*/

*/

Source

ഖദീജാ ബീവിയെപ്പറ്റി ഓർക്കുകയായിരുന്നു...

അവരോളം പ്രണയത്തെപറ്റി ജീവിതം കൊണ്ട്
കവിത എഴുതിയ സ്ത്രീ വേറെയുണ്ടാകില്ല...
തന്റെ പ്രിയ്യപ്പെട്ടവൻ കുഞ്ഞുങ്ങളെപ്പോലെ ഏങ്ങിയേങ്ങി കരയുമ്പോൾ പുതപ്പായവളാണ് ഖദീജ... നാഥൻ സലാം പറഞ്ഞേൽപ്പിച്ച ഒരേ ഒരു മഹിളയാണല്ലോ ഖദീജ...

കരയുമ്പോളൊക്കെയും 'സാരമില്ല' എന്ന് പറഞ് നിർത്താതെ

അണച്ചുപിടിച്ച് റൂഹാഴത്തിൽ ഉരസിയവളാണ് ഖദീജ..

'കരയല്ലേ പ്രിയപ്പെട്ടവരേ' എന്ന് ചങ്ക് കലങ്ങിപ്പറഞ്ഞവളാണ് ഖദീജ...

ഞാനുണ്ടല്ലോ എന്നൊരു കവിതയുടെ വേരായവളാണ് ഖദീജ...

പ്രവാചകരുടെ മണമേറ്റ പൂവിന്റെ പേരാണ് ഖദീജ...!!

ഒരാൾക്ക് ഇങ്ങനെയൊക്കെ പ്രണയിക്കാൻ കഴിയുമോ എന്നോർക്കാറുണ്ട്... ഖദീജയാവാൻ കഴിയുകയെന്നാൽ പൂർണ്ണമായും പ്രണയമാവുക എന്ന് കൂടിയാണ്...

എന്റെ പ്രവാചകനെ സ്നേഹം കൊണ്ട് അത്ഭുതപ്പെടുത്താൻ


ജാലവിദ്യ പഠിച്ചൊരാൾ...!!

അവര് ജീവിതംകൊണ്ടെഴുതിവെച്ച കവിതകളൊക്കെ അഗാധമായ സ്നേഹത്തിന്റെ മാത്രം ചേലുള്ളവയാണ്...

വായിക്കുന്തോറും ഇനിയും തിരിച്ചറിയാത്ത പ്രണയ മണമുള്ള എന്തോ ഒന്ന് ഉള്ളിലെവിടെയോ കൊളുത്തി വലിക്കും...


അവരിലൂടെയാണ് പ്രവാചകൻ അനശ്വരമായ പ്രണയത്തെപറ്റിപ്പറഞ് വാചാലരായത്..

എന്നെ എല്ലായിപ്പോഴും കരയിക്കാറ് അവരുടെ വിടവാങ്ങലാണ്.... പ്രവാചകന്റെ മടിയിൽ കിടന്നിട്ട് ആ കൈകളിലൂടെ കൈകൾ ചേർത്തിട്ട് അറുപത്തി അഞ്ചാം വയസ്സിലും നിങ്ങള് പറഞ്ഞതും പ്രണയമാണ്....

ഇരുപത്തി അഞ്ച് ആണ്ടുകൾ ചൂടേറ്റ് ചേർന്നിട്ടും "എന്തൊരു അഴകാണ് പ്രിയപ്പെട്ടവനേ" എന്നുള്ള കവിതകൊണ്ടാണ് ലോകത്തെ സകലമാന പ്രണയ കവിതകളേയും നിങ്ങള് പുറകിലാക്കിയത്...


പ്രിയ റസൂല് ചങ്കിടിപ്പ് പങ്കുവെക്കുമ്പോൾ സഹിക്കവയ്യാതെ കണ്ണില് നനവുകൊണ്ട് സുറുമ എഴുതിയത്...

എന്നിട്ട് മൂന്ന് ആഗ്രഹങ്ങളെപ്പറ്റി റസൂലിനോട് പറഞ്ഞത്.. ഓരോന്ന് പറയുമ്പോഴും എന്റെ ഹബീബ് പൊള്ളി അടർന്നത്...

