്ട് ഒരു കീറൽ. സദാ രക്തം കിനിയുന്ന ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവ്.

അതാണെനിക്ക് 'സദയം' എന്ന മലയാളചലച്ചിത്രം!

എം. ടി. വാസുദേവൻ നായർ രചിച്ച തിരക്കഥകളിൽ, ഞാൻ ഒരേ സമയം ഏറ്റവും ഇഷ്ടപ്പെടുന്നതും വെറുക്കുന്നതുമായ ഒന്ന്. ഓരോ തവണയും ഈ സിനിമ കണ്ടതിനുശേഷം എന്നിൽ ഉറഞ്ഞുകൂടുന്നതിലുമധികം വിഷാദം സൃഷ്ടിക്കാൻ മറ്റൊരു സിനിമാക്കാഴ്ചയ്ക്കും ഇന്നോളം സാധിച്ചിട്ടില്ല.

വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് ഒരേകാന്ത തടവറയിൽ അടയ്ക്കപ്പെടുന്ന സത്യനാഥന്റെ കാഴ്ചകളിലൂടെയാണ് ചലച്ചിത്രം ആരംഭിക്കുന്നത്. അൽപ്പസമയത്തിനകം തന്നെ അയാളുടെ ഓർമ്മളിലൂടെ കഥയുടെ വികാസം ആരംഭിക്കുന്നു.

അഭിസാരികയായ ഒരുവൾക്ക് ജനിച്ചുവെന്നതിനാൽ, ജന്മനാൽ തന്നെ വെറുക്കപ്പെട്ടവനാണ് സത്യനാഥൻ. ഒരു കളിക്കൂട്ടത്തിലും ചേർക്കപ്പെടാത്ത ഒരു ബാല്യം. ഫാദർ ഡൊമിനിക്കിന്റെ സംരക്ഷണത്തിലാണ് ഒരു പ്രായത്തിനു ശേഷം സത്യനാഥന്റെ ജീവിതം. ഫാദർ ഡൊമിനിക് സത്യനാഥനെ കണ്ടെത്തുന്ന രംഗങ്ങളിൽ തന്നെ, അവന്റെ ഉള്ളിൽ വളർന്നു തുടങ്ങിയിരുന്ന ആക്രമണോത്സുകമായ പ്രതിഷേധമാനസികാവസ്ഥ നമ്മൾ കാണുന്നുണ്ട്.

വളർന്നപ്പോൾ സത്യൻ ഒരു പരസ്യചിത്രകാരനായി. താൻ വരച്ചിടുന്ന ചിത്രങ്ങളിൽ മാത്രം മനോഹരവർണ്ണങ്ങളുള്ള, എന്നാൽ നിറം കെട്ട ഒരു സാമൂഹിക ജീവിതം നയിക്കുന്ന സത്യനാഥൻ. അയാളുടെ ജന്മശാപത്തിന്റെ നീരാളിക്കൈകളിൽ നിന്നും ഇനിയും സത്യനാഥന് രക്ഷപെടാനായിട്ടില്ല!

തന്റെ തൊഴിലിന്റെ ഭാഗമായി സത്യനാഥൻ ഒരു നഗരപ്രാന്തത്തിൽ താത്കാലികവാസം ആരംഭിക്കുന്നു. തന്റെ തൊട്ടയൽക്കാരായി അഭിസാരികകളായ രണ്ടു മദ്ധ്യവയസ്കകളും, അവരുടെ ബന്ധുക്കളായ ഒരു യുവതിയും രണ്ടു ബാലികമാരും. ഇത് അയാളുടെ സ്വസ്ഥത നശിപ്പിക്കുന്നു. "എവിടെച്ചെന്നാലും ജീവിക്കാൻ അനുവദിക്കില്ല ഇവറ്റ!" എന്ന് അമർഷത്തോടെ അയാൾ വിലപിക്കുന്നു.

ആ വീട്ടിലെ യുവതിയെ (ജയ) ആദ്യം സംശയദൃഷ്ടിയോടെ കാണുന്ന സത്യൻ അവരുടെ നിസ്സഹായാവസ്ഥ അറിയുമ്പോൾ അവരെ സഹായിക്കാനാരംഭിക്കുന്നു. അവളുടെ സഹോദരിമാരുടെ വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുക്കുന്ന അയാൾ ജയക്ക് താൻ ജോലി ചെയ്യുന്ന പരസ്യ സ്ഥാപനത്തിൽത്തന്നെ ജോലിതരപ്പെടുത്തുന്നു. അവളെയും സഹോദരിമാരെയും വ്യഭിചാരത്തിന്റെ വഴിയിലേക്ക് വിടാതിരിക്കാൻ അയാൾ ആവതും ശ്രമിക്കുന്നു. പരസ്യകമ്പനി ഉടമയുടെ മോഹനവചനങ്ങളിൽ വിശ്വസിച്ച ജയ അയാളിൽ നിന്നും ഗർഭിണിയാവുകയും, വിവരമറിയുമ്പോൾ അയാളവളോട് ഗർഭച്ഛിദ്രത്തിനു നിർദ്ദേശിക്കുകയും, പിന്നീടവളെ തഴയുകയും ചെയ്യുന്നു. തന്റെ ഗർഭച്ഛിദ്രത്തിനുശേഷം ഗത്യന്തരമില്ലാതെ ജയയും വ്യഭിചാരത്തിന്റെ വഴി സ്വീകരിക്കുന്നു. തോറ്റു പോകുന്ന സത്യൻ മാനസികാസ്വാസ്ഥ്യത്തിന്റെ ഒരു ഘട്ടത്തിൽ ജയയുടെ രണ്ടനുജത്തിമാരെയും തന്റെ വീട്ടിൽ വെച്ച് കൊല്ലുകയും, അങ്ങനെ ആ കുഞ്ഞുങ്ങളെയെങ്കിലും വ്യഭിചാരവഴിയിൽ നിന്നും രക്ഷിച്ചുവെന്ന് സ്വയം വിശ്വസിക്കുകയും ചെയ്യുന്നു. അതേസമയം അവിടെയെത്തുന്ന പരസ്യ കമ്പനിയുടമ (വിജയൻ) യെയും, കൂട്ടാളിയെയും കൂടി തന്റെ കത്തിക്കിരയാക്കുന്ന സത്യൻ അവസാനം ജയിലറയിലെത്തിച്ചേരുന്നു.

