*/

*/

Source

തെരഞ്ഞടുപ്പ് മുമ്പൊക്കെ ജനായത്ത ഉത്സവമായിരുന്നു.!

മുമ്പൊക്കെ തെരഞ്ഞെടുപ്പ് വരുമ്പോൾ ഒരു ജനായത്തഉത്സവം പോലെയേ തോന്നിയിരുന്നുള്ളൂ. അവസരം പരീക്ഷിക്കപ്പെടുന്ന ഒരു രാഷ്ട്രീയഉത്സവം. ജയപരാജയങ്ങൾ ഉണ്ടാവും. അത് ജനായത്തത്തിന്റെ ഒരു നിയമം മാത്രമാണ്.
എന്നാൽ, ഇപ്പോൾ അങ്ങനെയല്ല. തെരഞ്ഞെടുപ്പ് പലരുടെയും മനസ്സിൽ ഭീതി പരത്തുകയാണ്.എന്തൊക്കെയോ പിടിച്ചെടുക്കാൻ പോകയാണ് എന്ന തോന്നൽ, ശക്തമാവുന്നു.ആരൊക്കെയോ പുറത്താകാൻ പോകുന്നു എന്ന ധ്വനികൾ.

"Do or die എന്ന നിലയിലേയ്ക്ക് തെരഞ്ഞെടുപ്പ് മാറുന്നത് തിരിച്ചറിയുന്നു", എന്നൊരു വാക്യം ഇന്ന് എ. കെ ആന്റണി തന്റെ ഒരു ചാനൽ അഭിമുഖത്തിൽ പറയുന്നത് കേട്ടു.ഒരു പത്ത് കൊല്ലത്തിനു ശേഷം ആദ്യമയാണ്, അങ്ങേര് വായതുറന്നു സംസാരിക്കുന്നത് തന്നെ ഞാൻ കാണുന്നത്. അദ്ദേഹം പറഞ്ഞതിന്റെ സന്ദർഭം ഇത്തിരി വ്യത്യസ്തമാണെങ്കിലും ആ പറച്ചിലിൽ ഒരു ആശങ്ക ഫീൽ ചെയ്യുന്നുണ്ട്.
മോഡിയുടെ രണ്ടാമൂഴത്തിന് ശേഷം, ഇത്തരം തെരഞ്ഞെടുപ്പുകൾ, ഇന്ത്യയിലെ മനുഷ്യരെ സ്വാതന്ത്രമായി കഞ്ഞി കുടിച്ചു ജീവിക്കാൻ വിടുന്ന ഒന്നല്ലെന്നും എന്തൊക്കെയോ, ആരെയൊക്കെയോ വകഞ്ഞുമാറ്റാനും മാറ്റിനിർത്താനും ഉള്ളതാണെന്നുമുള്ള തോന്നൽ ഇവിടുത്തെ ഭൂരിപക്ഷ മനുഷ്യർക്കുള്ളിലും ഉണ്ട്. ഭരണഘടന വിഭാവനം ചെയ്ത പൗരാവകാശനിയമങ്ങൾ ഭേദഗതിയാകാമെന്നൊക്കെയുള്ള നിയമ നിർമാണചർച്ചകൾ അത്രമേൽ ദ്രുവീകരണത്വരയും ഭീതിയുമാണ് ഇന്ത്യയിലെ പൗരസമൂഹത്തിൽ ഉണ്ടാക്കിയിട്ടുള്ളത്.ഇത് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പോലും അതുപോലെ വിളമ്പിയിട്ടുമുണ്ട്. മനുഷ്യരുടെ /പൗരജനങ്ങളുടെ അടിസ്ഥാന ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള് തന്റേടം മിക്ക പ്രകടനപത്രികയിലും കാണുന്നില്ല.

ആദ്യമേ, പ്രധാമന്ത്രി /മുഖ്യമന്ത്രി -മാരെ പ്രഖ്യാപിച്ചുകൊണ്ടുള്ള തെരുതെളിക്കൽ തുടങ്ങിവെച്ചത് അടുത്തകാലത്താണ്. ഒരുതരം ഏകധിപത്യസ്വരമാണ്, യഥാർത്ഥ ജനാധിപത്യ വിശ്വാസികളിൽ ഇത്തരം വിളംബരം ഉണ്ടാക്കുക. എന്നാൽ, അങ്ങനെയല്ലാതെ ഇനി തെരഞ്ഞെടുപ്പ് അസാധ്യമാണ് എന്ന നിലയിലേയ്ക്ക് ഇന്ന് ഏതാണ്ടെല്ലാപാർട്ടികളും എത്തിക്കഴിഞ്ഞു.

പൗരന്മാരുടെ വോട്ടിനെക്കുറിച്ചു എത്ര മഹത്തരമായ വാചകം ആര് കുറിച്ചുവെച്ചാലും, ഈ വോട്ട് തന്റെ രക്ഷകനോ ശിക്ഷകനോ എന്ന ഒരു സംശയം പോളിംഗ്ബൂത്തിൽ ഒരു വോട്ടറിൽ ഇന്നുണ്ടാകുന്നുണ്ട്.
ആയതിനാൽ, ജനയാത്തത്തെ ശാക്തീകരിക്കുംവിധം നമ്മുടെ ജനാധിപത്യത്തിന്റെ ഉപകരണങ്ങളെ നവീകരിക്കേണ്ടതും മൗലികമായ നമ്മുടെ വിശ്വാസങ്ങളും പൗരധർമവും കാത്തുസൂക്ഷിക്കാൻ അവസരമൊരുക്കേണ്ടതും ഈ തെരഞ്ഞെപ്പിൽ ഓരോരുത്തരുടെയും ബാധ്യതയത്രേ.

Report Page