*/

*/

Source

1983 --------

തിരുവനന്തപുരത്ത് തൈക്കാട് ശാസ്താ കോവിലിന്റെ സമീപത്തായിരുന്നു നന്ദുവിന്റെ വീട്. വേണു നാഗവള്ളിയും എം ജി രാധാകൃഷ്ണനുമൊക്കെ അയല്‍വാസികള്‍... ആ പരിസരത്ത് നടന്‍ ഭീമന്‍ രഘുവും ഒരിടക്കാലത്ത് താമസിക്കാനെത്തി. കോളേജ് വിദ്യാര്‍ത്ഥികളായിരുന്ന നന്ദുവിനെയും സമപ്രായക്കാരായ സുഹൃത്തുക്കളെയും‌ 'ഭീമന്‍' രഘു താന്‍ അഭിനയിക്കുന്ന ഒരു സിനിമയുടെ ഷൂട്ടിംഗിലേക്ക് ക്ഷണിച്ചു. മെരിലാൻഡ് സ്റ്റുഡിയോയില്‍ വച്ചുള്ള ഒരു ബാര്‍ സീക്വന്‍സില്‍ അവര്‍ക്കെല്ലാവര്‍ക്കും മുഖം കാണിക്കാം എന്നതായിരുന്നു നന്ദുവിനെയും‌ സുഹൃത്തുക്കളെയും‌ ആ ലൊക്കേഷനിലേക്ക് എത്താന്‍ പ്രേരിപ്പിച്ച ഘടകം. പ്രേംനസീർ, മമ്മൂട്ടി, സീമ, നളിനി എന്നിവര്‍ അഭിനയിച്ച് ആലപ്പി അഷറഫ് സംവിധാനം ചെയ്ത 'ഒരു മാടപ്രാവിന്റെ കഥ' എന്ന ആ സിനിമയിൽ കണ്ണടച്ചാല്‍ മിസ്സാവുന്ന ഒരു രംഗത്ത് മിന്നി മാഞ്ഞു കൊണ്ടായിരുന്നു നന്ദു ക്യാമറക്ക് മുന്നില്‍ ആദ്യമെത്തുന്നത്.

1941 ---------

ഇന്ത്യൻ സിനിമയിലെ തന്നെ മുന്‍നിര സ്റ്റുഡിയോകളിലൊന്നായ ജെമിനി സ്റ്റുഡിയോ‌ ആദ്യമായി നിര്‍മ്മിച്ച 'മദനകാമരാജന്‍' എന്ന തമിഴ് ചിത്രം റിലീസായത് 1941-ലാണ്. അതേ പേരില്‍ പ്രശസ്തമായിരുന്ന ഒരു നാടോടിക്കഥയുടെ സിനിമാവിഷ്കാരമായിരുന്നു ആ ചിത്രം. കര്‍ണ്ണാടക സംഗീതജ്ഞനായ വി വി സടഗോപന്‍ ചെയ്ത നായക കഥാപാത്രത്തിന്റെ തോഴനായ‌ി ഗുണശീലന്‍ എന്ന പ്രാധാന്യമേറിയ കഥാപാത്രമുണ്ട് സിനിമയില്‍. ആ വേഷം ചെയ്തത് 1940-കളില്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യനായിരുന്ന എന്‍ കൃഷ്ണമൂര്‍ത്തി എന്ന യുവാവായിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് തന്നെ മദ്രാസിലെ 'ഷൈനിങ് സ്റ്റാര്‍ സൊസൈറ്റി' എന്ന നാടക സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു കൃഷ്ണമൂര്‍ത്തി.‌ സ്റ്റേജ് നാടകങ്ങള്‍ക്ക് പുറമേ 78rpm ഗ്രാമഫോണ്‍ റെക്കോഡുകളില്‍ നാടകം റെക്കോഡ് ചെയ്ത് 'ഡ്രാമ സെറ്റ്' എന്ന പേരില്‍ വിതരണവും ചെയ്തിരുന്ന ഈ സൊസൈറ്റിയില്‍ സജീവ പങ്കാളിത്തമുണ്ടായിരുന്നു കൃഷ്ണമൂര്‍ത്തിക്ക്. 'മദനകാമരാജന്‍' വിജയിച്ചതോടെ കൃഷ്ണമൂര്‍ത്തി സിനിമാ രംഗത്തും ശ്രദ്ധിക്കപ്പെട്ടു.

