*/

*/

Source

ആളുകളുടെയും സ്ഥലങ്ങളുടേയും സാധനങ്ങളുടെയും പേര് നേരിട്ട് പറഞ്ഞു മടുത്തു. അത് കൊണ്ട് വ്യംഗ്യത്തിലും അലങ്കാരത്തിലും അന്യാപദേശത്തിലും പറയുകയാണ്.

കോഴിക്കോട് നഗരത്തിലെ ഒരു കോളേജിന് സർക്കാരിന്റെ ഒരു നവനവോന്മേഷശാലിനി (innovative) പ്രോഗ്രാം അനുവദിച്ചു കിട്ടി: എം എ (ചോറും പൊറാട്ടയും). ബിരുദതലത്തിലുള്ള ഡബിൾ മെയിൻ പ്രോഗ്രാം പോലൊന്നാണ് സർക്കാർ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. ഏതായാലും കിട്ടിയ കോളേജിലെ ചോറ് വിഭാഗം തന്ത്രപൂർവം എം എ ചോറ് (പൊറാട്ടക്കൊപ്പം) എന്ന് പേര് മാറ്റി സിലബസ്സുണ്ടാക്കി ബന്ധപ്പെട്ട ബോർഡ് ഓഫ് സ്റ്റഡീസിന് അംഗീകാരത്തിന് സമർപ്പിച്ചു. സർക്കാർ അനുവദിച്ച പ്രോഗ്രാമിന്റെ പേര് മാറ്റം സർക്കാർ അനുമതിയില്ലാതെ മാറ്റാൻ പാടില്ല എന്നത് കൊണ്ട് സർക്കാർ നിർദ്ദേശിച്ച പേരിൽ തന്നെയാണ് ബോർഡ് സിലബസ് ചില നിബന്ധനകളോടെ അംഗീകരിച്ചത്. സമർപ്പിച്ച സിലബസ്സിൽ മൂന്നും നാലും സെമെസ്റ്ററുകളിൽ ഓരോ കോർ കോഴ്‌സുകൾ മാത്രമേ പൊറാട്ട സംബന്ധമായി ഉണ്ടായിരുന്നുള്ളൂ എന്നത് കൊണ്ട് അടുത്ത സിലബസ് പരിഷ്കരണത്തിൽ പൊറാട്ട സംബന്ധമായി കൂടുതൽ കോഴ്‌സുകൾ ഉൾക്കൊള്ളിക്കണം എന്നും ഓഡിറ്റ് കോഴ്‌സുകൾ നിർബന്ധമായി പൊറാട്ട സംബന്ധമായിട്ടുള്ളതായിരിക്കണം എന്നും ബോർഡ് നിഷ്കർഷിച്ചു . കേരളത്തിലെ മറ്റൊരു സർവകലാശാലയിൽ എം എ (ചോറും ചപ്പാത്തിയും) എന്ന പേരിലുള്ള പ്രോഗ്രാമിനും ഈ അസമമായ സ്വഭാവം ഉള്ളത് ബോർഡ് ശ്രദ്ധിച്ചു. കാലം ഏറെ ചെന്നില്ല . കോളേജിലെ ബ്രോഷറിൽ എം എ ചോറ് (ഇലെക്റ്റിവ് ആയ പൊറാട്ടക്കൊപ്പം ) എന്നച്ചടിച്ചതും ആ പേരിൽ വിദ്യാർത്ഥികളെ പ്രവശിപ്പിച്ചതും കണ്ടു ബോർഡ് അംഗങ്ങൾ ഞെട്ടി. ഈ മാറ്റത്തിന് സർക്കാർ അംഗീകാരം ഇല്ലെന്നും അംഗീകാരത്തിന് അപേക്ഷ പോയിട്ടേയുള്ളൂ എന്നും വകുപ്പ് തലവൻ വെളിപ്പെടുത്തി. അങ്ങനെയെങ്കിൽ ആ വിവരം മറ്റൊരു പേരിൽ സിലബസ് അംഗീകരിച്ച പഠന ബോർഡിനെ അറിയിക്കണം എന്ന കാര്യം എല്ലാവരും മറന്നു. ഏതായാലും കോർ ആയിരുന്ന രണ്ടു പൊറാട്ട സംബന്ധമായ കോഴ്‌സുകൾ ഇലെക്റ്റിവ് ആക്കി പുനർരൂപകൽപന ചെയ്യാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. അങ്ങനെ വരുമ്പോൾ ഈ പുതിയ പ്രോഗ്രാമിന് നിലവിൽ കോളേജുകൾ നടത്തുന്ന എം എ (ചോറ്) പ്രോഗ്രാമുമായി, രണ്ടു ഇലെക്റ്റിവ്കൾ വേറെ ഉണ്ട് എന്നതല്ലാതെ, കാതലായി ഒരു വ്യത്യാസവുമില്ല എന്ന് വരുന്നു. അതായത് സാങ്കേതികമായി പൊറാട്ട സംബന്ധമായ ഒരൊറ്റ കോഴ്‌സും എടുക്കാതെ വിദ്യാർത്ഥികൾക്ക് പ്രോഗ്രാം പൂർത്തിയാക്കാം!. അപ്പോൾ innovation? അത് കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ മറ്റു തള്ളലുകൾ പോലെ തന്നെ.

ഇങ്ങനെയൊക്കെ ചെയ്യുന്നതിന് ചില ന്യായീകരണങ്ങൾ കേട്ടിരുന്നു. സർക്കാർ കോളേജ് ആയത് കൊണ്ട് ട്രാൻസ്ഫർ അടിക്കടി ഉണ്ടാകും. മാറി വരുന്ന അധ്യാപകർക്ക് പൊറാട്ട അടിക്കാൻ അറിയണമെന്നില്ല. പക്ഷെ ഈ പ്രോഗ്രാമിന് , ചോറിനായാലും പൊറാട്ടക്കായാലും അടുത്ത അഞ്ചു വർഷത്തേക്ക് പുതിയ നിയമനങ്ങൾ ഉണ്ടാകില്ല എന്നും ഗസ്റ്റ് അധ്യാപകരെ വെച്ച് കാര്യങ്ങൾ നടത്തിക്കൊണ്ടു പോകണം എന്നും സർക്കാർ ഉത്തരവിൽ വയക്തമാക്കിയത് കൊണ്ട് ഈ വാദം അപ്രസക്തമാണ്. പൊറാട്ട അടിക്കാൻ അറിയുന്നവരെ ഗസ്റ്റ് അധ്യാപകരായി എടുത്താൽ മതിയല്ലോ. ഫലത്തിൽ നഗരത്തിലെ മറ്റു നാല് കോളേജുകളിലെ എം എ (ചോറ്) പ്രോഗ്രാമുകളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല ഈ നവനവോന്മേഷശാലിനി പ്രോഗ്രാമും.

അസംബന്ധ നാടകങ്ങൾ വായിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന അധ്യാപകർക്ക് ഇത്തരം അസംബന്ധനാടകങ്ങൾ ജീവിതത്തിൽ കാണാൻ കഴിയുന്നത് വലിയ ഭാഗ്യമാണ്.

Report Page