*/

*/

Source

കുന്നത്തൂർ രാധാകൃഷ്ണന്റെ എടക്കാട് ദേശചരിത്രം തുടരുന്നു.

ആൽമരസ്മരണകൾ 21 കുന്നത്തൂർ രാധാകൃഷ്ണൻ

പുതിയങ്ങാടിയുടെ കഥ, പാലക്കടയിൽ വിരിഞ്ഞ മഹാസ്നേഹം


ചരിത്രമുറങ്ങുന്ന പുതിയങ്ങാടി, എടക്കാടിന്റെ അവിഭാജ്യഘടകമാകുന്നു. അറേബ്യൻ രാജ്യങ്ങളുമായുള്ള സാമൂതിരി രാജാക്കന്മാരുടെ വാണിജ്യങ്ങളിൽ പങ്കുചേർന്ന് വളർന്നു വികസിച്ച പ്രദേശമാണ് പുതിയങ്ങാടി. കോഴിക്കോട് നഗരത്തിന്റെ വടക്കെ അറ്റത്തെത്തുന്ന യാത്രികനെ ആദ്യം സ്വീകരിക്കുന്നത് പുതിയങ്ങാടിചാലിൽ ജുമാമസ്ജിദാണ്. തലമുറകളുടെ ഉയർച്ചയ്ക്കും താഴ്ച്ചയ്ക്കും സാക്ഷ്യം വഹിച്ച ജുമായത്ത് പള്ളി. പുതിയങ്ങാടിയുടെ അഭിമാനസ്തംഭം. പള്ളിയുടെ തൊട്ട് വിളിപ്പുറത്ത് അറബിക്കടലുണ്ട്. വർഷക്കാലത്ത് അതിന്റെ ഇരമ്പം പുതിയങ്ങാടി മുഴുവനുമെത്തും. പുതിയങ്ങാടി ഉണ്ടെങ്കിൽ പഴയങ്ങാടിയും ഉണ്ടാവണമല്ലോ. അങ്ങനെ ചിന്തിക്കുമ്പോൾ കോഴിക്കോട് നഗരത്തിലെ കച്ചവട സിരാകേന്ദ്രമായ വലിയങ്ങാടിയായിരിക്കണം ആ പഴയങ്ങാടി എന്ന് ന്യായമായും നിഗമനത്തിലെത്താം. (കേരളത്തിൽ അനേകം പുതിയങ്ങാടികളും പഴയങ്ങാടികളുമുണ്ട്) തെക്ക് വരയ്ക്കൽ തുടങ്ങി അത്താണിക്കലും പാലക്കടയും പാവങ്ങാടും കുണ്ടുപറമ്പും മൊകവൂരുമെല്ലാം ഒരുകാലത്ത് ഈ തട്ടകത്തിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളായിരുന്നു. എല്ലാ ജാതി/മത വിഭാഗങ്ങളിലും പെട്ടവർ ഇവിടെ രമ്യതയോടെ ഇടതിങ്ങി ജീവിക്കുന്നു. പന്തലായിനിയിൽ കപ്പലിറങ്ങിയ പോർച്ചുഗീസ് സഞ്ചാരിയായ വാസ്ഗോഡഗാമ, സാമൂതിരി രാജാവിനെ കാണാൻ കോഴിക്കോട് നഗരത്തിലേക്ക് പോയ വഴിയാണിത്.
ക്രിസ്തുവർഷം 1583ലെ വരയ്ക്കൽ ക്ഷേത്രസംബന്ധിയായ ചരിത്രരേഖകൾ പുതിയങ്ങാടിയുടെ പഴയപ്രതാപത്തിലേക്ക് വെളിച്ചം
