*/

*/

Source

കുറച്ചു ദിവസങ്ങളിലായി അത്യധികം ഇടങ്ങേറുള്ള ദിവസങ്ങളിലൂടെതന്നെയാണ് കടന്നു പോയത്...
പോസിറ്റിവ് ആയി രണ്ടാം ദിവസം മുതൽക്ക് ആകെ കയ്യീന്ന് പോയ അവസ്ഥയായിരുന്നു...
കൊറോണ എല്ലാവരേയും സിമ്പിൾ ആയിട്ടല്ല തൊട്ടു പോകുന്നത് എന്ന് അനുഭവത്തിൽ നിന്നും പഠിക്കേണ്ടിവന്നു.

"എഴുന്നേറ്റു നടന്നാട്ടെ. കാലുകൾ കുഴഞ്ഞോട്ടെ, ദേഹം തളർന്നോട്ടെ. ഒരു മുഹൂർത്തം വരും: നിങ്ങൾക്കു ചിറകു മുളയ്ക്കുന്നതു നിങ്ങളറിയും, ഉടൽ നിലം വിടുന്നതു നിങ്ങളറിയും. "

എന്ന് റൂമി പറഞ്ഞത് കണ്മുന്നിലിങ്ങനെ കണ്ടു എന്നൊക്കെ വേണേൽ പറയാം...

നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു... ഇത് എന്നേയുംകൊണ്ടേ പോകൂ എന്നൊരു ചിന്ത വരെ കടന്നുപോയി...
അഞ്ചാം ദിവസത്തിന് ശേഷം മനസ്സും ശരീരവും പിടിച്ചിടത്ത് കിട്ടുന്ന അവസ്ഥയിലേക്ക് വന്നു...

മൂന്ന് ദിവസം ഉറക്കം വരാതെ കിടന്നപ്പോൾ ഉറക്കം നഷ്ടപ്പെട്ട മനുഷ്യരേ ഓർത്തുപോയി...
ശ്വാസം ഇടക്കൊക്കെ ഇടങ്ങേറാക്കിയപ്പോൾ ട്യൂബിലൂടെ ശ്വാസമെടുക്കുന്ന മനുഷ്യരേ ഓർത്തുപോയി...
തല പൊട്ടിപ്പിളരുന്ന വേദനയുണ്ടായിരുന്നു...
ചുമക്കുമ്പോൾ ശരീരത്തിന്റെ ഓരോ പാർട്ട്സും വേദനിക്കുന്നുണ്ടായിരുന്നു.....

രണ്ട് ടെസ്റ്റ് നെഗറ്റിവ് ആയിട്ടാണ് ഞാനിത് എഴുതുന്നത്..

പറയാനുള്ളത് ഇതുവരെ ഈ വൈറസ് തൊടാതെപോയ മനുഷ്യരോടാണ്...
ഒരു കൊല്ലത്തോളം നിങ്ങള് ഇതിനെ തൊടാതെയോ, അത് നിങ്ങളെ തൊടാതെയോ ഇതുവരെ എത്തിയിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ ഭാഗ്യമാണ്...

ചില ആളുകൾക്ക് കൊറോണ വരുക എന്നത് പത്ത് ദിവസത്തെ റെസ്റ്റ് മാത്രമാണ്.. യാതൊരു സിംറ്റംസും ഇല്ലാതെ, ബുദ്ധിമുട്ടും ഇല്ലാതെ അതിനെ കടന്നുപോകുന്നവരുണ്ട്...
ഈ ഒരു വൈറസ് വന്നിട്ട് മരിച്ച മനുഷ്യരുടെ എണ്ണം നമ്മള് വാർത്തയിലൂടെ കേട്ടിട്ടില്ലേ... അത് മറ്റൊരു വേർഷനാണ്... അതില് കുഞ്ഞുങ്ങളും ചെറുപ്പക്കാരും ആരോഗ്യമുള്ളവരും ഇല്ലാത്തവരും വയസ്സായവരും ഒക്കെയുണ്ട്.

എനിക്കൊക്കെ വന്നാൽ തന്നെ നൈസായി കടന്നുപോകും എന്ന് മനപ്പായസം ഉണ്ടിരുന്ന ഒരാളായിരുന്നു ഞാൻ... ഫുട്‌ബോൾ കളിയായും വ്യായാമമായും പ്രത്യക്ഷത്തിൽ വലിയ അസുഖങ്ങളൊന്നും ഇല്ലാതെയുമിരിക്കുന്ന എന്നേ ബാധിക്കില്ല എന്ന അബദ്ധധാരണക്ക് ഏറ്റ പ്രഹരമാണ് അഞ്ച് ദിവസം എന്നേ എടുത്തിട്ട് അലക്കിയത്...

നമ്മൾക്ക് വന്നിട്ട് നമ്മളോടെ തീരുമ്പോൾ അതൊരു പറയാനുള്ള കഥ മാത്രമാണ്.. പക്ഷെ നമ്മിൽ നിന്ന് നിറയേ ആരോഗ്യ പ്രശ്നങ്ങളുള്ള നമ്മുടെ പ്രിയപ്പെട്ടവർക്കോ മറ്റോ ഉണ്ടായിട്ട് അവര് ജീവിതത്തിനും മരണത്തിനും ഇടയിൽ മല്ലിട്ടടിക്കുന്നത് കാണേണ്ടിവന്ന ആളുകളെപ്പറ്റി ഓർത്ത് നോക്കൂ...

ഈ സാധനം ഇപ്പോഴും നമുക്കിടയില് വളരെ ഉഷാറായി പാറി നടക്കുന്നുണ്ട്...
അതുകൊണ്ട് കുറച്ചു കാലത്തേക്ക് ശ്രദ്ധ നൽകിയേ പറ്റൂ....

കുറച്ച് ദിവസങ്ങളിലായി മറ്റുള്ളവർക്ക് പകുത്ത് നൽകിയ മോട്ടിവേഷന്റെ പകുതിപോലും സ്വയം സംഭരിക്കാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് സ്വയം മാർക്കിടാനുള്ള സമയം കൂടിയായിരുന്നു ഇത്...
അതോണ്ട് ഒരൽപ്പം അസഹിഷ്ണുതയൊക്കെ കാണിച്ചിട്ടുണ്ട്...
മനുഷ്യനല്ലേ.... പോരായ്മകൾക്ക് കൂടി ഇടം കൊടുത്തല്ലേ പറ്റൂ....

ചുറ്റിലും പൊതിഞ്ഞു നടക്കുന്ന പ്രാർത്ഥനകൾ ഉള്ളതുകൊണ്ട്കൂടിയാണ് ഇന്നിപ്പോൾ ഇങ്ങനെയൊക്കെ റിക്കവറിമോഡിൽ ചിരിക്കാൻ പറ്റുന്നത്...

നെഗറ്റിവ് ആയപ്പോൾ എന്തോ ഇതൊക്കെ നിങ്ങളോട് പറയണം എന്ന് തോന്നി. നിറയേ കൊറോണ പോസ്റ്റും ഉപദേശ പോസ്റ്റും വായിച്ച് മട്ടിച്ചിരിക്കുകയാവും നിങ്ങളെന്നെനിക്കറിയാം... അതുകൊണ്ട്,..
കൊള്ളേണ്ടവർക്ക് കൊള്ളാം..
തള്ളേണ്ടവർക്ക് തള്ളാം..!!

Yasir Erumapetty

Report Page