*/

*/

Source

ലോക സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു പക്ഷെ കേട്ട് കേൾവിയില്ലാത്ത ഒരപൂർവ്വത സംഭവിച്ചു. നാല് വർഷം മുൻപ് ഇറങ്ങിയ പരാജയപ്പെട്ട ഒരു സിനിമയുടെ മറ്റൊരു പതിപ്പ് വീണ്ടും റിലീസ് ചെയ്തു. Zack Snyder's Justice League.

ഈ സിനിമയ്ക്ക് വേണ്ടി നടന്ന പോരാട്ടം ചരിത്രത്തിൽ സമാനതകൾ ഇല്ലാത്തതാണ്. സോഷ്യൽ മീഡിയയയുടെ സ്വാധീനശക്തി എന്താണെന്ന് കാണിച്ചു തരിക കൂടി ചെയ്യുന്നുണ്ട്.

ഈ സിനിമയെ കുറിച്ച് അല്പം ചരിത്രം. മാർവൽ അവരുടേതായ ഒരു സിനിമാറ്റിക് യൂണിവേഴ്സ് ഉണ്ടാക്കി പരസ്പരം കണക്ട് ചെയ്യുന്ന സിനിമകൾ ഇറക്കി ബോക്സ് ഓഫീസ് കളക്ഷൻ വാരി കൊണ്ട് പോകുന്ന സമയത്താണ് മാർവലിന്റെ ചിരവൈരികൾ ആയ DC Comicsനും സമാനമായ ഒന്ന് ഉണ്ടാക്കാൻ തോന്നിയത്. DC Comics ന്റെ മുഴുവൻ കഥാപാത്രങ്ങളും സിനിമയാക്കാൻ ഉള്ള കരാർ warner brothers നായിരുന്നു.

സാക്ഷാൽ ക്രിസ്റ്റഫർ നോളന്റെ ബാറ്റ്‌മാൻ സീരീസിലെ രണ്ട് ചിത്രങ്ങൾ ഇതിനോടകം ഇറങ്ങിയിരുന്നു. നോളനെ തന്നെ പ്രൊഡ്യൂസർ ആക്കി "Man of Steel" എന്ന സിനിമയിലൂടെ DC യുടെ സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കം കുറിക്കുന്നത് അങ്ങനെയാണ്. DC യുടെ തന്നെ Watchmen എന്ന കോമിക്സ് 2009ൽ നിരൂപക പ്രശംസ പിടിച്ചു പറ്റിയ സിനിമയാക്കിയ Zack Snyder ആയിരുന്നു സംവിധായകൻ. സിനിമ തീയറ്ററിൽ നന്നായി ഓടുകയും Zack ൽ ഉള്ള വാർണർ ബ്രദേഴ്സിന്റെ വിശ്വാസം വർദ്ധിക്കുകയും ചെയ്തു. Zackനെ തന്നെ DC സിനിമാറ്റിക് യൂണിവേഴ്സിന്റെ ചുമതല ഏൽപ്പിക്കുകയും ചെയ്തു.

Zack ഇതിനായി നാല് സിനിമകളുടെ കൂടി ഒരു പ്ലോട്ട് ലൈൻ തയ്യാറാക്കി. ഇതിൽ അവസാന മൂന്ന് സിനിമകൾ മൂന്ന് പാർട്ടായി വരുന്ന justice league സിനിമകൾ ആയിരുന്നു. രണ്ടാമത്തെ ചിത്രമായ Batman vs Superman അത്‌ കൊണ്ട് തന്നെ ആരാധകരുടെയും സ്റ്റുഡിയോയുടെയും പ്രതീക്ഷ വാനോളം ഉയർത്തി. ബോക്സ് ഓഫീസിൽ നന്നായി ഓടിയെങ്കിലും സിനിമ നിരൂപകർക്ക് കാര്യമായി ഇഷ്ടപ്പെട്ടില്ല. Warner Brothers സ്വപ്നം കണ്ട ഒരു ബില്യൺ ഡോളർ എന്ന സംഖ്യയിലേക്ക് സിനിമയുടെ കളക്ഷൻ എത്തിയുമില്ല. നാല് വർഷം മുൻപ് ഇറങ്ങിയ മാർവലിന്റെ Avengers ഏതാണ്ട് ഒന്നര ബില്ല്യൺ ഡോളർ വാരി കൊണ്ട് പോയിരുന്നു. വാർണർ ബ്രദർസിന് Zack ലുള്ള വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. അപ്പോഴേക്കും Zack ന്റെ മൂന്നാമത്തെ ചിത്രത്തിന്റെ പണികൾ തുടങ്ങിയിരുന്നത് കൊണ്ട് വാർണർ ബ്രദേഴ്സിന് കാര്യമായൊന്നും ചെയ്യാൻ പറ്റുമായിരുന്നില്ല.

