*/

*/

Source

നമ്മടെ നാട്ടിലെ സാധാരണക്കാരായ നാല്‍പതുകാരികളില്‍ ഭൂരിഭാഗം പേരും വിവാഹിതരും അമ്മമാരും ഒക്കെയാണ്. അല്ലാത്തവരും കാണും. എന്നാലും ഭൂരിഭാഗം പേരും ഇങ്ങനെയൊക്കെ തന്നെയാണ് ആകാറ്...

ഭര്‍ത്താവിന്റെയും കുട്ടികളുടെയും കാര്യോം നോക്കി, വീട്ടുപണിയും ചെലപ്പോള്‍ അതല്ലാത്ത ജോലിയുമെടുത്ത്, പിരീഡ്‌സ് ടൈമില്‍ പോലും ആവശ്യത്തിന് കെയറോ ആശ്രയമോ വിശ്രമമോ കിട്ടാതെ, എല്ലാം കൊണ്ടും ഒരു മരവിപ്പിലേക്ക് കടന്ന്- അതിന്റെ ഭാരം പോലും മനസിലാകാതെ ഓടിക്കൊണ്ടേയിരിക്കുന്നവര്‍...

അവരുടെ ബ്യൂട്ടി എന്ന് പറയുന്നത്... 'വയറ് ടയറ് പോലെ' ചാടി, കണ്ണിന് താഴെ കറുപ്പ് വീണ്, മുടി തിന്‍ ആയി, കാല് വിണ്ട്, സ്‌കിന്‍ തിളക്കം കെട്ട്... കൈനഖങ്ങളൊക്കെ പാത്രം തേച്ചുതേച്ച് തേഞ്ഞ്... അങ്ങനെയൊക്കെ ആയിരിക്കും.

ഇതൊക്കെ അല്ലെങ്കിലും ആര്‍ക്കാണ് ഇഷ്ടം! നല്ല തിളക്കമുള്ള സ്‌കിന്നും വെളുപ്പും വരയോ കുറിയോ പാടോ ഇല്ലാത്ത മുഖവും ആത്മവിശ്വാസമുള്ള ചിരിയും, സ്‌റ്റൈലിലുള്ള മുടിയും, സീറോ സൈസ് വയറും... ആഹാ.... എനിക്കും അതൊക്കെയാണ് ഇഷ്ടം.

എന്നാലും എത്ര ഗതികെട്ട ജീവിതങ്ങളാണ് നമ്മുടെ കാഴ്ചകളിലൊന്നും പെടാതെ ഇങ്ങനെ ഒഴുകിപ്പോകുന്നത് എന്നോര്‍ക്കായിരുന്നു. ഒരു അപ്രിസിയേഷനും കിട്ടാതെ, അറ്റന്‍ഷനില്ലാതെ, ആരും വായിനോക്കാതെ, പ്രേമിക്കാതെ, ഇഷ്ടത്തോടെ ഒന്ന് പ്രാപിക്കാതെ... ഈ നനവുകളൊക്കെ അവരുടെ ഉള്ളിലെവിടെയെങ്കിലും കട്ട പിടിച്ച് കിടക്കുന്നുണ്ടാകും. ബസ് സ്റ്റോപ്പുകളിലും റോഡിലുമൊക്കെ കാണുന്ന മദ്ധ്യവയസ്‌കരെ ഞാനെപ്പോഴും നോക്കാറുണ്ട്.

ഏറെപ്പേരും നനവ് മറന്നുപോയവരാണെന്നാണ് എനിക്ക് തോന്നാറ്. ആണുങ്ങളും വ്യത്യസ്തമൊന്നുമല്ല. പക്ഷേ അവര്‍ക്ക് പ്രിവിലേജുണ്ട്. വയറ് ചാടാം, സ്‌കിന്നില്‍ കറുപ്പ് പടരാം, മുടി കൊഴിയാം. കാരണം ആണിന്റെ സൗന്ദര്യം അകത്താണല്ലോ. പെണ്ണുങ്ങളുടെ അവസ്ഥ മറിച്ചല്ലേ...

എല്ലാം കൊണ്ടും പ്രിവിലേജ്ഡായ ഒരു സ്ത്രീയുടെ സൗന്ദര്യത്തെ ആസ്വദിക്കുന്നതോ, അത് വര്‍ണിക്കുന്നതോ ഒന്നും മോശമല്ല. പക്ഷേ അവരെ മോഡലാക്കി വാഴ്ത്തുന്നത് വമ്പന്‍ ക്രൂരതയായി തോന്നുന്നു. നേരത്തെ പറഞ്ഞ ഗതികെട്ട ജീവിതങ്ങളുടെ എല്ലാ വേദനകളും പരസ്യമായി തിരസ്‌കരിക്കും പോലെ. എനിക്കത് ചിന്തിക്കാന്‍ പറ്റുന്നില്ല.

കണ്ണുകളില്‍ പുതിയൊരു വിളക്ക് കൊളുത്തിക്കൊണ്ട് ഒരാള്‍ തിരസ്‌കരിക്കപ്പെട്ട ഒരു മദ്ധ്യവയസ്‌കയിലേക്ക് എറങ്ങിപ്പോകുന്ന ഇമാജിനറി കഥയിലേക്ക് രക്ഷപ്പെടുകയാണ് ഞാന്‍... കാരണം എനിക്കും നാല്‍പതാകുമല്ലോ, അപ്പോഴും ഇതുപോലത്തെ ജീവിതമാണെങ്കില്‍ 'വയറ് ടയറ് പോലെ' ആയി, കണ്ണിന് താഴെ കറുപ്പ് കേറി, മുടി തിന്‍ ആയി.... ഞാനും തിരസ്‌കരിക്കപ്പെടുമല്ലോ... എന്റെ ഉള്ളിലെ നനവും കട്ട പിടിക്കുമല്ലോ... :)

Report Page