*/

*/

Source

കാലം നമ്മളെ എങ്ങോട്ടു കൊണ്ട് പോകും എന്ന് ആർക്ക് പറയാൻ കഴിയും!

ഹൈദരാബാദിലെ EFLU വിൽ പുലച്ചെ അഞ്ചു മണിക്ക് ക്ലാസ്സ് എടുക്കുന്ന ഒരധ്യാപകൻ ഉണ്ടായിരുന്നു (ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു). ലേശം ആത്മീയ ലൈൻ ആണ്. സ്വന്തം വീണയെ പുതപ്പിച്ചു സ്വയം പുതക്കാതെ കിടക്കും തുടങ്ങിയുള്ള രസികൻ കഥകൾ ഇഷ്ടനെ പറ്റി പണ്ട് കേട്ടിരുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്തത് കൊണ്ടാണെന്നു തോന്നുന്നു. ഇവിടെയാണെങ്കിൽ എന്റെ കുട്ടികൾ എന്നെ മനുഷ്യാവകാശ കമ്മീഷന്റെ ഓഫീസ് കയറ്റും (അങ്ങനെയാണ് വേണ്ടതും., എല്ലാവരും ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേൽക്കണം, വെളുക്കുമ്പോൾ കുളിക്കണം എന്നൊക്കെയുള്ള സൂക്തങ്ങളിൽ പലതും ശാസ്ത്രബോധത്തിനു നിരക്കുന്നതല്ലെന്ന്‌ മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ എനിക്ക് വേറെ വല്ല പണിക്കും പോകുന്നതല്ലേ നല്ലത്?).

ഓൺലൈൻ ക്ലാസ്സ് വന്നതോടെ ഇത്തരം ഔചിത്യബോധത്തിനു പ്രസക്തിയില്ലാതായി കഴിഞ്ഞിരിക്കുന്നു. നെറ്റ് കണക്റ്റിവിറ്റി ഉള്ള സമയം-സ്ഥലം എന്നതല്ലാതെ ഒരു പരിഗണനയുമില്ല. പുലർച്ചെ അഞ്ചു മണിക്ക് ആണെങ്കിൽ ചിലപ്പോൾ ലൈൻ ക്ലിയർ ആയിരിക്കും. ജൈവഘടികാരം പ്രശ്നം ഉണ്ടാക്കുമെങ്കിൽ പോലും ആഫ് ചായ കുടിച്ചു ഒരു കൈ നോക്കുകയല്ലാതെ എന്ത് ചെയ്യാൻ കഴിയും? ഇപ്പോൾ തന്നെ ചില ക്ലാസ്സുകൾ വൈകുന്നേരവും രാത്രിയുമൊക്കെയാണ് എടുക്കുന്നത്. സർവകലാശാലയുടെ ചില പ്രധാനപ്പെട്ട യോഗങ്ങൾ തന്നെ രാത്രിയാണ് നടക്കുന്നത്. ഞങ്ങളുടെ പി ടി എ യോഗം ചരിത്രത്തിൽ ആദ്യമായി ഓൺലൈൻ ആയി രാത്രി ഏഴു മണിക്ക് നടന്നു (അഞ്ചെട്ടു രക്ഷിതാക്കളെ കിട്ടാൻ പെടാപ്പാട് പെടുന്നിടത്ത് ഇത്തവണത്തെ ഹാജർ നില നാല്പത് ആയിരുന്നു!). മിന്നൽ കൊണ്ടോ മറ്റോ ഇന്നലെ ക്യാമ്പസിലെ വൈഫൈ തകരാറായത് കൊണ്ട് പത്ത് മണിക്കുള്ള എം ഫിൽ ക്ലാസ്സ് ബ്ബബ്ബബ്ബബ്ബ യായി. പി എച് ഡി പ്രീക്വാളിഫയിങ് പരീക്ഷയുടെ ചില കടലാസുകൾ ഒപ്പിടീക്കാൻ വിദൂരദേശങ്ങളിൽ നിന്ന് ഗവേഷകർ വരുന്നത് കൊണ്ട് നാളെ വരെ വർക്ക് അറ്റ് ഹോം നടക്കുകയുമില്ല.

Report Page