*/

*/

Source

‘കേരളം ഞങ്ങള്‍ ബംഗാളാക്കും’ എന്നായിരുന്നു കേരളത്തിലെ സി.പി.എമ്മുകാര്‍ 2006 വരെ വിളിച്ചിരുന്ന മുദ്രാവാക്യം.

♦️ മൂന്നരപ്പതിറ്റാണ്ടത്തെ സി.പി.എം തുടര്‍ഭരണം ബംഗാളിനെ തകര്‍ത്ത് തരിപ്പണമാക്കി.
♦️ രാജ്യത്തെ ഏറ്റവും വലിയ പട്ടണി സംസ്ഥാനം.
♦️വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ- തൊഴില്‍ മേഖലകള്‍ നാമാവശേഷമായി.
♦️സര്‍ക്കാര്‍ ജോലികള്‍ സഖാക്കളക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടു.
♦️സര്‍വ്വകലാശാലകളില്‍ കമ്മ്യൂണിസ്റ്റ് ആധിപത്യം.
♦️പി.എസ്.സി നോക്കുകുത്തിയായി.
♦️ഏഴ് ലക്ഷം ബംഗാളികള്‍ തൊഴില്‍ തേടി കേരളത്തില്‍ വന്നതാണ് തുടര്‍ഭരണത്തിന്റെ വലിയ സംഭാവന.

എന്നാല്‍ ഇപ്പോള്‍ തുടര്‍ഭരണത്തിന് വോട്ട് വേണമെന്ന് പറയുന്നവര്‍ എന്തുകൊണ്ടാണ് 34 കൊല്ലം അവര്‍ ഭരിച്ച ബംഗാളിലെ വികസനത്തെക്കുറിച്ചും ക്ഷേമപെന്‍ഷനുകളെക്കുറിച്ചും മെച്ചപ്പെട്ട് പൊതു വിദ്യാഭ്യാസത്തെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും മിണ്ടാതിരിക്കുന്നത്. തുടര്‍ഭരണം മൂന്നരപ്പതിറ്റാണ്ട് കിട്ടിയിട്ട് അവിടെ എന്ത് വികസനമാണ് ഉണ്ടായതെന്ന് കേരളത്തിലെ സി.പി.എം നേതൃത്വം സംസ്ഥാനത്തെ ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തണം.

ആരോഗ്യ- വിദ്യഭ്യാസ- വ്യവസായ- തൊഴില്‍ മേഖലകളെ ബംഗാളിലെ സി.പി.എം തകര്‍ത്തെറിഞ്ഞതിനെ കുറിച്ച് എന്തുകൊണ്ടാണ് കേരളത്തില്‍ വിശദീകരിക്കാന്‍ മടിക്കുന്നത്. മൂന്നര പതിറ്റാണ്ട് സി.പി.എം ഭരിച്ച ബംഗാള്‍ ഏത് രംഗത്താണ് മുന്‍പന്തിയിലെന്ന് സി.പി.എമ്മുകാര്‍ ഇതുവരെ പറഞ്ഞിട്ടില്ല. 2011ല്‍ സി.പി.എം അധികാരത്തില്‍ നിന്നൊഴിയുമ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പട്ടിണിയുള്ള സംസ്ഥാനമായി ബംഗാള്‍ മാറിക്കഴിഞ്ഞിരുന്നു. അതായത് ജനസംഖ്യയുടെ 11ശതമാനം പേര്‍ കടുത്ത ദാരിദ്ര്യത്തിലും പട്ടിണിയിലുമായിരുന്നു. ഏറ്റവും കൂടുതല്‍ പട്ടിണിയുള്ള സംസ്ഥാനമെന്ന് വിശേഷിപ്പിച്ചിരുന്ന ഒഡീഷയില്‍ പോലും ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമാണ് പട്ടിണിക്കാരെന്നാണ് നാഷണല്‍ സാമ്പില സര്‍വ്വേയുടെ കണക്കുകള്‍. തൊഴിലില്ലായ്മ ദാരിദ്ര്യം ആരോഗ്യ രംഗത്തെ പിന്നോക്കാവസ്ഥ ഇതൊക്കെ പറയുമ്പോള്‍ സി.പി.എം നേതാക്കള്‍ ഇവിടുത്തെ പോലെ അങ്ങ് ബംഗാളിലും സ്ഥിരമായിപ്പറയുന്ന ചില തരികിട ന്യായീകരണങ്ങളുണ്ട്. നവഉദാരവത്ക്കരണം, ആഗോളവത്ക്കരണം,സാമ്രാജ്യത്വം, ബൂര്‍ഷ്വാസി എന്നൊക്കെയുള്ള പതിവ് പല്ലവികളാണ് പറഞ്ഞിരുന്നത്.