വീശുന്നുണ്ട്. വരയ്ക്കൽ ക്ഷേത്രസമുച്ചയവും പുതിയങ്ങാടിയും തമ്മിലുള്ള ബന്ധവും സാമൂതിരി രാജാക്കന്മാരുടെ ഭരണരീതിയും ഈ രേഖകളിൽ
അടയാളപ്പെടുത്തിയിരിക്കുന്നു. അങ്ങാടി കേന്ദ്രീകൃതമായ ഗ്രാമത്തിന്റെ സാമൂഹിക/ സാമ്പത്തിക ക്രമത്തിന്റെ ചിത്രമാണ് ഇതിൽ അനാവൃതമാകുന്നത്.
ക്ഷേത്രക്കോയ്മ, പാട്ടമാളി, മേനോക്കിമാർ എന്നിവർക്കായിരുന്നു പുതിയങ്ങാടിയുടെ ഭരണനേതൃത്വം. കോയ്മ ക്ഷേത്രകാര്യസ്ഥനും പാട്ടമാളി പാട്ടം പിരിക്കുന്ന ആളും മേനോക്കി കണക്കപ്പിള്ളയുമാണ്. ഗ്രാമത്തിന്റെ കണക്കുകൾ സൂക്ഷിച്ച കൊച്ചമ്മദ് എന്ന കണക്കപ്പിള്ളയെക്കുറിച്ച്
വരയ്ക്കൽ രേഖകളിൽ പരാമർശമുണ്ട്. ഒരു വർഷത്തേക്കാണ് പാട്ടം നിശ്ചയിച്ചിരുന്നത്. പാട്ടം നെല്ലായോ പണമായോ നൽകാമായിരുന്നു. വയലിനും പറമ്പിനും തെങ്ങിനും വീടിനും അറയ്ക്കും പുരയ്ക്കും
പാട്ടം പിരിച്ചു. പാട്ടക്കണക്കുകൾ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരേയും പിന്നാക്കം നിൽക്കുന്നവരേയും വേർതിരിച്ചെടുക്കാൻ അധികൃതരെ സഹായിക്കുന്നു. അക്കാലത്ത് ഈഴവരും മുക്കുവരും പറമ്പ് പാട്ടമളന്നിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. പറമ്പ് പൊതുവെ അമുസ്ലീംകളുടെ കൈവശത്തിലായിരുന്നു. പുതിയങ്ങാടിയിൽ അക്കാലത്ത് 436 വീടുകളാണുണ്ടായിരുന്നത്.തെങ്ങുകളുടെ എണ്ണം 314.മുസ്ലിംകളുടെ കൈവശമുണ്ടായിരുന്ന അറയും പുരയും അവരുടെ താമസസ്ഥലവും കച്ചവടസ്ഥലവുമാണ്. അവരുടെ നിയന്ത്രണത്തിൽ
162 അറയും പുരയുമുണ്ടായിരുന്നു. ഖജനാവിലേക്കുള്ള പ്രധാന വരുമാനം കടലോട്ട്പണം, കയറ്റിറക്കുചുങ്കം, പാട്ടപ്പണം, മുക്കോൻപണം എന്നിവയായിരുന്നു. മീൻപിടിത്തവും
കയറ്റിറക്കും പുതിയങ്ങാടിയുടെ സമ്പദ് വ്യവസ്ഥയെ
നിർണയിച്ച പ്രധാന ഘടകങ്ങളായിരുന്നുവെന്നതിന് മതിയായ തെളിവുകളുണ്ട്.

