*/

*/

Source

കഴിഞ്ഞ നാല്‍പ്പതു വര്‍ഷങ്ങളിലായി ഞാന്‍ ചുരുങ്ങിയത് അറുപതു അഭിമുഖങ്ങളെങ്കിലും
നല്‍കിയിട്ടുണ്ട്- കവിത മുതല്‍ സാമൂഹ്യ -രാഷ്ട്രീയ വിഷയങ്ങള്‍ വരെ അവയില്‍ കടന്നു വന്നിട്ടുണ്ട്. മലയാളത്തിനു പുറമേ ബംഗ്ലാ, ഒഡിയാ,തെലുങ്കു, കന്നഡ, ഹിന്ദി, മറാത്തി, ഇംഗ്ലീഷ്, ഐറിഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, ജര്‍മ്മന്‍, ഡച്ച്‌, അറബി ഭാഷകളിലും അഭിമുഖങ്ങളുണ്ട്- ഞാന്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ നല്‍കിയവയുടെ പരിഭാഷകള്‍. ഇവയില്‍ കുറെ എണ്ണം കോഴിക്കോട് നിന്നുള്ള 'മലയാളം പബ്ലിക്കേഷന്‍സ് ' 'സംഭാഷണങ്ങള്‍' എന്ന പേരില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് പുസ്തകമാക്കിയിരുന്നു. അത് ഇപ്പോള്‍ കിട്ടാനില്ല. എന്റെ കയ്യില്‍ നിന്നു തന്നെയും കോപ്പി നഷ്ടപ്പെട്ടിരിക്കുന്നു. മറ്റൊരു സമാഹാരം 'മാതൃഭൂമി ബുക്സ്' പുറത്തിറക്കിയ പന്ത്രണ്ടു അഭിമുഖസംഭാഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'മുഖാമുഖം' ആണ്. ഫ്രഞ്ച് റേഡിയോവിനു നല്‍കിയ സംഭാഷനവും, എ. വി. പവിത്രന്റെ സംഭാഷണവും
'മാതൃഭൂമി ബുക്സ്' പ്രസിദ്ധീകരിച്ച 'സച്ചിദാനന്ദന്റെ
ലോകങ്ങള്‍' എന്ന പഠന സമാഹാരത്തിനു അനുബന്ധമായി ചേര്‍ത്തിട്ടുണ്ട് പി. സുരേഷിന്റെ സംഭാഷണം സുരേഷ് എഡിറ്റ്‌ ചെയ്ത ' ആലിലയും നെല്‍ക്കതിരും' എന്ന പഠനസമാഹാരത്തിലുണ്ട്. ചില സംഭാഷണങ്ങള്‍ എന്റെ കവിതാസമാഹാരങ്ങളില്‍ അനുബന്ധമായും ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളിലെ സംഭാഷണങ്ങള്‍ മിക്കവയും അസമാഹൃതമാണ്. അവയില്‍ കെ. കണ്ണന്‍ മാതൃഭൂമി വാരികയുടെ പ്രത്യേക പതിപ്പിന്നായി നടത്തിയ സുദീര്‍ഘമായ അഭിമുഖവും ഉള്‍പ്പെടുന്നു. അതുള്‍പ്പെടെ ഇക്കാലത്തെ സംഭാഷണങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത പതിനഞ്ചെണ്ണം സമാഹരിക്കാന്‍ ഒരുമ്പെടുകയാണ്. ഞാന്‍ മലയാളം കമ്പ്യൂട്ടറില്‍ എഴുതാന്‍ തുടങ്ങിയത് അല്‍പ്പം വൈകിയാണ്. പലതും കയ്യെഴുത്തിലാണ് കൈവശം ഉള്ളത്. അവ വന്ന പല ചെറുപ്രസിദ്ധീകരണങ്ങളും കയ്യില്‍ ഇല്ല താനും. അത് കൊണ്ട് ചിലതെല്ലാം ഏതു വര്ഷം എവിടെ പ്രസിദ്ധീകരിച്ചു എന്നും, രണ്ടുമൂന്നെണ്ണം ആരാണ് നടത്തിയത് എന്ന് പോലും അറിയില്ല. എങ്കിലും ഈ അഭിമുഖങ്ങള്‍ ഒരു മാറ്റവും വരുത്താതെ ഒരു പ്രസാധകന്നു വേണ്ടി സമാഹരിക്കയാണ്, അവയില്‍ എന്റെ ചിന്താപരവും സമീപനപരവുമായ പരിണാമം തെളിഞ്ഞു കാണാം എന്നതിനാല്‍ എന്റെ പഠിതാക്കളെ സംബന്ധിച്ച് അവ പ്രധാനമാണ് എന്ന് തോന്നുന്നു. കഴിയുന്നത്ര അവ നടത്തിയവരുടെയും പ്രകാശിപ്പിച്ച ആനുകാലികങ്ങളുടെയും പേര് ചേര്‍ക്കുന്നുണ്ട്. കണ്ടു പിടിക്കാന്‍ കഴിയാതിരുന്നവ ചൂണ്ടിക്കാണിച്ചാല്‍ രണ്ടാം പതിപ്പില്‍ ചേര്‍ക്കുന്നതാണ്. ഇത് പോലെ ഓരോ ജീവിത ഘട്ടത്തെയും കുറിച്ചെഴുതിയ അനുസ്മരണലേഖനങ്ങളും സമാഹരിക്കണം എന്നുണ്ട്. ഓര്‍മ്മ മങ്ങിത്തുടങ്ങിയിരിക്കുന്നു. ചിലപ്പോള്‍ അതതു സമയത്ത് പ്രയോഗിക്കേണ്ട വാക്കുകള്‍ പോലും വരുന്നില്ല. കവിതയെഴുതുന്നത് മറ്റാരോ ആയതു കൊണ്ട് അപ്പോള്‍ വലിയ പ്രശ്നമുണ്ടാകാറില്ല. എന്റെ തലച്ചോറിലെ കവിയുടേതല്ലാത്ത കോശങ്ങള്‍ മരിക്കുകയാണെന്ന് തോന്നുന്നു. അവയും പതുക്കെ മരിച്ചേക്കാം. എന്റെ എല്ലാ രചനകളുടെയും ഒരു ആര്‍ക്കൈവ് ഉണ്ടാക്കാന്‍ ഒരു സുഹൃദ് സംഘം തയ്യാറായി വന്നിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. ജീവിച്ചിരിക്കെത്തന്നെ സ്വന്തം പേരില്‍ ഫൌണ്ടേഷന്‍ ഉണ്ടാക്കുന്ന എഴുത്തുകാരെ ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നുണ്ട്; എനിക്ക് അത് ഒരിക്കലും കഴിയില്ലെങ്കിലും. പക്ഷെ കൃതികള്‍ ഒരിടത്തു
കിടക്കുന്നത് നന്ന്, പുതിയ സാങ്കേതിക വിദ്യ അത് താരതമ്യേന എളുപ്പമാക്കിയിട്ടുമുണ്ട്. പുസ്തകങ്ങള്‍ ഇറങ്ങാതായാലും അവ "മേഘ"ത്തില്‍ അതിജീവിക്കുമല്ലോ.

Report Page