സ്റ്റാലിനിസ്റ്റ് മാത്രകയില്‍ ജനാധിപത്യ സംവിധാനങ്ങളെ മുഴുവന്‍ കൈപ്പിടിയിലൊതുക്കിയുള്ള ഭരണമായിരുന്നു ജ്യോതി ബസുവിന്റെയും ബുദ്ധദേവിന്റെയും കാലത്ത് നടന്നിരുന്നത്. പ്രാദേശിക നേതാക്കന്‍മാരുടെ ചൊല്‍പ്പടിയിലായിരുന്നു പഞ്ചായത്ത്, മുന്‍സിപ്പല്‍, വില്ലേജ് ഉള്‍പ്പെടുന്ന ഭരണകൂടങ്ങള്‍. സര്‍ക്കാര്‍ ജോലികളും കരാറുകളുമെല്ലാം സി.പി.എമ്മിന്റെ സഖാക്കള്‍ക്കും അവരുടെ നേതാക്കള്‍ക്കും. മരാമത്ത് വകുപ്പുകളിലെ പണി മുഴുവന്‍ സി.പി.എമ്മിന്റെ കുത്തകയായിരുന്നു. ഗ്രാമീണ വികസനത്തിന് വേണ്ടി അനുവദിക്കുന്ന പണം മുഴുവന്‍ സി .പി.എം നേതാക്കള്‍ ഇടനിലക്കാരായി നിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. അതുകൊണ്ട് തന്നെ മെച്ചപ്പെട്ട റോഡും പാലങ്ങളും വൈദ്യുതിയും സ്‌കൂളുകളും ആരോഗ്യകേന്ദ്രങ്ങളും ബംഗാളിലെ ഗ്രാമങ്ങളിലോ ഇടത്തരം പട്ടണങ്ങളിലോ ഉണ്ടായിരുന്നില്ല.

സ്‌കൂളുകള്‍ക്ക് വേണ്ടിയുള്ള പ്രാഥമിക സൗകര്യങ്ങള്‍ ഒന്നും തന്നെ സി.പി.എം സര്‍ക്കാരുകള്‍ ഒരുക്കിയിരുന്നില്ല. ഇന്ത്യയിലെ ഏറ്റവും മോശപ്പെട്ട സ്‌കൂള്‍ വിദ്യാഭ്യാസം ഉണ്ടായിരുന്നത് ബംഗാളിലായിരുന്നു. അധ്യാപകരെയും അനധ്യാപകരെയും പൂര്‍ണ്ണമായി രാഷ്ട്രീയ വല്‍ക്കരിച്ച് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി വിനിയോഗിച്ചു. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും അധ്യാപകരാണ് പാര്‍ട്ടിയുടെ കേഡര്‍ സംവിധാനങ്ങള്‍ കെട്ടിപ്പടുത്തത്. ഇന്ന് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയെ ആര്‍.എസ്.എസും സംഘപരിവാര്‍ സംഘടനകളും ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുന്നത് പോലെയാണ് ലോകോത്തര നിലവാരമുണ്ടായിരുന്ന കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയെയും പ്രസിഡന്‍സി കോളേജിനെയും സി.പി.എമ്മിന്റെ രാഷ്ട്രീയം ഉപയോഗിച്ച് തകര്‍ത്ത് ഇല്ലാതാക്കിയത്. സര്‍വ്വകലാശാലകളില്‍ സി.പി.എം ബന്ധമുള്ള അധ്യാപകരെ കുത്തിനിറച്ചു. ഇവിടങ്ങില്‍ സി.പി.എമ്മുകാരാല്ലാത്ത ആര്‍ക്കും ജോലി കിട്ടാത്ത അവസ്ഥയുണ്ടാക്കി. മെറിറ്റ് ഒരു ഘട്ടത്തില്‍ പോലും പരിഗണിക്കപ്പെട്ടിരുന്നില്ല. സ്വജനപക്ഷപാതം അതിന്റെ പാരമ്യത്തിലായിരുന്നു. പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതിലിലൂടെയും അല്ലാതെയും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമനം നടത്തി.

