*/

*/

Source

എല്ലാ വർഷവും അവസാന വർഷ ബിരുദ വിദ്യാർത്ഥികളെ ഏകദിന പഠന യാത്രയ്ക്ക് ഞങ്ങൾ കൊണ്ടുപോകാറുണ്ട്. ചില വർഷങ്ങളിൽ വിനോദ യാത്രയ്ക്ക് പുറമെ ഇത്തരത്തിലുള്ള ഒട്ടേറെ യാത്രകൾ ഞങ്ങൾ നടത്തിയിട്ടുണ്ട്.

ജീവിതത്തിന്റെ ദുരിത പർവ്വങ്ങൾ താണ്ടുന്ന മനുഷ്യർ ഒന്നിച്ചു ജീവിക്കുന്ന വൃദ്ധ സദനങ്ങൾ, പാർശ്വവൽകൃത ജനവിഭാഗങ്ങളുടെ അധിവാസകേന്ദ്രങ്ങൾ,... ഇത്തരം ഇടങ്ങളിലേക്കാണ് പ്രധാനമായും ഞങ്ങൾ വിദ്യാർത്ഥികളെ കൊണ്ടു പോയിരുന്നത്.

വിദ്യാർത്ഥികൾ പിരിച്ചെടുത്ത പണം കൊണ്ട് അവർക്കുള്ള ഒരു നേരത്തെ ഭക്ഷണം ഒരുക്കുക. അവർക്ക് ഭക്ഷണം വിളമ്പി കൊടുത്ത് അവരോടൊപ്പം ഭക്ഷണം കഴിച്ച്, അവരെ കേട്ടും ,പാട്ടു പാടിയും കലാപരിപാടികൾ അവതരിപ്പിച്ചും അവരെ അൽപ്പനേരത്തേക്ക് സന്തോഷിപ്പിച്ച് പിരിയുകയാണ് പതിവ്.

വടകരയിലെ തണൽ ഇത്തരത്തിൽ ഒന്നിലേറെ തവണ ഞങ്ങൾ സന്ദർശിച്ചിട്ടുണ്ട്. പ്രിയ സുഹ്യത്തും എന്റെ നാട്ടുകാരനുമായ ഇല്യാസ് Ilyas Tharuvana തണലിന്റെ നടത്തിപ്പുകാരിൽ പ്രധാനിയാണ്. ഇല്യാസ് തണലിനെക്കുറിച്ചും അവിടുത്തെ അന്തേവാസികളെപ്പറ്റിയും കുട്ടികളോട് ഹൃദയത്തിൽ തൊട്ട് സംസാരിക്കും. ആ സംസാരം വിദ്യാർത്ഥികളുടെ ജീവിതകാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്നതായിരുന്നു. അത്രമേൽ ആത്മീയമായ വിതാനത്തിലേക്ക് ആ സംസാരങ്ങൾ അവയെ നയിച്ചിരുന്നു. തണലിലേക്ക് പോകുമ്പോൾ വണ്ടിയിൽ വെച്ച് പാട്ടു പാടിയവരും നൃത്തം ചെയ്തവരും തിരിച്ചുവരവിൽ നിശ്ശബ്ദരായി, ചിന്തയിൽ മുഴുങ്ങി മറ്റൊരാളായി മാറും..

ഒരു വർഷം ഞങ്ങൾ വിദ്യാർത്ഥികളെ കൊണ്ട് പോയത് തവനൂരിലെ ഗവൺമെന്റ് അനാഥ-അഗതിമന്ദിരത്തിലേക്കായിരുന്നു. അവിടെ മാനസിക രോഗികളെ താമസിപ്പിക്കുകയും ചികിത്സിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനം കൂടി പ്രവർക്കുന്നുണ്ട്.
തവനൂരിലേക്കുള്ള യാത്രയ്ക്കിടയിൽ ചിരകാല സൃഹൃത്തും താവനൂർ നിയോജക മണ്ഡലം എം.എൽ.എയുമായ കെ.ടി.ജലീലിനെ ഫോൺ ചെയ്തു. സംസാരത്തിനിടെ, അഗതി - അനാഥ മന്ദിരം സന്ദർശിക്കുന്ന കാര്യവും മറ്റും പറഞ്ഞപ്പോൾ ജലീൽ , നിങ്ങൾ അവിടേക്ക് എത്തുമ്പോൾ ഞാനും വരാമെന്ന് പറഞ്ഞു. പറഞ്ഞതു പോലെ ഞങ്ങളവിടെ എത്തിയപ്പോൾ ജലീലുമെത്തി.
ഞങ്ങൾ കൊണ്ടുപോയ അന്തേവാസികൾക്കുള്ള വസ്ത്രങ്ങളും മറ്റും സ്ഥാപനത്തിനു വേണ്ടി സ്വീകരിച്ചത് ജലീലായിരുന്നു.
അതിനിടെ മാനസിക രോഗികളെ താമസിപ്പിച്ച കെട്ടിടത്തിനുള്ളിലേക്ക് ജലീലിനോടൊപ്പം ഞങ്ങൾ ഏതാനും പേർ പ്രവേശിച്ചു. വയലന്റും സയലന്റുമായ രോഗികൾ അവരിലുണ്ടായിരുന്നു. ചിലരെ പ്രത്യേക മുറി ( സെല്ല് ) കളിൽ താമസിപ്പിച്ചിരിക്കുന്നു. ജലീൽ ഓരോ രോഗികളെപ്പറ്റിയും കൂടെ വന്ന അവിടുത്തെ ജീവനക്കാരനോട് തിരക്കുകയും അവർക്ക് ചെയ്തു കൊടുക്കേണ്ട കാര്യങ്ങളെപ്പറ്റി പറയുന്നു മുണ്ടായിരുന്നു.

എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊരു കാര്യമാണ്. മാനസിക രോഗികളായ ഒട്ടുമിക്ക അന്തേവാസികൾക്കും ജലീൽ സുപരിചിതനാണ്. തങ്ങൾക്ക് സഹായ സഹകരണങ്ങൾ ചെയ്യുന്ന ഏറെ പ്രിയപ്പെട്ട ഒരാളായാണ് അവർ ജലീലിനെ കണ്ടിരുന്നത്. ഒരു രോഗി തലേ ദിവസത്തെ പത്രത്തിൽ വന്ന ജലീലിന്റെ ഫോട്ടോ ജലീലിനേയും ഞങ്ങളേയും കാണിച്ചു. സ്നേഹത്താൽ ജലീലിനെ കെട്ടിപ്പിടിക്കുവാനും തലോടുവാനും പലരോഗികളും മത്സരിക്കുന്നുണ്ടായിരുന്നു. ഒരു രോഗി ബോഡിഗാഡിനെ പോലെ ജലീലിനു പിന്നാലെ കൂടി... വല്ലാത്തൊരനുഭവമായിരുന്നു അത്. ഇതേപ്പറ്റി ഉച്ച ഭക്ഷണം കഴിക്കുമ്പോൾ ജലീലിനോട് ആരാഞ്ഞു. മറുപടി ഇങ്ങനെയായിരുന്നു: ഞാൻ എന്നു മിവിടുത്തെ സന്ദർശകനാണ്. അതുകൊണ്ടാണ് എല്ലാവർക്കുമെന്നെ പരിചയം. എത്ര അബോധത്തിലാണെങ്കിലും സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നവരെ അവർ തിരിച്ചറിയും...

ഫാറൂഖ് കോളേജിൽ നിന്നുള്ള ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന 45 ഓളം വിദ്യാർത്ഥികളിലോ അധ്യാപകരിലോ തവനൂർ മണ്ഡലത്തിൽ ഉൾപ്പെട്ടവർ ഉണ്ടായിരുന്നുവോ എന്ന കാര്യം സംശയമാണ്. ഉണ്ടെങ്കിൽ തന്നെ ഒന്നോ രണ്ടോ പേർ. അതിനാൽ വോട്ടിനു വേണ്ടിയുള്ള നാടകമായിരുന്നില്ല ജലീലിന്റെ ഞങ്ങളോടൊപ്പമുള്ള ആ ദിനം എന്നെനിക്കുറപ്പുണ്ട്.

ഒരു ചെറിയ സേവനം ചെയ്താൽ പോലും ഫേസ്ബുക്കിൽ ലൈവ് വന്ന് അക്കാര്യം വിളിച്ചു പറയുന്ന അൽപ്പത്തമൊന്നും ജലീൽ ഒരിക്കലും ചെയ്യാറില്ല.
ജലീലിനോടൊപ്പം ചില വേദികളിൽ പ്രവർത്തിക്കുവാൻ അവസരമുണ്ടായിട്ടുണ്ട്. പ്രിയ സുഹൃത്തിനോട് ചില കാര്യങ്ങളിൽ വിയോജിപ്പുമുണ്ടായിട്ടുണ്ട്. എന്നാൽ ജലീലിനുള്ളിലെ നന്മയെയും കാരുണ്യ, സേവന സന്നദ്ധതയേയും ഈ വേളയിലെങ്കിലും സ്മരിക്കാതിരുന്നാൽ അന്യായമായി പോകും എന്നതിനാലാണ് ഇത്രയും പറഞ്ഞത്.

Report Page