*/

*/

Source

ജോജിയിലെ മോറൽ ഡിലെമ്മ!

...സ്പോയിലർ അലർട്ട് ...

ജോജി രാത്രി തന്നെ കണ്ടു. ശേഷം ഉറങ്ങാൻ കിടന്നപ്പോൾ നല്ല ഒരു സിനിമ കണ്ട സന്തോഷത്തിനു മേൽ എന്തോ ഒരു സുഖക്കുറവുപോലെ അനുഭവപ്പെട്ടു. പിന്നീട് തെല്ലൊരാലോചനയുടെ വെളിച്ചത്തിൽ ഉള്ളിലെവിടെയോ കുരുങ്ങി കിടന്നിരുന്ന ഒരു കുറ്റബോധത്തിന്റെ നൂലിനെ ഞാൻ കാണ്ടെത്തുകയും ചെയ്തു. പ്രത്യക്ഷത്തിൽ തെറ്റൊന്നും ചെയ്യാത്ത രണ്ടു പേരുടെ കൊലപാതകത്തിന് മനസ്സുകൊണ്ട് കൂട്ടുനിന്നതിനായിരുന്നു അത്.

എനിക്ക് മാത്രമാണ് ഇങ്ങിനെ തോന്നിയത് എന്ന് വിശ്വസിക്കുന്നില്ല കാരണം മാക്‌ബത്ത് പോലെ തന്നെ ജോജിയും എഴുതപ്പെട്ടിരിക്കുന്നത് ഈ ഒരു അന്വേഷണത്തിലാണ്. ജോജിയുടെ സ്ഥാനത്തു നിങ്ങളായിരുന്നെങ്കിൽ, 'ജോജി ചെയ്തതാവുമായിരുന്നോ നിങ്ങൾ ചെയ്യുക?' എന്ന അന്വേഷണം.

കൺഫ്യൂസ്ഡ് ആയിട്ടുള്ള, അടിച്ചമർത്തപ്പെട്ടു ആരുടെയൊക്കെയോ ഔദാര്യത്തിൽ ജീവിക്കുന്ന, സ്വന്തം തോൽവികളുടെ ഓർമ്മപ്പെടുത്തലുകൾ നിരന്തരം സഹിക്കുന്ന ഒരായിരം പേരുള്ള നാട്ടിലെ, ജോജി പറയുന്ന പോലെ " അവിടുത്തെ പ്രജകളിൽ ഒരുവനാണ് " നമ്മളിൽ പലരും തന്നെ. പിന്നെയെങ്ങനെ അയാളുടെപോലെ ചിന്തിക്കാതെയിരിക്കും അല്ലേ?

ജോജിയുടെ ചെയ്തികളോട് 100 ശതമാനം തെറ്റാണെന്നു അറിഞ്ഞുകൊണ്ടു തന്നെ നമ്മൾക്കു പൊരുത്തപ്പെടാൻ കാരണം ഇതുമാത്രമല്ല. കഥയിൽ ശരിക്കും പണത്തിനോടുള്ള ആർത്തി മാത്രമല്ല ജോജിയെക്കൊണ്ട് കൊല ചെയ്യിക്കുന്നത് മറിച്ചു നിയന്ത്രിക്കപ്പെടുന്നതിൽ നിന്നുമുള്ള ഒരുതരം ലിബറേഷൻ കൂടിയായിരുന്നു അയാൾക്കത്, ഒരുതരം രക്ഷപ്പെടൽ! പണം മോഷ്ടിക്കാൻ കുട്ടിയായിരുന്ന പോപ്പിക്കുള്ള കള്ളത്തരമോ ബുദ്ധിയോ പോലും ഇല്ലാത്ത ഒരുത്തനായ ജോജി യെ ഫെലിക്സ് ചേട്ടായി കോടീശ്വരാ എന്നു വിളിക്കും വരെ അയാൾ ഇൻഹെറിറ്റൻസ് നെ കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലായിരുന്നു എന്നത് വ്യക്തമാണ്. മാത്രമല്ല പലപ്പോഴും തനിക്കു കിട്ടുന്ന കൈക്കൂലികളിൽ നിന്നും ആവിശ്യമുള്ളതിനെടുത്തു അതിന്റെ ബാക്കി വലിയ ടിപ്പ് കൊടുക്കുന്ന ജോജിയെയും നമുക്ക് കഥയുടെ പലയിടത്തും കാണാം. നിഷ്‌ക്കളങ്കനായ, കുട്ടിക്കളി മാറാത്ത അയാളുടെ എക്സിസ്റ്റൻസ് പോലും ബിൻസിക്കും പോപ്പിക്കും ഒഴികെ ആ വീട്ടിലുള്ള എല്ലാവർക്കും തികച്ചും അപ്രസക്തമായിരുന്നു എന്ന് തന്നെ പറയാം. ഫെലിക്സ് എന്ന കഥാപാത്രം 'ജോജിയുടെ അഭിപ്രായം ചോദിച്ചോ' എന്ന് ചോദിക്കുമ്പോൾ 'അതെന്നാത്തിനാ' എന്നാണ് ജോമോൻ പറയുന്നത്. ഇതും ആ വീട്ടിൽ ജോജിക്ക്‌ കിട്ടിയിരുന്ന അവഗണന വെളിവാക്കുന്നു. ഇതെല്ലാം കൊണ്ടുമാണ് ശ്യാം പുഷ്ക്കരൻ വാക്കുകൾ കൊണ്ട് വരച്ചിട്ട, ദിലീഷ് പോത്തൻ ജീവൻ കൊടുത്ത രണ്ടു കൊലപാതകങ്ങൾ കൊലപാതകിക്കൊപ്പം നിന്നു കാണാൻ നമ്മളെ പാകപ്പെടുത്തുന്നത്, രണ്ടു മരണങ്ങളും നമുക്കുള്ളിൽ തെല്ലും വേദന ജനിപ്പിക്കാഞ്ഞത്, അവസാനം ജോജി പിടിക്കപ്പെടരുത് എന്ന് നമ്മേക്കൊണ്ട് വെറുതെ തോന്നിപ്പിക്കുന്നത്.