കീഴ്‌ക്കോടതികളെയും നിയമസംവിധാനങ്ങളെയും പാടെ തകര്‍ത്തുകളഞ്ഞു. ജുഡീഷ്യറിയിലേക്കുള്ള നിയമനങ്ങള്‍ മുഴുവന്‍ സി.പി.എമ്മിന്റെ കുത്തകയായി മാറി. പൊലീസിനെ പൂര്‍ണ്ണമായും രാഷ്ട്രീയവല്‍ക്കരിച്ചു. സി.പി.എം അല്ലാത്ത ആര്‍ക്കും നീതി ലഭിക്കാത്ത അവസ്ഥയുണ്ടാക്കി. പൊലീസും പാര്‍ട്ടിയും പ്രാദേശിക നേതൃത്വങ്ങളും ചേര്‍ന്ന് ഒരുതരം ഗുണ്ടായിസമാണ് നടപ്പിലാക്കിയിരുന്നത്. വ്യാപകമായ തോതില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായിട്ടും കൃത്യമായ അന്വേഷണമോ നീതിനടപ്പാക്കലോ ഉണ്ടായിട്ടില്ല. 2007ല്‍ ബുദ്ധദേവ് ഭട്ടാചാര്യ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞത് 50000ത്തിലധികം പേര്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ്. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരെ മൃഗീയമായി കൊന്നൊടുക്കുന്നത് അവിടെ പതിവായിരുന്നു.

ജസ്റ്റിസ് രാജേന്ദ്ര സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ മുസ്ലീങ്ങളില്‍ ഏറ്റവും പിന്നോക്കാവസ്ഥയനുഭവിക്കുന്നത് ബംഗാളിലെ മുസ്ലീങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. വിദ്യാഭ്യാസ- സാമൂഹിക- ആരോഗ്യ രംഗങ്ങളില്‍ ഇവരുടെ നില മെച്ചപ്പെടുത്താന്‍ 34 വര്‍ഷം ഭരിച്ച ഇടതുമുന്നണി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്. സി.പി.എമ്മിന്റെ ന്യൂനപക്ഷ സംരക്ഷണം എന്നതൊക്കെ മൈക്കിന് മുന്നിലും കടലാസിലും മാത്രമുള്ള മുദ്രാവക്യമായി ബംഗാളില്‍ ചുരുങ്ങി. പട്ടികജാതി പട്ടികവര്‍ഗത്തേക്കാള്‍ താഴ്ന്ന ജീവിതനിലവാരമാണ് മുസ്ലീങ്ങള്‍ക്കുണ്ടായിരുന്നത്. ബംഗാളിലെ 28 പാര്‍ലമെന്റ് നിയോജകമണ്ഡലങ്ങളില്‍ മുസ്ലീം വോട്ടുകള്‍ നിര്‍ണ്ണായകമാണ്. മിക്ക മണ്ഡലങ്ങളിലും 70 ശതമാനത്തോളം വോട്ടര്‍മാര്‍ ഈ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. ഇടത് രാഷ്ട്രീയത്തെ താങ്ങി നിര്‍ത്തിയ ഈ സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി യാതൊന്നും സി.പി.എമ്മും അവരുടെ ഭരണകൂടവും ചെയ്തില്ലെന്നായിരുന്നു സച്ചാര്‍ കമ്മീഷന്റെ കണ്ടെത്തല്‍. മുസ്ലീങ്ങള്‍ കൈവിട്ടതോടെ ബംഗാള്‍ രാഷ്ട്രീയത്തില്‍ സി.പി.എം ഒന്നുമല്ലാതായി. ഈ വോട്ട് ബാങ്കാണ് പൂര്‍ണ്ണമായും മമതയ്‌ക്കൊപ്പം ചേര്‍ന്നത്.

തെരെഞ്ഞെടുപ്പു സമ്പ്രദായങ്ങളെ പൂര്‍ണ്ണമായും അട്ടിമറിച്ചാണ് മൂന്നരപതിറ്റാണ്ട് ഇടതുമുന്നണി അധികാരത്തില്‍ ഇരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരെ ഉപയോഗിച്ച്‌ എതിര്‍പ്പാര്‍ട്ടിക്കാരെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് വ്യാപകമായി വെട്ടിമാറ്റുകയും വോട്ടര്‍പ്പട്ടികയില്‍ കൃത്രിമം നടത്തുകയും കള്ളവോട്ടും ഇരട്ടവോട്ടുമൊക്കെ സൃഷ്ടിക്കുന്നതും അവിടെ പതിവായിരുന്നു. തെരെഞ്ഞെടുപ്പു ദിവസം സംസ്ഥാനത്തുടനീളം കലാപങ്ങള്‍ സൃഷ്ടിക്കുക, പൊളിംഗ് ബൂത്തിലെത്തുന്ന ജനങ്ങളെ വിരട്ടിയോടിക്കുക സി.പി.എമ്മുകാര്‍ അല്ലാത്തവരെക്കൊണ്ട് വോട്ട് ചെയ്യിക്കാതിരിക്കുക എന്നിവയായിരുന്നു പാര്‍ട്ടിയുടെ കേഡറുകളെ ഉപയോഗിച്ച് ചെയ്തിരുന്നത്. ബംഗാളില്‍ സ്ഥിരമായി തെരെഞ്ഞെടുപ്പു പ്രക്രിയകള്‍ അട്ടിമറിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര തെരെഞ്ഞെടുപ്പു കമ്മീഷന്‍ അഫ്‌സല്‍ അമാനുള്ളഖാന്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ പ്രത്യേക നിരീക്ഷകനായി നിയമിച്ചു. ”ശാസ്ത്രീയമായ” വിധത്തിലുള്ള അട്ടമറിയാണ് തെരെഞ്ഞെടുപ്പു രംഗത്ത് സി.പി.എം നടത്തുന്നതെന്നാണ് അമാനുള്ള കണ്ടെത്തിയത്.