എങ്കിലും ഷൂട്ടിങ് ഒക്കെ കഴിഞ്ഞ സമയത്ത് അവർ Avengers സംവിധായകൻ Joss Whedon നെ സമീപിക്കുകയും Zack ന്റെ സിനിമ കുറെ കൂടി marvel മോഡൽ ആക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മൂന്നര മണിക്കൂēർ ഉണ്ടായിരുന്ന സിനിമ രണ്ട് മണിക്കൂർ ആയി കുറയ്ക്കാനും സ്റ്റുഡിയോ ആവശ്യപ്പെട്ടു. ഈ സമയത്താണ് Zack Snyder ന്റെ മകൾ Autumn Snyder ആത്മഹത്യ ചെയ്യുന്നത്. ആകെ തകർന്ന Zack കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ വേണ്ടി സിനിമയിൽ നിന്ന് തല്ക്കാലം മാറി നിൽക്കാൻ തീരുമാനിക്കുന്നു. ആ സമയത്ത് സ്റ്റുഡിയോയുമായി ഒരു fight നുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല Zack. ഇതൊരവസരമായി കണ്ട വാർണർ ബ്രദേർസ് Zack ന് പകരം Joss Whedon നെ കൊണ്ട്തന്നെ സിനിമ പൂർത്തിയാക്കാൻ തീരുമാനിക്കുന്നു.

Zack ഷൂട്ടിങ് തീർത്തിരുന്നെങ്കിലും Joss ന്റെ സംവിധാനത്തിൽ കുറെ കൂടി ഭാഗം റീഷൂട്ട്‌ ചെയ്യാൻ Joss തീരുമാനിക്കുന്നു. ഷൂട്ടിങ് തീർന്നിരുന്നത് കൊണ്ട് നടീനടന്മാർ ഒക്കെ മറ്റു പ്രൊജക്ടുകളിൽ ചേർന്നിരുന്നു. അവരെയൊക്കെ റീഷൂട്ടിനായി ഒരുമിച്ച് കൂട്ടുന്നു. സൂപ്പർമാൻ ആയി അഭിനയിക്കുന്ന ഹെൻറി കാവിൽ ആ സമയം Mission impossible എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ആ കഥാപാത്രതിന് മീശയുണ്ട്. contract പ്രകാരം ഹെൻറിക്ക് മീശ വടിക്കാൻ ആകുമായിരുന്നില്ല. ഒടുവിൽ മീശ വെച്ച് തന്നെ ഷൂട്ട്‌ ചെയ്യാം എന്നും പോസ്റ്റ്‌ പ്രോഡക്ഷനിൽ മീശ കളയാം എന്നും തീരുമാനിക്കുകയും അപ്രകാരം തന്നെ സിനിമ പൂർത്തിയാക്കുകയും ചെയ്തു.

സിനിമയുടെ പ്രിവ്യൂ കണ്ട ക്രിസ്റ്റഫർ നോളനും Zack ന്റെ ഭാര്യയും ഈ സിനിമ Zack നെ ഒരിക്കലും കാണിക്കരുത് എന്നും zack ഇത് കണ്ടാൽ തകരും എന്നും പറഞ്ഞതായി പിന്നീട് റിപ്പോർട്ട് ചെയ്യപ്പെട്ടു. 2017 നവംബറിൽ സിനിമ ഇറങ്ങുന്നു. നിരൂപകർ സിനിമ പാടെ തള്ളിക്കളയുകയും ബോക്സ്ഓഫിസിൽ നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു. അതോട് കൂടി Zack ന്റെ DC യുമായുള്ള ബന്ധം ഏതാണ്ട് അവസാനിച്ചു എന്ന് തന്നെ എല്ലാവരും വിധി എഴുതി.
സിനിമ ഇറങ്ങിയ കുറച്ചു കഴിഞ്ഞ് DC ആരാധകർ #ReleaseTheSnyderCut എന്ന ഹാഷ് ടാഗ് ആരംഭിക്കുകയും online petition വഴി ഒപ്പുകൾ ശേഖരിക്കാനും തുടങ്ങി. Zack നെ തിരിച്ചു കൊണ്ട് വന്നു Zack സ്വപ്നം കണ്ട Justice League ഇറക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. അപ്പോഴും അതൊരു ഒരിക്കലും നടക്കാത്ത സ്വപ്നമായി തന്നെ ഹോളിവുഡ് മൊത്തം വിധിയെഴുതി. വാർണർ ബ്രദേഴ്സിനെ പോലെയുള്ള ഒരു വൻ സ്റ്റുഡിയോയെ ഇത്തരത്തിൽ സ്വാധീനിക്കാൻ പറ്റില്ല എന്ന് തന്നെ സിനിമ മേഖലയിൽ ഉള്ളവർ വിധിയെഴുതി. ആരാധകർ എന്നാൽ പിന്മാറാൻ തയ്യാറല്ലായിരുന്നു. പറ്റാവുന്ന ഇടങ്ങളിൽ ഒക്കെ അവർ ഇതാവശ്യപ്പെട്ടു കൊണ്ടിരുന്നു. ഒരു സമയത്ത് അവർ ഒരു പ്ലെയിൻ വാടകക്ക് എടുത്ത് സിനിമ ഇറക്കൂ എന്നെഴുതിയ ബാനർ വാർണർ സ്റ്റുഡിയോയുടെ ചുറ്റും പറത്തുക വരെയുണ്ടായി. ഈ ക്യാമ്പയ്ൻ പതുക്കെ പതുക്കെ ശക്തി പ്രാപിക്കുകയും പ്രശസ്തരായ പലരും ഇതിനെ കുറിച്ച് സംസാരിക്കാൻ തുടങ്ങുകയും ചെയ്തു. ഈ മൂവ്മെന്റിനൊപ്പം ആത്മഹത്യക്കെതിരെ ബോധവത്കരണം നടത്തുന്ന അമേരിക്കൻ ഫൌണ്ടേഷനുവേണ്ടി ഏതാണ്ട് 5 ലക്ഷം ഡോളർ ആരാധകർ സമാഹരിക്കുകയും ചെയ്തു. Zack തന്നെ തന്റെ മനസ്സിൽ ഉണ്ടായിരുന്ന സിനിമയുടെ പല പ്ലോട്ടുകളും പലപ്പോഴായി വെളിപ്പെടുത്തുകയും ഈ മൂവ്മെന്റിനു ശക്തി പകരുകയും ചെയ്തു. സിനിമയിൽ അഭിനയിച്ചവരും ക്യാമ്പയിൻ ഏറ്റെടുക്കാൻ മുന്നോട്ട് വന്നു.

