*/

*/

Source

ഇപ്പോൾ പുറത്തിറങ്ങുമ്പോൾ പലരും തമാശക്ക് കളിയാക്കും, ആ പിണറായിയുടേയും സി.പി.എമ്മിൻ്റേയും റാത്തൽ ഇറച്ചി ഫെയ്സ്ബുക്കിലിരുന്നു തിന്നു തടിച്ചു കൊഴുത്തല്ലോ.

അങ്ങനെ 'തിന്നാൻ' കാരണമുണ്ട്.

മുമ്പൊന്നും സി.പി.എമ്മിനെ ഇത്ര രൂക്ഷമായി വിമർശിക്കാറുണ്ടായിരുന്നില്ല. മാത്രമല്ല, പല കാര്യങ്ങളിൽ അനുകൂല കുറിപ്പുകളും രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ പല വർഷങ്ങളായുള്ള നേരിട്ടുള്ള ഇടപെടലുകളാണ് ഇടതടവില്ലാത്ത ഈ 'ഇറച്ചി തീറ്റക്ക്' വഴിയൊരുക്കിയത്. അവരിൽ നല്ല സൗഹൃദങ്ങളൊക്കെയുണ്ട്. അതിന്നും ഗാഢമായി തുടരുന്നു. അതിലൊന്നും യാതൊരു ഭംഗവും വരുത്താറില്ല.

പക്ഷേ രാഷ്ട്രീയമായി അടുക്കുമ്പോൾ, അവരിലെ സാധാരണ പ്രവർത്തകരെ ഒഴിച്ചുനിറുത്തിയാൽ പാർട്ടി അക്ക്രഡിറ്റേഷൻ കിട്ടിയ ഒരു പ്രവർത്തകനാവാനുള്ള അവരുടെ അടിസ്ഥാന യോഗ്യത 'അപര പുച്ഛം' ഉണ്ടാവുക എന്നതാണ്.

മതങ്ങൾക്കപ്പുറത്ത് മനുഷ്യരെ സ്നേഹിക്കുന്നത് അവർ മാത്രമാണ്. ബാക്കിയുള്ളവർ മനസ്സിൽ അല്പമെങ്കിലും വർഗ്ഗീയതയുള്ളവരാണ്.

സ്ത്രീകളോടും കുട്ടികളോടും മാന്യമായി പെരുമാറുന്നവർ അവർ മാത്രമാണ്. അവരല്ലാത്തവർ പൊതുയിടങ്ങളിൽ സ്ത്രീവിരുദ്ധത മാത്രം പറയുന്നവരാണ്.

നാട് നന്നാവണമെന്ന ഗുണകാംക്ഷ അവർക്ക് മാത്രമാണ്. ബാക്കിയുള്ളവരെല്ലാം ഉണ്ണാക്കന്മാരാണ്.

ഒരു മനുഷ്യൻ വെട്ടേറ്റു മരിച്ചാൽ വേദന തോന്നുന്നത് അവർക്ക് മാത്രമാണ്. ബാക്കിയുള്ളവർക്ക് അത് രാഷ്ട്രീയ നേട്ടം മാത്രമാണ്.

തൊഴിലാളി വർഗ്ഗത്തെ ഉൾക്കൊള്ളാൻ കഴിയുന്നത് അവർക്ക് മാത്രമാണ്. ബാക്കിയുള്ളവരെല്ലാം കോർപ്പറേറ്റ് മുതലാളിമാരാണ്.

അവർ വരച്ചു വെക്കുന്ന, പാടിപ്പറയുന്ന ആസ്വാദനങ്ങൾ മാത്രമാണ് കല. മറ്റുള്ളവർ ചെയ്താലത് ആഭാസങ്ങൾ മാത്രം.

സാംസ്കാരിക നായകരും, എഴുത്തുകാരും ചിന്താചക്ഷുസുകളും അധിവസിക്കുന്നത് ഇവരുടെ മാത്രം ഏറുമാടങ്ങളിലാണ്. മറ്റു സംഘടനകളിലുള്ളവർക്ക് സാംസ്കാരികത അല്പം പോലും തീണ്ടിയിട്ടില്ല.

പുരോഗമന ചിന്താഗതിക്ക് വളക്കൂറുള്ള മണ്ണിൻ്റെ നിറം ചുവപ്പാണ്. ബാക്കിയുള്ളിടത്തെല്ലാം അട്ടപ്പായൽ മാത്രമാണ്.

:
ചുരുക്കിപ്പറഞ്ഞാൽ, ഇങ്ങനെ തങ്ങൾ ചെയ്യുന്നത് മാത്രമാണ് ഉത്തമ രാഷ്ട്രീയം. ബാക്കിയുള്ളവരെല്ലാം ഊത്തപ്പം ചുടുന്നവരാണ് എന്ന 'അപര പുച്ഛം' അറിഞ്ഞോ അറിയാതെയോ ഒട്ടുമിക്ക കമ്യൂണിസ്റ്റുകാരിലുമുണ്ടാകും. എല്ലാവരുമല്ല.

വർഗ്ഗീയ പ്രസ്താവനകൾ നടത്തുന്നവർ ഇവരിലുണ്ട്. പു.ക.സയുടെ നേതാവടക്കം മൂന്നുപേരുടെ സ്ത്രീവിരുദ്ധ ചെയ്തികളുടെ കഥകളാണ് കഴിഞ്ഞ ആഴ്ച്ചയിൽ മാത്രമായി വന്നത്. വികസനങ്ങൾക്ക് ഇവർ സൃഷ്ടിച്ച തടസ്സങ്ങളുടെ കഥകൾ മാത്രം നാലാണ്ട് പറയാനുണ്ടാവും. പിന്നീടതിൻ്റെ അട്ടിപ്പേറവകാശം ഏറ്റെടുക്കാൻ മുന്നിലുണ്ടാവും. കൊലക്കത്തിക്ക് മാർക്കറ്റുണ്ടാക്കിയത് മറ്റാരുമല്ല. തൊഴിലാളി വർഗ്ഗങ്ങൾക്ക് തത്വങ്ങൾ മാത്രം തിന്നാൻ നൽകി, ഒളിഞ്ഞും തെളിഞ്ഞും കോർപ്പറേറ്റ് സേവ നടത്തിയവരാണിവർ.

മുകളിൽ പറഞ്ഞ നന്മയും തിന്മയും അല്പവും അധികവുമായി എല്ലാ പാർട്ടികളിലും ഉണ്ടാവാം. എല്ലാവരിലുമുണ്ട് നല്ലവരും കെട്ടവരും. പക്ഷേ തങ്ങൾ മാത്രമാണ് പരിശുദ്ധവെണ്ണയെന്ന അപരപുച്ഛ ബോധം തോളിലിട്ടു നടക്കുന്ന കാലത്തോളം റാത്തൽ ഇറച്ചിയോടുള്ള കൊതി നിലനിൽക്കും.!

- Nishan Parappanangadi

Report Page