ഒന്ന് പറഞ് നിർത്തുമ്പോൾ നിങ്ങൾക്കിടയിൽ പ്രണയത്തിന്റെ മണം പരക്കുന്നത്...

എന്റെ മയ്യിത്ത് പ്രിയപ്പെട്ടവനേ നിങ്ങള് കുളിപ്പിച്ചാൽ മതിയെന്ന് ഒന്നാമതായും...
നമ്മുടെ പുതപ്പ് കൊണ്ടെന്നെ അങ്ങ് തന്നെ പൊതിയണേ എന്ന് രണ്ടാമതായും...!!

പ്രിയപ്പെട്ടവന്റെ വാസന അവസാന യാത്രയിലും മസ്തിഷ്‌കം തുളച്ചുകയറി കുടിയേറിപ്പാർക്കണം എന്ന ശാഠ്യമുള്ളവർ...
മൂന്നാമത്തെ ആഗ്രഹം പറയുമ്പോൾ എന്റെ റസൂല് കൊച്ചുകുട്ടികളെപ്പോലെ ഏങ്ങലടക്കാൻ പറ്റാതെ കണ്ണില് മഴക്കാലം മറച്ചിരുന്നു....
"എന്റെ ശരീരം അങ്ങയുടെ കൈകൊണ്ട് ഖബറിലെ മണ്ണിലേക്ക് വെക്കണേ" എന്ന് പറയുമ്പോൾ റസൂല് പിടഞ്ഞിരുന്നിരിക്കണം...
അത്രക്ക് പ്രിയപ്പെട്ടവളുടെ അവസാന യാത്രക്ക് മുൻപുള്ള വിടവാങ്ങല് കേട്ട് തളർന്നിരിക്കുന്ന പ്രിയപ്പെട്ടൊരാൾ...!!

അങ്ങനെയൊരു പൂവ് ഞെട്ടറ്റ് വീഴുകയാവണം...
എന്റെ പ്രവാചകന്റെ കണ്ണീരുകൊണ്ട് മലക്കുകൾ ആമീൻ പറഞ്ഞിരിക്കണം... ഇരുപത്തഞ്ച് വർഷക്കാലം മഴയും മഞ്ഞും വെയിലുമായവൾ ഒരു കവിതപോലെ തീരുകയാണ്..

എന്റെ പ്രവാചകന്റെ കണ്ണീരുകൊണ്ടാണ് മേഘങ്ങളൊക്കെ പരിഭവം തീർത്തത്...

ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ഭർത്താവിന് അവരുടെ പ്രിയപ്പെട്ടവളെ നഷ്ടമായിരിക്കുന്നു...!!

പ്രിയ്യപ്പെട്ടവളുടെ ആഗ്രഹം പോലെ റസൂലാണ് അവരുടെ മയ്യിത്ത് കുളിപ്പിച്ചത്..
അവരുടെ ജനാസ കഫൻപുടകൊണ്ട് മൂടും മുൻപ് പ്രിയതമന്റെ മണമുള്ള പുതപ്പിലേക്ക് ചുരുണ്ടുകൂടിയത്..
ഒടുവില് ഖബറിലേക്ക് തന്റെ എല്ലാമായവളെ പ്രവാചകൻ തന്നെയാണ് ഇറക്കിവെക്കുന്നത്....
കരഞ് ഖൽബ് കലങ്ങി റസൂല് ഒരുപിടി മണ്ണെടുത്ത് വിങ്ങിപ്പൊട്ടി നിന്നത്...

മണ്ണ് തൊടാത്ത മഹതിയേ ഖദീജാ...🌸
നിങ്ങള് ബാക്കിവെച്ച സ്നേഹകിരണങ്ങളുടെ വെളിച്ചമേറ്റ് എന്റെ പ്രവാചകൻ വീണ്ടും വീണ്ടും കണ്ണ് നിറക്കുന്നു...

നിങ്ങളെപ്പോലെ ഹബീബിനെ മറ്റാരാണ് സ്നേഹിച്ചുകാണുക...!!

Yasir Erumapetty

Report Page