*/

*/

Source

സ്വന്തം രാഷ്ട്രീയം മറച്ചു വെച്ചു നിഷ്പക്ഷൻ ആകാൻ നോക്കുന്നത് എന്തിനാ എന്ന കമന്റ് പലയിടത്തായി കണ്ടു. അവരോടാണ്.

2003 മുതലാണ് രാഷ്ട്രീയം പറഞ്ഞു തുടങ്ങുന്നത്. അന്ന് മുതൽ ഓരോ വിഷയത്തിലും എന്റെ രാഷ്ട്രീയം തന്നെയാണ് പറയാൻ ശ്രമിക്കുന്നത്.

ഭൂമിയും അതിന്റെ പരിമിതമായ വിഭവങ്ങളും തലമുറകൾക്ക് ഇടയിലും, തുല്യമായും ശാസ്ത്രീയമായും വിനിയോഗിക്കപ്പെടണം, മൂലധനത്തിന്റെ തീരുമാനത്തിന് വിടരുത് എന്ന, നമ്മുടെ ഭരണഘടന മുന്നോട്ടു വെയ്ക്കുന്ന സോഷ്യലിസ്റ്റ്, സെക്കുലർ, ഡെമോക്രാറ്റിക് രാഷ്ട്രീയമാണ് എന്റേത്.

ഇന്നത്തെ ഇൻഡ്യയിൽ അത് തങ്ങളുടെ അജണ്ടയാണെന്നു പറയുന്ന, ഒരുപരിധിവരെ നടപ്പാക്കുന്ന ഏക കക്ഷി ഇടതുപക്ഷമാണ്. മറ്റുള്ളവർക്ക് ഇതിനു വിരുദ്ധമായ നിലപാടുണ്ട്, അവരത് അധികാരത്തിൽ നടപ്പാക്കുന്നുമുണ്ട്. അവർ മറിച്ചൊരു നയം പറയുന്നവരെ ഇടതുപക്ഷത്തെ തള്ളിപ്പറയേണ്ട കാര്യമില്ലല്ലോ.

ജനങ്ങളേ ഏറ്റവുമധികം ബാധിക്കുന്ന പെട്രോളിയം വിലനിർണ്ണയം എടുക്കാം - മാർക്കറ്റ് നിയമങ്ങൾ വില തീരുമാനിക്കട്ടെ എന്നാണ് NDA യുടെയും കൊണ്ഗ്രസിന്റെയും നയം. അല്ലാതെ അവശ്യസാധന മാർക്കറ്റിനെ സർക്കാർ നിയന്ത്രിക്കണം എന്ന ഇടതുപക്ഷ നയം അവർക്കില്ല. പെട്രോൾ വിലവർധന 3 മുന്നണിയും എതിർക്കുമെങ്കിലും പരിഹാരരാഷ്ട്രീയ മാർഗ്ഗം ഇടതിന് മാത്രമേയുള്ളൂ.

ജനിച്ച മനുഷ്യർക്കെല്ലാം കേറികിടക്കാൻ ഭൂമിയുടെ ഉടമസ്ഥാവകാശം നൽകണം എന്നത്, എത്ര പണമുള്ളവർക്കും ഭൂമി വാങ്ങിക്കൂട്ടാൻ സമ്മതിക്കില്ല എന്നത് കേരളത്തിന്റെ മാത്രം നിയമങ്ങളാണ്. ഇൻഡ്യയിൽ ഭൂപരിഷ്കരണം സാധ്യമായ ഇടം, ഇടതുപക്ഷ രാഷ്ട്രീയമുള്ള കേരളത്തിലും പശ്ചിമ ബംഗാളിലും മാത്രമാണ്. എത്ര കുറ്റമുണ്ടെങ്കിലും ലോകത്ത് മനുഷ്യർക്ക് അതൊരു സാമൂഹിക സുരക്ഷിതത്വം ഒരുക്കുന്നു. BJP ക്കോ കോണ്ഗ്രസിനോ ഇൻഡ്യയിൽ എവിടെയെങ്കിലും ഇത് നടപ്പാക്കാൻ നയമോ നിലപാടോ ഉണ്ടോ?