നമ്മുടെ ഇന്നത്തെ സമൂഹത്തിൻറെ ഒരു പ്രതിഫലനമാണ് പനച്ചേൽ കുടുംബം എന്ന് പറയാം. അവിടെ പൊതുസമ്മതനായ ഒരു ഏകാധിപതിയുണ്ട്, അയാളുടെ വിചാരങ്ങൾ പോലും നടത്തിക്കൊടുക്കാനും അയാളുടെ ചിന്തകൾക് തന്റെ മരണത്തിനു ശേഷം പോലും എതിരു പ്രകടിപ്പിക്കുന്നവരെ അടിച്ചമർത്താനും ശക്തരായ അമരക്കാരുണ്ട്, പണത്തിന്റെയും കൈക്കരുത്തിന്റെയും മുന്നിൽ ഗതികേടുകൊണ്ട് വണങ്ങി നിൽക്കുന്നതും ഇരയാക്കപ്പെടുന്നതുമായ സാധാരണക്കാരുണ്ട്, മുതലെടുക്കപ്പെടുന്നവരുണ്ട്, പുരുഷന്മാരുടെ ലോകത്തു എല്ലാത്തിനെയും നിശബ്ദമായി മാത്രം നോക്കി നിൽക്കാൻ കല്പിക്കപ്പെട്ട സ്ത്രീകളും കുട്ടികളുമുണ്ട്, നിഷ്കളങ്കരായ വിശ്വാസികളും, അന്ധവിശ്വാസികളുമുണ്ട്. ചുരുക്കി പറഞ്ഞാൽ പനച്ചേൽ തറവാടാണ് ജോമോൻ പറഞ്ഞ ആ മൈ*നായ സൊസൈറ്റി. ആ മൈ*ന്റെ മുന്നിൽ പെട്ടുപോയ ഒരു കൺഫ്യൂസ്ഡ് കിഡ്, അതാണ് ജോജി, അത് തന്നെയാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെയാണ് മേലെ പറഞ്ഞ ഒരു മോറൽ ഡൈലമ്മ അഥവാ ധാർമിക ചിന്താക്കുഴപ്പം നമുക്ക് അനുഭവപ്പെടുന്നതും.

അടുത്തകാലത്ത് കണ്ട സിനിമകളിൽ മാനസികമായി വളരെ അധികം മുഴുകി കണ്ട ഒന്നാണ് ജോജി. ഫഹദിന്റെ ജോജിയും ബാബുരാജിന്റെ ജോമോനും അവരെ പകർത്തിയ ഷൈജു ഖാലിദിന്റെ ക്യാമറയും അതു തുന്നിച്ചേർത്ത സ്റ്റേറ്റ് അവാർഡ് വിന്നർ കിരൺ ദാസും സംഗീതമിട്ട ജസ്റ്റിൻ വർഗീസ്സും എല്ലാം ഒന്നിനൊന്നു മികച്ചു നിന്നു.

നന്ദി ശ്യാം പുഷ്ക്കരൻ, ദിലീഷ് പോത്തൻ ആൻഡ് കോ. പുതിയ സിനിമാ ശീലങ്ങൾ മലയാളത്തിന് സമ്മാനിക്കുന്നതിനു.

Report Page