മുമ്പ്തന്നെ കച്ചവടസ്ഥാപനങ്ങൾ എമ്പാടുമുണ്ടായിരുന്നു പുതിയങ്ങാടിയിൽ. 160ലേറെ വ്യാപാരസ്ഥാപനങ്ങൾ അന്നിവിടെയുണ്ട്. ഇന്നത്തെ പുതിയങ്ങാടി മാർക്കറ്റ് കേന്ദ്രീകരിച്ചായിരുന്നു അറകളുടെ പ്രവർത്തനം. അന്നത്തെ ചില നിത്യോപയോഗ വസ്തുക്കളുടെ വിലനിലവാരമറിയുന്നത് കൗതുകകരമായിരിക്കും.

ശർക്കര ഒരു പലം-1.4താരം

(ഏതാണ്ട്ഒന്നേകാൽ പൈസ)


അരി പറ ഒന്ന്-50താരം(56പൈസ) തേങ്ങ20-14താരം കദളിപ്പഴം-1താരം നെയ്യ് ഒരു തുടം_3താരം

നേന്ത്രപ്പഴം60_14താരം

വെളിച്ചെണ്ണ നാഴി_2.5താരം എണ്ണ 24ഔൺസ്_13താരം ഇതൊക്കെ വളരെ പഴയകഥ. കാലം പലതിനെയും പിന്നോട്ട് തള്ളി മുന്നോട്ടു കുതിക്കുമല്ലോ. .അറബിക്കടലിന്റെ

പഞ്ചാരമണലിൽ പുതിയതിരമാലകൾ ആർത്തലച്ച് തലതല്ലിച്ചത്തു. പുതിയങ്ങാടിക്ക് പടിഞ്ഞാറ് പുതിയാപ്പക്കടപ്പുറത്ത് മീൻപിടിത്തക്കാരുടെ ആവാസകേന്ദ്രമാണല്ലോ. പുതിയാപ്പയിലെ തോണിക്കാരിൽ നിന്ന് മീൻ വാങ്ങി കാണ്ഡങ്ങളിൽ തൂങ്ങുന്ന കുട്ടകളിലാക്കി നാഴികകൾ താണ്ടി കിഴക്കൻ ഗ്രാമങ്ങളിലേക്ക് താളാത്മകമായി ഓടുന്ന മൽസ്യ