1987 ---------

അയല്‍വാസിയായ എം ജി രാധാകൃഷ്ണന്റെ വീട്ടിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു നന്ദു. എം ജി രാധാകൃഷ്ണന്റെ ഗാനങ്ങളിലെ കോറസ്സിലും പങ്കെടുത്തിരുന്നു. നന്ദുവിന്റെ സിനിമാ താല്പര്യം അറിയാമായിരുന്ന എം‌ ജി രാധാകൃഷ്ണൻ വേണു നാഗവള്ളിയോട് 'ഇവന് ഒരു ചാന്‍സ് കൊടുത്തു കൂടേ?' എന്ന് ചോദിക്കുകയും വേണു നാഗവള്ളി തന്റെ സര്‍വ്വകലാശാല' എന്ന സിനിമയിൽ നന്ദുവിനൊരു വേഷം നല്കുകയും ചെയ്തു. അതിന് മുമ്പ് 'ചെപ്പ്' എന്ന സിനിമയില്‍ അഭിനയിക്കാന്‍ ലഭിച്ച ഒരു അവസരം നന്ദുവിന് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. എം‌ ജി ശ്രീകുമാറിന്റെ സുഹൃത്തെന്ന നിലയിൽ പ്രിയദര്‍ശനെ പരിചയമുണ്ടായിരുന്നു നന്ദുവിന്. അങ്ങനെയാണ് ചെപ്പില്‍ അവസരം ലഭിച്ചത്. പക്ഷേ ഡിഗ്രി ഫൈനല്‍ ഇയര്‍ കംപ്ലീറ്റ് ചെയ്തിട്ട് മതി അഭിനയമൊക്കെ എന്ന് വീട്ടുകാര്‍ കര്‍ശനമായി പറഞ്ഞപ്പോള്‍ അത് നഷ്ടമായി.‌ നടി സുകുമാരിയുടെ മകന്‍ ആണ് പിന്നീട് ചെപ്പിലെ ആ വേഷം ചെയ്തത്. 'സര്‍വ്വകലാശാല'യെ തുടര്‍ന്ന് വേണു നാഗവള്ളി, പ്രിയദർശൻ സിനിമകളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി നന്ദു.

1947 --------

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഒരാഴ്ച കഴിഞ്ഞപ്പോള്‍, 1947 ആഗസ്റ്റ് 22-ന്, റിലീസായ തമിഴ് സിനിമയാണ് 'ത്യാഗി'. ദലിതരുടെ ഉന്നമനവും അവരുടെ ക്ഷേത്ര പ്രവേശനവും മുഖ്യ പ്രമേയമായി വന്ന സാമൂഹ്യ പ്രസക്തിയുള്ള ‌ഈ ചിത്രത്തിലെ പ്രധാന വേഷം ചെയ്തത് വി എന്‍ ജാനകിയാണ്. പിന്നീട് എം ജി ആറിന്റെ ഭാര്യയും‌ തമിഴ് നാടിന്റെ മുഖ്യമന്ത്രിയുമൊക്കയായി മാറിയ വി എന്‍ ജാനകിയുടെ ജോഡിയായി 'ത്യാഗി'യില്‍ എന്‍ കൃഷ്ണമൂര്‍ത്തി അഭിനയിച്ചു. ഈ ചിത്രത്തിന് മുമ്പ് 1945-ലിറങ്ങിയ "എന്‍ മകന്‍" എന്ന സിനിമയിലും കൃഷ്ണമൂര്‍ത്തി നായക വേഷം ചെയ്തിരുന്നു.‌

1990 ---------

മണിയന്‍പിള്ള രാജു നിര്‍മ്മിച്ച് വേണു സംവിധാനം ചെയ്ത "ഏയ് ഒാട്ടോ" യില്‍ അഭിനയത്തോടൊപ്പം സംവിധാന സഹായിയായും പ്രവര്‍ത്തിക്കാന്‍ വേണു നാഗവള്ളി നന്ദുവിനോട് ആവശ്യപ്പെട്ടു. ‌വേണു നാഗവള്ളി, പ്രിയദർശൻ തുടങ്ങിയവരുടെ സിനിമകളില്‍ ഒന്നോ രണ്ടോ സീനുകളില്‍ വരുന്ന വേഷമാണെങ്കില്‍ പോലും പൂജ മുതല്‍ പാക്കപ്പ് വരെ നന്ദു ലൊക്കേഷനിലുണ്ടാകും. ആ ഒരു അനുഭവവും സഹസംവിധായകനായി പ്രവര്‍ത്തിക്കാന്‍ നന്ദുവിനെ സഹായിച്ചു. ഏയ് ഒാട്ടോയെ തുടര്‍ന്ന് ലാല്‍സലാം, അഹം, കളിപ്പാട്ടം, ആയിരപ്പറ, വിഷ്ണു തുടങ്ങിയ സിനിമകളിലും നന്ദു സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു.

1949 ---------

'ത്യാഗി' സംവിധാനം ചെയ്ത റാംജിഭായ് ആര്യ, S R കൃഷ്ണ അയ്യങ്കാർ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത "വിനോദിനി" എന്ന തമിഴ് സിനിമയിലും എന്‍ കൃഷ്ണമൂര്‍ത്തി നായക വേഷം ചെയ്തു. ലളിത - പത്മിനിമാരുടെ നൃത്തരംഗവൂം ഈ സിനിമയിലുണ്ടായിരുന്നു. ഈ സിനിമയ്ക്ക് ശേഷം കൃഷ്ണമൂര്‍ത്തി അഭിനയത്തോട് വിട പറഞ്ഞ് ഇന്ത്യൻ ആര്‍മിയില്‍ ചേര്‍ന്നു.