സമാനമായ സ്ഥിതിയാണ് സി.പി.എം ഭരിക്കുമ്പോഴെല്ലാം വിദ്യാഭ്യാസ- തൊഴില്‍- ആരോഗ്യ- സര്‍വ്വകലാശാല മേഖലകളില്‍ കേരളത്തില്‍ കണ്ടുവരുന്നത്. പിണറായി സര്‍ക്കാരിന്റെ കാലത്ത് മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് പിന്‍വാതിലിലൂടെ നിയമനം നല്‍കിയത്. പി.എസ്.സി വെറും നോക്കുകുത്തിയായി മാറി. എസ്.എഫ്.ഐയുടെ അറിയപ്പെടുന്ന ഗുണ്ടകള്‍ക്കാണ് സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകള്‍ ലഭിച്ചത്. സി.പി.എം നേതാക്കളുെടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും ഭാര്യമാര്‍ക്കും മാത്രം സര്‍ക്കാര്‍ ജോലി കിട്ടുന്ന സാഹചര്യവും സംജാതമായി. സര്‍വ്വകലാശാലകളില്‍ സി.പി.എമ്മുകാരുടെ വേണ്ടപ്പെട്ടവര്‍ക്കല്ലാതെ അധ്യാപക അനധ്യാപക നിയമനങ്ങള്‍ ലഭിക്കാതെയായി. സി.പി.എമ്മിന്റെ മുന്‍ എം.പി എം.ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് അനധികൃതമായി കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ അസി.പ്രൊഫസറായി ജോലി ലഭിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. കേരളത്തിലും സര്‍വ്വകലാശാലകള്‍ ഏതാണ്ട് പൂര്‍ണ്ണമായും സി.പി.എമ്മിന്റെ നിയന്ത്രണത്തിലാണ്. പരീക്ഷ സമ്പ്രദായങ്ങള്‍ അട്ടിമറിക്കുകയും വാരിക്കോരി മാര്‍ക്ക് നല്‍കുന്നതും പതിവായി.

രാഷ്ട്രീയ എതിരാളികളെ മൃഗീയമായി കൊലപ്പെടുത്തുന്നതും അത്തരം കൊലയാളികളെ സര്‍ക്കാര്‍ ചെലവില്‍ സംരക്ഷിക്കുന്നതിലും സ്വീകരിച്ചിരിക്കുന്നത് ബംഗാള്‍ മോഡലാണ്. യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളെ വെട്ടിക്കൊന്ന കേസിലെ പ്രതികളെ രക്ഷിക്കാന്‍ കോടിക്കണക്കിന് രൂപയാണ് ഖജനാവില്‍ നിന്ന് ചെലവഴിച്ചത്. പൊലീസിനെ രാഷ്ട്രീയ വല്‍ക്കരിക്കുകയും ഭരണകൂടത്തിന്റെ മര്‍ദ്ദന ഉപകരണമാക്കി മാറ്റുകയും ചെയ്തു. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അഴിമതി നടത്തുകയും ഏറ്റവും കൂടുതല്‍ തെരെഞ്ഞെടുപ്പു പ്രക്രിയയെ തന്നെ പൂര്‍ണ്ണമായി അട്ടിമറിക്കുകയും ചെയ്യുന്ന സ്ഥിതി കേരളത്തിലും സംഭവിച്ചിരിക്കുകയാണ്. ഇരട്ടവോട്ടും, വ്യാജ വോട്ടറന്‍മാരും കൃത്രിമ വോട്ടര്‍ പട്ടികയുമെല്ലാം തെരെഞ്ഞെടുപ്പു പ്രകിയ അട്ടിമറിക്കുന്നതിന്റെ ബംഗാള്‍ മോഡലുകളാണ്. തുടര്‍ഭരണത്തിന്റെ ദുരന്തങ്ങളല്ലാതെ 34 വര്‍ഷം ബംഗാളില്‍ എടുത്തുപറയത്തക്ക ഒരു നേട്ടവും സൃഷ്ടിക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞില്ല.

(Info - Padavaal)

Report Page