കച്ചവടക്കാർ കാൽ നൂറ്റാണ്ട് മുമ്പ് വരെ സ്ഥിരം കാഴ്ച്ചയായിരുന്നു. ഇപ്പോൾ കാൽ നടയായി മീൻ കൊണ്ടുപോകുന്നവരില്ല. പുതിയാപ്പ കടപ്പുറത്തെ മീൻ പിടിത്തക്കാരുടെ പ്രശ്നങ്ങളും തർക്കങ്ങളും പരിഹരിക്കാൻ കടക്കോടതി(കടൽക്കോടതി) രൂപംകൊണ്ടതായി പഴമക്കാരിൽ ചിലർപറയുന്നുണ്ട്.എന്നാൽ അവിടെ കടക്കോടതി ഉണ്ടായിരുന്നു എന്നതിന് ചരിത്രപരമായ തെളിവ് ലഭ്യമല്ല. എന്നാൽ മലബാറിലെ തീരപ്രദേശങ്ങളിൽ പലയിടത്തും കടക്കോടതികൾ സജീവസാന്നിധ്യമായിരുന്നു. ആ സാഹചര്യത്തിൽ പുതിയാപ്പയിലും അതുണ്ടായിരിക്കാനുള്ള സാധ്യത ഏറെയാണ്. മടപ്പള്ളി കേന്ദ്രീകരിച്ച് വടകരയ്ക്കും മാഹിക്കുമിടയിൽ ഒരു കടക്കോടതി പ്രവർത്തിച്ചിരുന്നു. വള്ളക്കാർ തമ്മിൽ കടലിൽ വെച്ചുണ്ടാകുന്ന സംഘർഷങ്ങൾ കടലിൽ വെച്ചുതന്നെ പരിഹരിക്കും. പഴയ നാട്ടുകൂട്ടത്തിന്റെ മാതൃകയിലായിരുന്നു കടക്കോടതിയും പ്രവർത്തിച്ചിരുന്നത്. ഇരുപതോ ഇരുപത്തിയഞ്ചോ വള്ളങ്ങൾ കൂട്ടിഘടിപ്പിച്ചാകും കോടതി ചേരുക. രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിൽ കോടതി വിധി പറയും. അത് അന്തിമമായിരിക്കും. അപ്പീലിന് യാതൊരു സാധ്യതയുമുണ്ടാവില്ല. കടക്കോടതികൾ മൽസ്യത്തൊഴിലാളികളുടെ ജീവിതത്തിന്റെ പ്രധാനഘടകമായി. ബ്രിട്ടീഷുകാർ രാജ്യം വിടുന്നതുവരെ, മലബാറിലെ തീരപ്രദേശങ്ങൾ പലതും ഒരു പരിധിവരെ നിയന്ത്രിച്ചിരുന്നത് കടക്കോടതികളായിരുന്നു. വള്ളങ്ങൾക്കുപകരം യന്ത്രവൽകൃത ബോട്ടുകൾ വന്നതോടെ കടക്കോടതികളുടെ പ്രാധാന്യം മങ്ങി. ക്രമേണ കടക്കോടതികൾ തിരോഭവിച്ചു. ഇപ്പോഴും
നോക്കുകുത്തിയായി മലബാറിൽ അങ്ങിങ്ങ് കടക്കോടതികൾ നിലനിൽക്കുന്നുണ്ട്.തർക്കങ്ങൾ തൽസമയം പരിഹരിക്കുമെന്നതിനാൽ കടക്കോടതികൾ കടലിന്റെ മക്കള്‍ക്ക് അനുഗ്രഹമായിരുന്നു. ഏതായാലും പുതിയാപ്പ ഇപ്പോൾ വളർന്ന് വികാസം പ്രാപിച്ചിരിക്കുന്നു. പുതിയാപ്പ തുറമുഖം മീൻപിടിത്തക്കാരുടെ ജീവനാഡിയാണ്.
പുതിയങ്ങാടിയുടെയും പുതിയാപ്പയുടെയും
സമീപപ്രദേശമായ പാലക്കടയെക്കൂടി പരാമർശിക്കാതെ ഈ കുറിപ്പ് പൂർത്തീകരിക്കാനാവില്ല. ഇവിടെ കലാസാംസ്കാരിക സംഘടനകളുണ്ട്. അതിൽ യുവശക്തി കലാസമിതിയും പാലക്കട പൗരസമിതിയും എടുത്തുപറയേണ്ടവയാണ്. പുരോഗമന കാഴ്ചപ്പാട് പുലർത്തുന്ന കുറെ പേരുടെ ശ്രമഫലമായിട്ടായിരുന്നു കലാസമിതി ജന്മം കൊണ്ടത്. കുറെക്കാലം വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. 1989ൽ "കല" നടത്തിയ അഖിലകേരള നാടകോൽസവത്തിൽ യുവശക്തി അവതരിപ്പിച്ച നായാട്ടുപുരം എന്ന നാടകം

ആറ് അവാർഡുകൾ കരസ്ഥമാക്കി. ചന്ദ്രശേഖരന്‍ തിക്കോടിയുടെതായിരുന്നു നാടകരചന. ആ നാടകാവതരണത്തോടെ" യുവശക്തി" കലാകേരളത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. പാലക്കട പൗരസമിതി സാമൂഹിക പ്രവർത്തനരംഗത്ത് സജീവമാണ്. സംഘടനയുടെ ശ്രമഫലമായാണ്

പാലക്കടയിൽ ബസ്സ് വന്നത്. പ്രദേശത്തെ നെടുനാളത്തെ യാത്രാക്ലേശം പരിഹരിക്കാനായത്

ചെറിയ കാര്യമായിരുന്നില്ല.


