*/

*/

Source

സിദ്ധാര്‍ത്ഥനും അണ്ണാര്‍ക്കണ്ണനും
സച്ചിദാനന്ദന്‍

സിദ്ധാര്‍ത്ഥന്‍ തപസ്സില്‍ മുഴുകി കണ്ണടച്ചിരിക്കുമ്പോള്‍
ആലിന്റെ ഒരു വേടിലൂടെ ഒരു അണ്ണാര്‍ക്കണ്ണന്‍
ഓടിയിറങ്ങി വന്നു സിദ്ധാര്‍ത്ഥന്റെ ചെവിയില്‍ ചിലയ്ക്കാന്‍ തുടങ്ങി.

സിദ്ധാര്‍ത്ഥന്‍ മെല്ലെ കണ്ണു തുറന്നു

ആ സുന്ദരനെ വാത്സല്യത്തോടെ നോക്കി ചോദിച്ചു.

‘എന്തിനാണ് നീ എന്റെ ധ്യാനം മുടക്കുന്നത്?’

അണ്ണാന്‍ കൊഞ്ചിപ്പറഞ്ഞു: ‘അങ്ങ് ആരെയാണ്
പകലും രാവും ധ്യാനിക്കുന്നത്?’

‘ഞാന്‍ മനുഷ്യദു:ഖത്തെക്കുറിച്ചു
ചിന്തിക്കുകയാണ്, രാഹുലാ!
രോഗം. വാര്‍ദ്ധക്യം. മരണം.’

അണ്ണാന്‍ പരിഭവിക്കാതെ പറഞ്ഞു: ‘അങ്ങ് ഉപേക്ഷിച്ച മകന്റെ പേര്

എന്തിനു എന്നെ വിളിക്കുന്നു?’

സിദ്ധാര്‍ത്ഥന്‍ ഒന്ന് ഞെട്ടി.
‘ഉപേക്ഷിക്കുകയോ? ഞാനോ? ഇല്ല. അവനും യശോധരയും എന്റെ ഉള്ളില്‍ തന്നെയുണ്ട്‌.

പക്ഷെ മനുഷ്യരുടെ ദു:ഖങ്ങള്‍ എന്നെ വേട്ടയാടുന്നു.’

‘നോക്കൂ, ഈ ദുഃഖങ്ങള്‍ മനുഷ്യര്‍ക്ക്‌ മാത്രമാണോ? എന്റെ കുഞ്ഞു ഇന്നലെയാണ് ഒരു

പെരുമ്പാമ്പിന്റെ വായില്‍ പെട്ടത്.


ഞാന്‍ ഓടി വന്നപ്പോഴേക്കും...’

അണ്ണാന്‍ നിര്‍ത്തി. അത് കരയുകയായിരുന്നു.

‘എന്റെ ഇണ അറിയാത്ത രോഗം വന്നു മെലിഞ്ഞു മെലിഞ്ഞു മരിച്ചു. ഒരു കുഞ്ഞ് രോമം മുളയ്ക്കും മുന്‍പ്

കൂട്ടില്‍ നിന്നു വീണു കാണാതായി.

‘എനിക്കും വയസ്സാവുകയാണ് ഞങ്ങള്‍ പത്തു വയസ്സിലേറെ ജീവിക്കുക ചുരുക്കമാണ്. ഭൂമിയില്‍ വന്നിട്ട് കൊല്ലം

മൂന്നു കോടിയിലേറെ ആയെങ്കിലും’

‘അപ്പോള്‍ മനുഷ്യനും മുന്‍പോ?’.

‘ഒപ്പം എന്ന് പറഞ്ഞോളൂ. മനുഷ്യര്‍ ഞങ്ങളെ പട്ടിണിയാക്കി

അവര്‍ ഞങ്ങളുടെ പഴങ്ങള്‍ തട്ടിയെടുക്കുന്നു

ഞങ്ങളെ കവണയെറിഞ്ഞു വീഴ്ത്തുന്നു. അവര്‍ കരുതുന്നത് അവര്‍ ഭൂമിയുടെ

ചക്രവര്‍ത്തിമാരാണെന്നാണ്’

‘ലോഭം. ഹിംസ. അധികാരം’,
സിദ്ധാര്‍ത്ഥന്‍ ഉരുവിട്ടു.

‘മനുഷ്യരെ കരുണ പഠിപ്പിക്കൂ’ അണ്ണാന്‍ പറഞ്ഞു. ‘ഈ ആലിലകള്‍

ഇങ്ങിനെ വിറയ്ക്കുന്നതെന്താണെന്ന്

അറിയാമോ? ഭയം കൊണ്ട്. എന്നിട്ടും അത് അതിന്റെ കായ്കള്‍ ഞങ്ങള്‍ക്ക് തരുന്നു, കിളികള്‍ക്കും. അതാണ്‌ മൈത്രി. അപ്പോള്‍ ഞങ്ങള്‍

ആഹ്ലാദിക്കുന്നു. അതാണ്‌ മുദിതം’

‘കരുണ. മൈത്രി. മുദിതം. അതെ
എങ്കിലും പ്രജ്ഞ മനുഷ്യന്‍ കൊണ്ടു വന്നു’

‘അതെ. അതിലൂടെ ദുഖവും.
ഞങ്ങള്‍ ചിന്തിക്കുന്നില്ല.
അതുകൊണ്ട് ഞങ്ങള്‍ നിലനില്‍ക്കുന്നു’,
അണ്ണാന്‍ പറഞ്ഞു.

ബുദ്ധനായി മാറിയ സിദ്ധാര്‍ത്ഥന്‍ തന്റെ കലങ്ങിമറിഞ്ഞ മനസ്സിനെ ശാന്തമാക്കി ധ്യാനം തുടര്‍ന്നു. ‘ഉപേക്ഷ, ഉപേക്ഷ, അത് ശീലിച്ചേ ഒക്കൂ’. തന്റെ പ്രാചീനമായ വാല്‍ കൊണ്ട് പതുക്കെ ബുദ്ധനെ തലോടി അണ്ണാന്‍

അടുത്ത മരത്തിലേക്ക് ഓടിക്കയറി.

അതില്‍ ബുദ്ധന്റെ നിശ്വാസമേറ്റു
കായ്ക്കള്‍ പഴുത്തു തുടങ്ങിയിരുന്നു. ബുദ്ധനെയും വൃക്ഷത്തെയും അണ്ണാനെയും മൃദുലമായ വിരലുകളാല്‍ തലോടി കപിലവസ്തുവില്‍ നിന്നുള്ള ഒരു കാറ്റ്

ആ ശൂന്യതയിലൂടെ മെല്ലെ കടന്നു പോയി.

ബുദ്ധന്‍ ധര്‍മ്മത്തെക്കുറിച്ചുള്ള ആധികളില്‍ മുഴുകി; വൃക്ഷം താന്‍ ഒരു കാട്ടില്‍ മഴയില്‍ കുളിച്ചു നില്‍ക്കുന്നതു സ്വപ്നം കണ്ടു,

അണ്ണാര്‍ക്കണ്ണന്‍ താന്‍ ചന്ദ്രനിലെ


അനശ്വരമായ അടയാളമായി മാറിയെന്നും.

Report Page