*/

*/

Source

എഞ്ചായ് എഞ്ചാമിയെ പറ്റി ഫീഡിൽ ചില കമന്റുകൾ കണ്ടു. വാട്സാപ്പ് സ്റ്റാറ്റസുകളിൽ അത് ഓടുന്നത് ചിലർക്ക് ബുദ്ധിമുട്ടാണ് എന്നും കണ്ടു. കൃത്യമായി പറഞ്ഞാൽ ,
" ചില കോളനി വാണങ്ങൾ കുറേ ദിവസായി ഇത് സ്റ്റാറ്റസ് ഇട്ട് വെറുപ്പിക്കുന്നു " എന്ന്. അതിഗംഭീരമായി രാഷ്ട്രീയം സംസാരിക്കുന്ന ഒരു പാട്ടിൽ , അത് ഷെയർ ചെയ്യുന്നവരിൽ , മേൽപ്പറഞ്ഞവരെ ചൊടിപ്പിച്ചതെന്താവാം ? ആ സാധനമാണ് elitism അല്ലെങ്കിൽ സവർണത. സവർണത ബ്രാഹ്മണിക്കൽ ആണെന്ന് മാത്രം പറഞ്ഞ് ഒതുക്കുമ്പോൾ ഇടയിലൂടെ രക്ഷപ്പെടുന്ന പലതുമുണ്ട്. ഇന്ത്യയിൽ പ്രിവിലേജുള്ളവർ ഇല്ലാത്തവരോട് കാണിക്കുന്നതിന് ജാതീയതയുടെ ഒരു കനത്ത ലെയർ കൂടെയുണ്ട് എന്നേയുള്ളൂ.

ടിക് ടോക്കുള്ളപ്പോളാണ് കോളനി പ്രയോഗം ഞാൻ കൂടുതലായി ശ്രദ്ധിച്ചത്. ഇത്തിരി ഇരുണ്ട , പൊതുബോധത്തിന് നിരക്കുന്ന ഭംഗിയില്ലാത്ത കുട്ടികൾ വീഡിയോ ചെയ്യുമ്പോൾ അതിന് താഴെ വരുന്ന സ്ഥിരം കമന്റുകളുടെ ഒരു ഏകീകൃതസ്വഭാവം എന്ന് പറയാം. റേസിസം നല്ല തോതിൽ പുരോഗമനമലയാളിക്കുണ്ട്. ഇന്ത്യക്കാർക്ക് എല്ലാമുണ്ടല്ലോ എന്നത് പറഞ്ഞ് രക്ഷപ്പെടാൻ പറ്റില്ല : കാരണം അത് കൊണ്ട് മലയാളിക്കുമാവാം എന്ന സമീകരണത്തിന് സാംഗത്യമൊന്നുമില്ല.

ബാംബൂ ബോയ്സ് എന്ന സിനിമയിൽ റേസിസത്തെ ആഘോഷിക്കുന്നുണ്ട് , അതിനെന്താ കുഴപ്പം എന്ന് ചോദിക്കുന്നവരെ അറിയാം. കറുത്തവരെ കരിമന്തി എന്നും കരിങ്കുരങ്ങ് എന്നുമല്ലാതെ പിന്നെന്ത് വിളിക്കും എന്ന് അത്ഭുതപ്പെടുന്ന നിഷ്കളങ്കരെ അറിയാം. പുരോഗമന മലയാളി ഇപ്പോഴും മന്ത്രി എം.എം. മണിയെ സംബോധന ചെയ്യുന്ന രീതി ശ്രദ്ധിച്ചു നോക്കണം. ഈയൊരു സ്വഭാവം സോഷ്യൽ മീഡിയ വന്നപ്പോൾ പെട്ടെന്നങ്ങ് പൊട്ടിമുളച്ചതൊന്നുമല്ല. പുതിയ ഒരു മാധ്യമത്തിലേക്ക് പല തരത്തിലുള്ള വിഷം പ്രസരിപ്പിക്കുന്നത് മാത്രമാണ്.
കോളനി എന്ന വാക്കിലൂടെ ഈ പ്രിവിലേജ്ഡ് ജീവികൾ ഉന്നം വെക്കുന്നത് ഹൗസിങ്ങ് ബോഡ് കോളനിയല്ല , മറിച്ച് ആദിവാസി കോളനി തന്നെയാണ് എന്നത് മനസിലായിട്ടും " നിഷ്കളങ്കമായി " " തമാശ " ആസ്വദിക്കുന്നവരുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ , കേരളത്തിൽ റേസിസമുണ്ടോ ?

കേരളത്തിൽ അതേയുള്ളൂ.

Report Page