പാലക്കടയെ ശ്രദ്ധയമാക്കുന്ന മറ്റൊരു സ്ഥാപനമാണ് പുതിയേടത്ത് അച്യുതൻ മേനോക്കി സ്മാരകമന്ദിരം. ഇവിടെ ലൈബ്രറിയും സാംസ്കാരിക കേന്ദ്രവും പ്രവർത്തിക്കുന്നു.ആരായിരുന്നു പുതിയേടത്ത് അച്യുതൻ മേനോക്കി? അതു ഒരു മഹാത്യാഗത്തിന്റെ കഥയാണ്.കാലം 1940കളുടെ രണ്ടാം പകുതി. പാലക്കട സ്വദേശിയായ അച്യൂതൻ മേനോക്കി കോഴിക്കോട് നഗരത്തിലെ സേട്ട് നാഗ്ജി കുടക്കമ്പനിയിൽ സുരക്ഷാഭടനായി ജോലിനോക്കുന്ന കാലം. അക്കാലത്താണ് അദ്ദേഹം കമ്യൂണിസ്റ്റ്

പാർട്ടി നേതാവ് പി. കൃഷ്ണപിള്ളയെ പരിചയപ്പെടുന്നത്. ആ പരിചയം മേനോക്കിയുടെ ജീവിതത്തെ മാറ്റിമറിച്ചുകളഞ്ഞു. അദ്ദേഹം പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങി.


മേനോക്കിയുടെ കമ്യൂണിസ്റ്റ് സഹവാസം കമ്പനി മാനേജ്മെന്റ് അറിഞ്ഞു. അതോടെ കുടക്കമ്പനിയിൽ നിന്ന് പുറത്താവുകയും ചെയ്തു. തുടർന്ന് കൃഷ്ണപിള്ളയുടെ നിർദ്ദേശാനുസരണം മുഴുവൻ സമയ പാർട്ടിപ്രവർത്തകനായി.അന്ന് പാർട്ടിക്ക് വലിയ സ്വാധീനമൊന്നുമില്ല. ഫറോക്ക്/ചെറുവണ്ണൂർ മേഖലയിലെ ഓട്ടുകമ്പനി തൊഴിലാളികളെ സംഘടിപ്പിക്കാനാണ് മേനോക്കി നിയുക്തനായത്.കമ്പനി മുതലാളിമാരുടെ മുൻപിൽ
തലകുമ്പിട്ടുനിന്ന തൊഴിലാളികളെ അവകാശബോധമുള്ളവരാക്കി അദ്ദേഹം. അവർക്ക് കൂലി കൂടുതൽ വാങ്ങിക്കൊടുത്തു. തൊഴിലാളികളെ നട്ടെല്ലുള്ളവരാക്കി വാർത്തെടുക്കുന്നതിൽ മേനോക്കിയുടെയും സഖാക്കളുടെയും പ്രവർത്തനങ്ങൾ മാന്ത്രിക ശക്തിയായി. വാഗ്ഭടാനന്ദന്റെ ശിഷ്യനായ അദ്ദേഹത്തിന് അനീതിക്കെതിരെ ഉറക്കെ ശബ്ദിക്കാൻ കഴിഞ്ഞതിൽ അദ്ഭുതമില്ല. എന്നാൽ മേനോക്കിയുടെ മാർക്സിസ്റ്റ് നേതൃപാടവം ഓട്ടുകമ്പനി ഉടമകളിൽ രോഷം സൃഷ്ടിച്ചു.അദ്ദേഹത്തെ ഒതുക്കാൻ അവർ തക്കം പാർത്തിരുന്നു. തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുക മാത്രമായിരുന്നില്ല മേനോക്കി. . നാടകങ്ങളെഴുതി അവതരിപ്പിച്ചു. തൊഴിലാളികളെ