2007 ---------

അടൂർ ഗോപാലകൃഷ്ണന്റെ 'നാല് പെണ്ണുങ്ങള്‍' എന്ന സിനിമയിൽ നന്ദു ചെയ്ത വേഷം ശ്രദ്ധേയമായി.‌ അതിൽ നന്ദു സദ്യ കഴിക്കുന്ന രംഗം ഒരു കള്‍ട്ട് സീനായി മാറി. നായകന്‍മാരുടെ സൈഡ് കിക്കായോ കൂട്ടത്തിലൊരാളായോ അഭിനയിച്ച് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിരുന്ന നന്ദുവിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറി "നാലു പെണ്ണുങ്ങളി'ലെ കഥാപാത്രം.‌ അതിന് ശേഷം കാമ്പുള്ള കഥാപാത്രങ്ങൾ നന്ദുവിനെ തേടിയെത്തി തുടങ്ങി. രഞ്ജിത്തിന്റെ 'തിരക്കഥ', വി കെ പ്രകാശിന്റെ 'ബ്യൂട്ടിഫുള്‍', 'ട്രിവാന്‍ഡ്രം ലോഡ്ജ്', ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'സിറ്റി ഒാഫ് ഗോഡ്', 'ആമേന്‍' തുടങ്ങി നിരവധി സിനിമകളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ നന്ദുവിന്റെ അഭിനയത്തിന്റെ മറ്റൊരു വശം കാണികളറിഞ്ഞു തുടങ്ങി.

1950 ----------

തിക്കുറിശ്ശി സുകുമാരൻ നായര്‍ കഥ, തിരക്കഥ, സംഭാഷണം എഴുതി പ്രധാന വേഷത്തിലഭിനയിച്ച് ആര്‍ വേലപ്പൻ നായര്‍ സംവിധാനം ചെയ്ത " സ്ത്രീ" എന്ന സിനിമ‌ റിലീസായത് 1950-ലാണ്. ബി എ ചിദംബരനാഥ് ഈണം നല്‍കിയ പതിനാറോളം ഗാനങ്ങള്‍ ആ സിനിമയിലുണ്ടായിരുന്നു. അതില്‍ നാല് ഗാനങ്ങള്‍ ആലപിച്ചത് സുകുമാരി എന്ന ഗായിക ആയിരുന്നു. ആലപ്പുഴ മേടയില്‍ തറവാട്ടംഗമായ സുകുമാരി പിന്നീട് തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.

2012 ---------

രഞ്ജിത്ത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ "സ്പിരിറ്റി'ലെ മണിയന്‍ എന്ന കഥാപാത്രം നന്ദുവിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവായി മാറി.‌ ആ സിനിമയിലെ മോഹന്‍ലാലിന്റെ പ്രകടനത്തോടൊപ്പം തന്നെ വാഴ്ത്തപ്പെട്ടു നന്ദുവിന്റെ അഭിനയവും. ക്രോണിക് മദ്യപാനിയായ മണിയനായി ഗംഭീര പ്രകടനം കാഴ്ച വച്ച നന്ദുവിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

1965 ---------

ഇന്ത്യൻ ആര്‍മിയില്‍ കുറച്ച് കാലം പ്രവര്‍ത്തിച്ച ശേഷം തിരിച്ചെത്തിയ കൃഷ്ണമൂർത്തി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് സ്പോര്‍ട്സിന് കീഴിൽ‌ ടേബിൾ ടെന്നീസ് കോച്ചായി പ്രവര്‍ത്തിച്ചു. സ്വാതിതിരുനാള്‍ സംഗീത കോളേജിലെ അദ്ധ്യാപികയായ സുകുമാരിയുമായി വിവാഹം കഴിഞ്ഞ‌ ശേഷം തിരുവനന്തപുരത്ത് താമസമാക്കി. അവര്‍ക്കൊരു ആണ്‍ കുഞ്ഞ് ജനിച്ചു. പ്രസവം കഴിഞ്ഞ് രണ്ട് മാസമായപ്പോള്‍ സുകുമാരി അന്തരിച്ചു. പിന്നീടങ്ങോട്ട് വിഭാര്യനായി തന്നെ നിലകൊണ്ട കൃഷ്ണമൂർത്തി വര്‍ഷങ്ങള്‍ക്ക് ശേഷം ടേബിള്‍ ടെന്നീസ് കോച്ചിങിനിടെ തന്നെ മരണപ്പെട്ടു.

കൃഷ്ണമൂര്‍ത്തിയുടെയും സുകുമാരിയുടെയും മകന്‍ നന്ദു എന്ന നന്ദലാല്‍ കൃഷ്ണമൂർത്തി ഇന്ന് മലയാള സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവ നടന്‍മാരില്‍ ഒരാളായി തിളങ്ങി നില്‍ക്കുന്നു...

#m3db
#m3dbmukesh

Report Page