കേരളത്തിലേക്ക് വരാം, സ്ത്രീകൾ ആർത്തവ സമയത്ത് അശുദ്ധരാണ് എന്നാണ് BJP നയം. ആചാരങ്ങൾ ലംഘിച്ചാൽ തന്ത്രി പോലും നൽകുന്ന ഒരു നൂറ്റാണ്ട് പഴക്കമുള്ള ശിക്ഷ പുണ്യാഹമാണ്. ഒരുപടി കടന്ന്, ജയിലിൽ ഇടണമെന്നാണ് UDF ന്റെ നയം. സ്ത്രീശരീരത്തിലെ സ്വാഭാവിക ജൈവപ്രക്രിയയാണ് ആർത്തവം. എന്നാലത് വിശ്വാസത്തെ ബാധിക്കുന്ന വിഷയത്തിൽ ചർച്ചയിലൂടെ നടപ്പാക്കാൻ ശ്രമിക്കും എന്നാണ് LDF ന്റെ നയം. അതിനവർ മനുഷ്യരെക്കൂട്ടി മതിൽ പണിഞ്ഞും മറ്റും ബോധവൽക്കരണം നടത്തുന്നു. ഇതിലാരാണ് മനുഷ്യരെ മുന്നോട്ട് നയിക്കുന്നത്? നിങ്ങൾ പറയൂ.

നയങ്ങൾ ഏത് നോക്കിയാലും ഇടതുപക്ഷം നിലവിലുള്ള മറ്റുള്ളവരെക്കാൾ ഭേദമാണ്, 916 തനി തങ്കമാണെന്ന അഭിപ്രായം എനിക്കില്ല.

ഇടതുപക്ഷം നേരിടുന്ന പ്രധാന എതിർപ്പെന്താണ്? അവർ പറയുന്നത് അപ്പടി ചെയ്യുന്നില്ല. ശരിയാണ്. അവരുടെ ചെയ്തികളിൽ അത്തരം ഏറെ ഇരട്ടത്താപ്പുകൾ, കുറ്റങ്ങൾ, പോരായ്മകൾ എല്ലാം ചൂണ്ടിക്കാട്ടാനാകും. അവർ ഇടതുരാഷ്ട്രീയത്തിന് എതിരായിപ്പോലും പലതും ചെയ്യുന്നതായി കാണാം. അദാനിയുടെ കടൽക്കൊള്ളയോട് കണ്ണടയ്ക്കുക, ആദിവാസിക്ക് കൊടുക്കാൻ ഭൂമി ഇല്ലാത്തപ്പോൾ ശ്രീയെമ്മിനു യോഗയ്ക്ക് ഭൂമി നൽകുക, ഖനി മുതലാളിമാർക്ക് സൗജന്യം നൽകുക... പശ്ചിമഘട്ട സംരക്ഷണം അട്ടിമറിക്കുക, മലിന്യസംസ്കാരണത്തിന്റെ പേരിൽ കള്ളകമ്പനികളേ പണി ഏൽപ്പിക്കുക, ജോസ് കെ മാണിയ്ക്ക് എതിരെ പറഞ്ഞതൊക്കെ വിഴുങ്ങുക.
കുറേയേറെ കുറ്റങ്ങളുണ്ട്. എന്നാൽ അതെല്ലാം abberations ആണ്, Rule അല്ല എന്ന് മനസിലാക്കണം. ഇതൊക്കെ ചെയ്യുന്നതിൽ തെറ്റില്ല എന്നു നിലപാടുള്ള, ചെയ്യാൻ മടിയില്ലാത്ത പാർട്ടിയും, ഇത് തെറ്റാണെന്നു നിലപാടുള്ള, എന്നിട്ടും ഇടയ്ക്ക് ചെയ്യുന്ന പാർട്ടിയും തമ്മിൽ എനിക്ക് വ്യത്യാസമുണ്ട്. രണ്ടാമത്തെ കൂട്ടരേ തിരുത്താനുള്ള പ്രക്രിയ അതിനുള്ളിലും പുറത്തും സാധ്യമാണ്.