ഇത്തരത്തിൽ രണ്ടര വർഷം നീണ്ട ആരാധകരുടെ നിരന്തര ക്യാമ്പയി‍നിങ്ങിന്റെ ഫലമായി ഒടുവിൽ വാർണർ ബ്രദേഴ്‌സ് Zackമായി കാണുകയും ഈ സിനിമ ഇറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വാർണർ ബ്രദേഴ്സിന്റെ CEO ഇക്കാലത്ത് മാറിയതും ഗുണമായി. HBO Max streaming വഴി സിനിമ ഇറക്കാം എന്നും ധാരണയാകുന്നു. പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ കുറച്ചധികം ബാക്കിയുണ്ടായിരുന്നെങ്കിലും ഈ സിനിമയ്ക്കായ് ഇനിയും കാശ് ഇറക്കാൻ വാർണർ ബ്രദർസ് ഒരുക്കമായിരുന്നില്ല. വിഷ്വൽ എഫക്ടസ് ഇല്ലാതെ സിനിമ ഇറക്കാൻ സ്റ്റുഡിയോ ആവശ്യപ്പെട്ടെങ്കിലും Zack വഴങ്ങിയില്ല. ഈ സിനിമ ഇറക്കുകയാണെങ്കിൽ ഞാൻ മനസ്സിൽ കണ്ട പോലെ തന്നെ ഇറക്കണം അല്ലെങ്കിൽ വേണ്ട എന്ന നിലപാടിൽ Zack ഉറച്ചു നിന്നു. ഒടുവിൽ സ്റ്റുഡിയോ വഴങ്ങുകയും ഏതാണ്ട് 70 മില്യൺ ഡോളർ ബാക്കി പണികൾക്കായി നൽകുകയും ചെയ്തു. Joss Whedon ന്റെ സിനിമ വെറും രണ്ട് മണിക്കൂർ ആയിരുന്നെങ്കിൽ Zack ന്റെ സിനിമ നാല് മണിക്കൂർ ആണ്. Joss whedon റീഷൂട്ട്‌ ചെയ്ത ഒന്നും Zack ഉപയോഗിച്ചിട്ടില്ല. ഏതാണ്ട് തീയറ്ററിൽ വന്ന സിനിമയുടെ മുക്കാൽ മണിക്കൂർ മാത്രമേ ഈ സിനിമയിൽ ഉണ്ടാകൂ. ബാക്കി മൂന്നേ കാൽ മണിക്കൂർ ഇത് വരെ കാണാത്തതാണ്.

പരാജയപ്പെട്ട ഒരു സിനിമ അങ്ങനെ ആദ്യമായി ആരാധകരുടെ കടുംപിടിത്തം ഒന്ന് കൊണ്ട് മാത്രം നാളെ പുനർജനിക്കുന്നു. ഈ സിനിമയുടെ വിധി എന്തായാലും ഒരു കോർപ്പറേറ്റ് ഭീമനെ സോഷ്യൽ മീഡിയ മുട്ട്കുത്തിച്ച രാഷ്ട്രീയം എന്നും ഓർമ്മിക്കപ്പെടേണ്ടത് തന്നെയാണ്.
വാൽ: Zack സ്വപ്നം കണ്ട മറ്റു രണ്ട് Justice League സിനിമകൾ കൂടി ഇറക്കണം എന്ന് പറഞ്ഞു ഇപ്പോൾ തന്നെ ആരാധകർ അടുത്ത ക്യാമ്പയ്ൻ ആരംഭിച്ചിട്ടുണ്ട്. #RestoreTheSnyderVerse എന്ന ഹാഷ് ടാഗോട് കൂടി.

Credits: Fawaz Kizhakkethil

Report Page