ജയയിൽ തന്റെ അമ്മയുടെ അവസ്ഥ കാണുന്ന, തന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തി വിധിയും സമൂഹവും ജയയെ വ്യഭിചാരത്തിനയക്കുമ്പോൾ ഉന്മാദിയായിത്തുടങ്ങുന്ന, സമൂഹമെന്ന കാളിയന്റെ ഇരയാവാൻ രണ്ടു കുഞ്ഞുങ്ങളെ അനുവദിക്കാതെ അവരെ 'സദയം' സ്വർല്ലോകത്തിലേക്കയക്കുന്ന, വിജയനെയും കൂട്ടാളിയേയും കൊന്ന് സമൂഹത്തോടുള്ള പക തീർക്കുന്ന സത്യന്റെ വിവിധമാനസികാവസ്ഥകളെ 'ജീവിച്ചു' ഫലിപ്പിക്കാൻ മോഹൻലാലിനല്ലാതെ മറ്റൊരു നടനും കഴിയില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അതിഭീകരനായ ലാൽ!

തന്റെ മകന്റെ കൊലയാളിയുടെ വധശിക്ഷ ഭംഗിയായി പൂർത്തിയാകുന്നതു കണ്ട് പ്രതികാരപൂർത്തിയുടെ സംതൃപ്തിയടയാനെത്തുന്ന ഡോക്ടറുടെ വേഷത്തിൽ തിലകനെയല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കുകയെന്നതും അചിന്ത്യം! 'കിരീട' ത്തിനു ശേഷം ലാൽ - തിലകൻ ദ്വയത്തിന്റെ സമാനതകളില്ലാത്ത പ്രകടനം നമുക്കിവിടെ കാണാം.

നെടുമുടി വേണുവും, മുരളിയും, ശ്രീനിവാസനും, ടി. ജി. രവിയും, അഗസ്റ്റിനും, കെ. പി. എ. സി. ലളിതയും, മാതുവും അതിമനോഹരമായി മറ്റു സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

എം. ടി. യുടെ തീവ്രമനോഹരമായ തിരക്കഥ, സമൂഹം എല്ലായ്പ്പോഴും ഒരു മനുഷ്യജീവിയുടെ അസ്തിത്വത്തെ വാർക്കാനും, ഉടച്ചു കളയാനും കെൽപ്പുളള സർവ്വശക്തനാണെന്ന് നമുക്ക് അർത്ഥശങ്കക്കിടയില്ലാതെ കാണിച്ചു തരുന്നതോടൊപ്പം, മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാ രചയിതാവെന്ന എം. ടി. യുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു. 'അതെ' അല്ലെങ്കിൽ 'അല്ല' എന്നീ രണ്ടു വാക്കുകൾക്കിടയിൽ സത്യം മരിച്ചു പോകുന്ന നമ്മുടെ നിയമവ്യവസ്ഥയ്ക്കു നേരെ ചോദ്യങ്ങളെറിയുന്നതോടൊപ്പം, വധശിക്ഷയുടെ മാനുഷികതയെയും ചോദ്യം ചെയ്യുന്നുണ്ട് എം. ടി.

'സദയ' ത്തെ മുൻനിർത്തി എന്റെ വ്യക്തിപരമായ അഭിപ്രായമെന്തെന്നാൽ, മേൽപ്പറഞ്ഞ എല്ലാ പ്രഗത്ഭരെയും നിഷ്പ്രഭരാക്കുന്ന പ്രകടനം നടത്തിയിരിക്കുന്നത് സംവിധായനായ സിബി മലയിലാണ്! മികച്ച ഒരു തിരക്കഥ ലഭിച്ചാൽ മനോഹരമായ ഒരു ചലച്ചിത്രം അഭ്രപാളികളിലെത്തിക്കാൻ സിബി മലയിലിനോളം പോന്ന ഒരു സംവിധായകൻ മലയാളത്തിലില്ല എന്നു വരെ ഞാൻ പറഞ്ഞു കളയും!!

"മോഹിപ്പിക്കരുത്...
മോഹിപ്പിച്ച് നശിപ്പിക്കരുത്!"
- സത്യനാഥൻ

Report Page