ജാതിമത സംഘടനകൾ ഇന്നയാളെ മന്ത്രിയാക്കണം എന്നു പരസ്യമായി തിട്ടൂരം ഇറക്കുന്നത് നാം മുൻപ് കണ്ടിട്ടുണ്ട്. LDF ഭരണത്തിൽ അത് കണ്ടിട്ടില്ല. ജാതി-മത സംഘടനകളെ വീട്ടിൽപ്പോയി കാണും. പക്ഷെ, അവർ സർക്കാരിനോട് ആജ്ഞാപിക്കുന്ന കാഴ്ച കാണില്ല.
ഏതാണ് പുരോഗമനമായി നിങ്ങൾ കാണുന്നത്?

LDF നെപ്പറ്റി BJP ക്കും UDF നും ഉള്ള പ്രധാന കുറ്റം, LDF പറയുന്നത് LDF ചെയ്യുന്നില്ല എന്നാണ്. അല്ലാതെ ഇതിലും മികച്ച നടത്തിപ്പോ നയമോ BJP യോ UDF ഓ ചെയ്യാമെന്നല്ല. കേരളത്തിൽ കോണ്ഗ്രസിന്റെ സാമൂഹിക സുരക്ഷാ നയങ്ങളിൽ പോലും ഇടതുസ്വാധീനം സ്പഷ്ടമാണ്. അതുകൊണ്ടാണ് കർണാടകയിലെയോ തെലുങ്കാനയിലെയോ കോണ്ഗ്രസിന്റെ പ്രകടന പത്രികയിൽ ഇല്ലാത്ത സോഷ്യലിസ്റ്റിക് ആശയങ്ങൾ ഇവിടെയുള്ളത്.

അപ്പോൾ ചോദിക്കും, എന്നിട്ടെന്തിനാണ് ഇടതുവിരുദ്ധ പോസ്റ്റുകൾ ഇടുന്നതെന്ന്? ഇടതെന്നാൽ ഏതെങ്കിലും പാർട്ടി ഓഫീസിൽ നിന്ന് തരുന്ന തിട്ടൂരം അനുസരിക്കലല്ല. നയങ്ങളിൽ നിന്ന് വ്യതിചലിച്ചാൽ ഒരു മയവുമില്ലാതെ വിമർശിക്കാൻ, തിരുത്താൻ ഒക്കെ ശ്രമിക്കേണ്ടത് പൗരന്റെ ഉത്തരവാദിത്തമാണ്. അല്ലാതെ "എന്റെ പാർട്ടിയുടെ തീരുമാനത്തെ വിമർശിച്ചാൽ പാർട്ടി തകർന്നു പോകും, അച്ചടക്ക ലംഘനമാകും" എന്നു കരുതുന്ന പാർട്ടി അന്ധവിശ്വാസി അല്ല. തെറ്റുകൾ ചോദ്യം ചെയ്യും. ആഭ്യന്തര വകുപ്പിനെ അടക്കം ഒരു മയവും ഇല്ലാതെ എതിർത്തിട്ടുണ്ട്.
ഇടതുരാഷ്ട്രീയം ഉയർത്തിപ്പിടിച്ചു തന്നെ. അത് വിമർശനത്തിൽ ബാലൻസ് ഉണ്ടാക്കാനല്ല. ശരിയാക്കും എന്നു പറഞ്ഞവർ ശരിയാക്കാനാണ്.

അപ്പോൾ ഇടയ്ക്ക് മറ്റുള്ള പാർട്ടികളുടെ ആശയങ്ങളെ എൻസോഴ്‌സ് ചെയ്യുന്നതോ? കാരണമുണ്ട്. വ്യവസ്ഥാപിത ഇടതുപക്ഷത്തിന് അജണ്ടയിൽ ഇല്ലാതിരുന്ന പരിസ്ഥിതി സംരക്ഷണം നിയമങ്ങളായി കൊണ്ടുവന്നതും ശക്തമാക്കിയതും കോണ്ഗ്രസ് ആണ്. വനസംരക്ഷണ നിയമം, ജല-വായു-പരിസ്ഥിതി നിയമങ്ങൾ, അങ്ങനെ... അത്തരം നയങ്ങൾ കോണ്ഗ്രസിൽ ബാക്കിയുണ്ട്. NREGA, വിവരാവകാശ നിയമം പോലുള്ള, സോഷ്യലിസ്റ്റ് പ്രോഗ്രസീവ് ആശയങ്ങളുണ്ട്.. അത് പ്രോത്സാഹിപ്പിക്കും. അതൊക്കെ ഇടതിനോട് കണ്ടുപഠിക്കാൻ പറയും. ഒരേ രാഷ്ട്രീയത്തിന്റെ ഭാഗമാണ് രണ്ടും. ബാലൻസിങ് അല്ല.

