*/

*/

Source

ജീവിതം തന്നെ മാറ്റി മറിച്ച, മറ്റൊരു ദിശയിലേക്ക് വഴിതിരിച്ചു വിട്ടൊരു സിനിമയെയും പാട്ടിനെയും കുറിച്ചാണ്.

വർഷം 1999. ചാക്കോച്ചന്റെ പുതിയ സിനിമയായ മഴവില്ല് റിലീസ് ആകുന്നു. കുറെ നാളുകൾക്ക് ശേഷം അതിന്റെ VCD ഇറങ്ങിയപ്പോൾ കാണാനും പറ്റി. പുതിയ ലൊക്കേഷൻ മനോഹരമായ visuals. പോരാത്തതിന് നായകൻ ഒരു ക്യാമറ ഭ്രാന്തനും. സിനിമ ഒരുപാടിഷ്ടപ്പെട്ടു. പക്ഷേ അതിനേക്കാൾ കൂടുതൽ ഇഷ്ടമായത് അതിലെ മഴവില്ല് എന്ന വീടാണ്. അന്ന് തന്നെ മനസ്സിലുറപ്പിച്ചു എന്നെങ്കിലുമൊരു വീട് വയ്ക്കുന്നെങ്കിൽ ഇങ്ങനെ ആയിരിക്കണമെന്ന്.

ചില ആഗ്രഹങ്ങൾ അങ്ങനെയാണ് നമ്മൾ അവയെ മറന്നുകളഞ്ഞാലും അവ നമ്മളെ വിട്ടുപോവുകയേയില്ല എപ്പോഴെങ്കിലും നമ്മുടെ ഒരു വിളിക്ക് കാതോർത്ത് അതങ്ങനെ ഹൃദയത്തിൽ പതിഞ്ഞുകിടക്കും.

വർഷം 2008. പഠനത്തിനായി തിരുവനന്തപുരത്തേക്ക് വരുന്നു. സിനിമയുടെ സാങ്കേതിക വശങ്ങൾ, ജേർണലിസം ഇതൊക്കെ ഒന്നൊന്നായി നമ്മുടെ മുന്നിൽ കീഴടങ്ങുന്നു. Animation & Visual Effects പഠിക്കാനായി ചേർന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ ധാരാളം സുഹൃത്തുക്കളെ കിട്ടി. സ്വാഭാവികമായും ആരോടും അങ്ങോട്ട് ചെന്ന് ഇടിച്ചുകയറി സംസാരിച്ചു ശീലമില്ലാതിരുന്ന ഞാൻ എങ്ങനെയാണ് അവിടത്തെ ഏറ്റവും ആക്റ്റീവ് ആയ പയ്യനുമായി സൗഹൃദത്തിലായത് എന്ന് ഇന്നുമറിയില്ല. അഖിൽ അവനാണ് പിന്നെയുള്ള എന്റെ ജീവിതത്തിലെ നിർണായക ട്വിസ്റ്റുകൾക്ക് കാരണമായത്. അവന്റെ കൈവശമുള്ള വലിയ സുഹൃദ് വലയം എന്റെത് കൂടിയായി. അതിലൊരാളായ, വിടർന്ന കണ്ണുകളുള്ള, എപ്പോഴും ചിരിക്കുന്നൊരു പെണ്കുട്ടിയെ അങ്ങനെയാണ് പരിചയപ്പെടുന്നത്. അങ്ങനെ ഞങ്ങൾ നല്ല ചങ്ങാതിമാരായി. ഒരിക്കൽ ഏതോ കോഫി ഷോപ്പിൽ വച്ച് ഞങ്ങൾ മൂന്നുപേരും സംസാരിച്ചിരിക്കുന്ന സമയമാണ്. പല വിഷയങ്ങൾ വന്നുപോയി, ഒടുവിൽ വീട് വയ്ക്കുന്നതിനെപ്പറ്റിയായി ചർച്ച. അപ്പോഴതാ നമ്മുടെ മഴവില്ല് വീട് വീണ്ടും ചർച്ചയാകുന്നു. അനു(അതാണവളുടെ പേര്) അത്തരമൊരു വീടിനെപ്പറ്റിയാണ് പറയുന്നത്. വലിയ കണ്ണുകളിൽ ആവേശം തിളങ്ങി നിൽക്കുന്നു. ആ ചർച്ച അവിടെ അവസാനിച്ചെങ്കിലും ഞങ്ങളുടെ സംസാരത്തിൽ മിക്കപ്പോഴും മഴവില്ല് വീട് കടന്നുവന്നുകൊണ്ടേയിരുന്നു. അങ്ങനെ മനസ്സിൽ ആ വീടിന്റെ ആദ്യ രൂപം ഞാൻ വരച്ചിട്ടു.

പഠനമൊക്കെ കഴിഞ്ഞു. എല്ലാവരും ജോലിയൊക്കെ കിട്ടി. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങൾ എന്റെ ജീവിതത്തിലുമുണ്ടായി. 2018 ജനുവരിയിൽ ഞാൻ എന്റെ മഴവില്ല് യാഥാർഥ്യമാക്കാനുള്ള ശ്രമം തുടങ്ങി. നല്ലൊരു ഇന്റീരിയർ ഡിസൈനർ കൂടെയുണ്ടായിരുന്നതുകൊണ്ടു ബാക്കിയൊക്കെ അദ്ദേഹം ചെയ്തു. ഞാൻ വരച്ച സ്കെച്ചുകൾക്ക് അദ്ദേഹം തുടർച്ച നൽകി. എന്നെ അമ്പരപ്പിച്ചുകൊണ്ട് ഞാൻ മനസ്സിൽ കണ്ട അതേ വീട് എന്റെ മുന്നിൽ യാഥാർഥ്യമായി.

2019 ഫെബ്രുവരിയിൽ ആ വീട്ടിലേക്ക് താമസം മാറി. അതേ. ചില പാട്ടുകളും സിനിമകളുമൊക്കെ നമ്മളറിയാതെ ചില ഇഷ്ടങ്ങൾ നമുക്ക് തരും. അതിലേക്ക് സഞ്ചരിക്കാൻ നമ്മളോട് പറഞ്ഞുകൊണ്ടേയിരിക്കും. ഇനി ആ ഇന്റീരിയർ ഡിസൈനറെക്കുറിച്ച് രണ്ട് വാക്ക്. അന്ന് പരിചയപ്പെട്ട, വിടർന്ന കണ്ണുകളുള്ള, മഴവില്ലിനെപ്പറ്റി എപ്പോഴും പറയുന്ന അതേ പെണ്കുട്ടി. രണ്ടുപേരുടെയും ആഗ്രഹങ്ങൾ ഒന്നായതുകൊണ്ട്, അതിലേക്ക് ഒരുമിച്ചു നടക്കാമെന്ന് ഞങ്ങളങ്ങു തീരുമാനിച്ചു. ആ തീരുമാനത്തിന് ഇന്ന് പത്ത് വർഷം തികയുന്നു.

2021 മാർച്ച് 16. ഞങ്ങളുടെ പത്താം വിവാഹ വാർഷികം.

Report Page