ബോധവൽക്കരിക്കുക എന്ന ലക്ഷ്യം മുൻ


നിർത്തിയായിരുന്നു നാടകാവതരണം. "കള്ളിന്റെ പോക്ക്", "വീട്ടിലേക്കുള്ള വഴി" എന്നിവ മേനോക്കിയുടെ നാടകങ്ങളാണ്. ചെറുവണ്ണൂർ ആൽത്തറയിൽ വെച്ചായിരുന്നു നാടകാവതരണം. ഇതിനകം പോലീസ്
അദ്ദേഹത്തെ നോട്ടപ്പുള്ളിയാക്കി കഴിഞ്ഞിരുന്നു. പാർട്ടി നിരോധിക്കപ്പെട്ടതോടെ മേനോക്കി ഒളിവിൽ പോയി. കമ്യൂണിസ്റ്റുകാർക്കെതിരായ പോലീസ് വേട്ട
ഉച്ചസ്ഥായിയിലെത്തിയ കാലമായിരുന്നു അത്.
ജനങ്ങൾ പ്രത്യേകിച്ച് ഫറോക്ക് മേഖലയിലെ തൊഴിലാളികൾ അദ്ദേഹത്തിന് സുരക്ഷിതവലയമൊരുക്കി.മേനോക്കിയുടെ ഒളിവുകാലത്തെ പേര് ജോൺ എന്നായിരുന്നു. പല ഒളിത്താവളങ്ങളിലെ പല അനുഭവങ്ങൾ. പൊലീസിനെ വെട്ടിച്ച് മേനോക്കി പലവട്ടം രക്ഷപ്പെട്ടിട്ടുണ്ട്. ഇതിനിടെ അമ്മാവന്റെ മകളെ വിവാഹം ചെയ്തെങ്കിലും കുടുംബ ജീവിതം സഫലമായില്ല. പാർട്ടി നിരോധിക്കപ്പെട്ട കാലമാണല്ലോ. തൊഴിലാളിസംഘടനാ പ്രവർത്തനത്തിൽ ആണ്ടുമുങ്ങുന്നതിൽ അദ്ദേഹം
സംതൃപ്തി കണ്ടെത്തി. 1950ലെ ഒരു രാത്രി പാലക്കടയിലെ വസതിയിൽ ചെറിയമ്മയെയും ഭാര്യയെയും കാണാനെത്തിയ മേനോക്കിയെ പോലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ രാഷ്ട്രീയപ്രതിയോഗികൾ ഒറ്റുകൊടുക്കുകയായിരുന്നു. പോലീസിന്റെ മൃഗീയപീഡനങ്ങൾക്കിരയായ ആ മഹാമനുഷ്യസ്നേഹി കണ്ണൂർ സെൻട്രൽ ജയിലിൽ
വെച്ചാണ് അന്ത്യശ്വാസം വലിച്ചത്. അതെ, എടക്കാട്ഗ്രാമത്തിന്റെ ഒരേയൊരു രക്തസാക്ഷി.മേനോക്കിയുടെ ജ്വലിക്കുന്ന ഓർമ്മകൾ നിലനിർത്താൻ ഫറോക്കിലും സ്മാരകമുണ്ട്.
അച്യുതൻ മേനോക്കി പാലക്കടക്കാരനാണെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിക്ക്
അവിടെ വലിയ അടിത്തറയൊന്നുമില്ലായിരുന്നു. പാർട്ടിയുടെ കൊടി ഉയർത്തിയാൽ രാഷ്ട്രീയ പ്രതിയോഗികൾ അതു കീറിയെറിയും. കമ്യൂണിസ്റ്റ് ജാഥയ്ക്ക് ആളെ കിട്ടുക പ്രയാസമായി. . 1960കളായപ്പോൾ അതിന് മാറ്റമുണ്ടാവാൻ തുടങ്ങി. . ചെറുകാട്ട് ഗംഗാധരൻ നായരാണ് അതിന് മുൻകൈ എടുത്തത്. പാർട്ടിക്ക് വേണ്ടി അദ്ദേഹം തനിച്ചു പ്രകടനമൊക്കെ നടത്തിയിട്ടുണ്ട്. അച്യുതൻ മേനോക്കിയുടെ സഹോദരപുത്രനായിരുന്നു ഗംഗാധരൻ നായർ എന്നും പറയേണ്ടതുണ്ട്.
(വിവരങ്ങൾക്ക് കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസി. ഡയറക്ടറും ചരിത്ര ഗവേഷകനുമായ കെപി. ദേവദാസ്, സന്തോഷ് പാലക്കട എന്നിവരോട് കടപ്പാട്)

Report Page