വർഗ്ഗീയ രാഷ്ട്രീയത്തിന് ഒരുകാലത്തും വോട്ടു ചെയ്യില്ല. എതിർക്കുകയും ചെയ്യും. രാഷ്ട്രീയമെന്നാൽ ഏതെങ്കിലും രാഷ്ട്രീയ മുന്നണിയെയോ നേതാവിനെയോ ന്യായീകരിക്കൽ ആണെന്നും കരുതുന്നില്ല. ഇത് തുറന്നു പറഞ്ഞു തന്നെയാണ് ഇവിടെ വിമർശനങ്ങൾ മുഖം നോക്കാതെ ഉന്നയിക്കാൻ നിൽക്കുന്നത്. നിഷ്പക്ഷൻ അല്ല.
എനിക്ക് കൃത്യമായ പക്ഷമുണ്ട്.

ഇൻഡ്യാ രാജ്യം വർഗ്ഗീയമായി ധ്രുവീകരിക്കണോ, രാജ്യം മുതലാളിമാർക്ക് തീറെഴുതണോ, അതോ പറ്റാവുന്ന പ്രതിരോധങ്ങൾ തീർക്കണോ എന്ന ചോദ്യമാണ് ഈ തെരഞ്ഞെടുപ്പിൽ എന്റെ മുന്നിലുള്ള ചോദ്യം. LDF വെച്ച പ്രകടന പത്രികയിൽ പോരായ്മകളുണ്ട്, നേരത്തെ പറഞ്ഞ വാഗ്ദാനങ്ങൾ വിഴുങ്ങിയവയുണ്ട്. പക്ഷെ അതിലും പുരോഗമന-ജനാധിപത്യ സ്വഭാവമുള്ള ഒരു ചോയ്സ് എന്റെ മുന്നിലില്ല. ഈ തെരഞ്ഞെടുപ്പിൽ എന്റെ താരതമ്യം മത്സരിക്കുന്നവർ തമ്മിലാണ്. എന്റെ സ്വപ്നത്തിലെ LDF ഉം ഇപ്പോഴുള്ള LDF ഉം തമ്മിലല്ല.

50 വർഷം ഇന്ത്യ കോണ്ഗ്രസ് ഭരിച്ചു. 10 വർഷം BJP. എത്രയോ സംസ്ഥാനങ്ങളിൽ തുടർച്ചയായി പലരും ഭരിക്കുന്നു. ഒരുവട്ടം കൂടി LDF കേരളം ഭരിച്ചാൽ ജനാധിപത്യം തകരില്ല.

തൃക്കരിപ്പൂർ മണ്ഡലത്തിലാണ് വോട്ട്. ഇത്തവണ എന്റെ വോട്ട് LDF സർക്കാരിന്റെ തുടർഭരണത്തിന് ആണ്. എല്ലാ വിയോജിപ്പുകളും വിമർശനങ്ങളും നിലനിർത്തിയും ഇടതുപക്ഷം ഒരിക്കൽക്കൂടി അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നു. 80 സീറ്റിൽ കൂടുതൽ കിട്ടുമെന്നും കരുതുന്നു. അപ്പോഴും കുറേക്കൂടി കടുത്ത
വിമർശനങ്ങളുമായി ഇവിടെത്തന്നെ ഉണ്ടാകും.

NB: 2016 ൽ നല്ലൊരു സർക്കാർ പോസ്റ്റ് ഓഫർ കിട്ടിയപ്പോൾ നിരസിച്ചിരുന്നു. ഒരു സർക്കാർ പോസ്റ്റും ഇനിയും സ്വീകരിക്കില്ല.
വായിൽ എല്ലുണ്ടെങ്കിൽ കുരയ്ക്കാൻ ആകില്ലന്നത് തന്നെ കാരണം.

അഡ്വ.ഹരീഷ് വാസുദേവൻ.

Report Page