*/

*/

Source

ഒരു വർഷം മുമ്പ് ഇതേ ദിവസമാണ് (മാർച്ച് -ഒന്ന്) സ്കോട്ട്‌ലാന്റിലെ ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലേക്ക്
യാത്രയായത്. നീണ്ട പതിനാല് മണിക്കൂർ വിമാന യാത്ര. ഇടയ്ക്ക് ദുബായ് എയർപോർട്ടിൽ ഏതാനും സമയത്തെ വിശ്രമം...

ഗ്ലാസ്ഗോ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ചാറ്റൽമഴ പോലെ മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. ജീവിതത്തിൽ അതിനു മുമ്പ് അനുഭവിച്ചിട്ടില്ലാത്ത കൊടും തണുപ്പിലേക്ക് , കൗതുകങ്ങളുടെ വേറിട്ട കാഴ്ചയിലേക്ക് ഓരോ നിമിഷവും കണ്ണും കാതും പായിച്ചിരുന്ന എനിക്ക് ആഞ്ഞു കൊത്തുന്ന തണുപ്പ് അതേ അളവിൽ അനുഭവപ്പെട്ടിരുന്നുവോ എന്ന കാര്യം സംശയമാണ്.

ഓരോ നിമിഷവും എന്നെ വിസ്മയിപ്പിച്ചത്, പതിനേഴ് ദിവസം ചിലവഴിച്ച സ്കോട്ട്‌ലാന്റിലേയും ഇംഗ്ലണ്ടിലേയും പല രാജ്യക്കാരായ മനുഷ്യരുടെ സ്നേഹമസൃണമായ പെരുമാറ്റവും കരുതലുമാണ്.

ദുബായിൽ നിന്ന് എട്ടോ ഒൻപതോ മണിക്കൂർ യാത്ര ചെയ്ത് ഗ്ലാസ്ഗോ ഏയർപോർട്ടിൽ വിമാനമിറങ്ങുമ്പോൾ കൂടെ ഇന്ത്യക്കാരായ യാത്രക്കാർ വിരലിൽ എണ്ണാവുന്നവരെ ഉണ്ടായിരുന്നുള്ളു. ബാഗുകൾ ശേഖരിക്കുവാൻ നിൽക്കുമ്പോൾ ഒരു കാര്യം എനിക്ക് ഉറപ്പായിരുന്നു : കൂട്ടത്തിൽ ഒരു മലയാളിയുമില്ല...
എന്നാൽ അവരിൽ നിന്ന് ശരീര പ്രകൃതം കൊണ്ട് വേറിട്ടു നിന്ന എന്നെ എല്ലാ അർത്ഥത്തിലും സഹായിക്കുവാൻ അവർ ഓരോ നിമിഷവും ഉത്സുകരായിരുന്നു.

റിസപ്ഷനിലെ മന്യദേഹം, യാത്രോദ്ദേശ്യം ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു: ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലേക്കാണ്.
എന്താണ് ആവശ്യമെന്ന് ചോദിച്ചപ്പോൾ , Invited lecture നു വന്നതാണെന്ന് പറഞ്ഞ യുടനെ അയാൾ റിസപ്ഷനിൽ നിന്നിറങ്ങി വന്ന് ഹസ്തദാനം ചെയ്ത് അങ്ങേയറ്റം ആദരവോടെ , ഞങ്ങളുടെ രാജ്യത്തേക്ക് സ്വാഗതമെന്ന് ഉപചാരം പറഞ്ഞ് തൊട്ടടുത്തു കണ്ട സോഫയിൽ ഇരിക്കുവാൻ ആവശ്യപ്പെട്ടു. അദ്ദേഹം ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. യൂണിവേഴ്സിറ്റിയെപ്പറ്റിയും അതിന്റെ 700 വർഷത്തിലേറെ നീളുന്ന പാരമ്പര്യത്തെക്കുറിച്ചും അദ്ദേഹം വാചാലനായി.
ഒടുവിൽ , പുറത്ത് കാത്തിരുന്നവരുടെ അടുത്ത് എത്തിച്ചു തന്നാണ് അദ്ദേഹം തിരിച്ചു പോയത്. പിന്നീട് ഓരോ ദിവസവും ഈയൊരു സ്നേഹമസൃണമായ പെരുമാറ്റവും വിനയവും ഞാനനുഭവിക്കുകയായിരുന്നു.

ആഡംസ്മിത്ത് മുതൽ അസംഖ്യം ജ്ഞാനികൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത യൂണിവേഴ്സിറ്റിയാണ് ഗ്ലാസ്ഗോ . 1451 ലാണ് ഇന്നത്തെ രൂപത്തിലേക്ക് ഈ യൂണിവേഴ്സിറ്റി മാറുന്നത്. അതിനു മുമ്പും മറ്റൊരു രൂപത്തിൽ കാമ്പസവിടെയുണ്ടായിരുന്നു...

ഒഫീറ, ടോർസൻ , ദീപ്ര .... തുടങ്ങി ഗ്ലാസ്ഗോയിൽ നിന്ന് കണ്ടുമുട്ടിയ ഏക മലയാളി വിദ്യാർത്ഥിയായ ശിഹാബ് വരെയുള്ള നിരവധി പേരെക്കുറിച്ച് എഴുതുവാൻ ഒരുപാട് സ്നേഹോർമ്മകളുണ്ട്. (പിന്നീടൊരിക്കലാവാം)

സ്കോട്ട്ലാന്റിൽ നിന്ന് ബസ്സിലാണ് ലണ്ടനിലേക്ക് പോയത്. ലോക പ്രസിദ്ധമായ ബ്രിട്ടീഷ് ലൈബ്രറിയിൽ ഒരു പ്രോജക്ട് ചർച്ചയായിരുന്നു യാത്രയുടെ പ്രധാന ലക്ഷ്യമെങ്കിലും കുറഞ്ഞ ദിവസത്തിനുള്ളിൽ ലണ്ടൻ നഗരവും Buckingham palace, ബ്രിട്ടീഷ് പാലസ്, ലണ്ടൻ ബ്രിഡ്ജ് തുടങ്ങി ചരിത്ര പ്രസിദ്ധമായ പലയിടങ്ങളും കാണുവാൻ ഭാഗ്യമുണ്ടായി.

ശ്രീലങ്കക്കാരിയായ അരണിയും ആൾജീരിയക്കാരിയായ ഡോൾഫിനുമായിരുന്നു ബ്രിട്ടീഷ് ലൈബ്രറിയിൽ സ്വീകരിക്കുവാൻ ഉണ്ടായിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട മലയാള , അറബി-മലയാള ഗ്രന്ഥങ്ങൾ മുതൽ അക്കാലത്തെ ലഘുലേഖകൾ വരെ ബ്രിട്ടീഷ് ലൈബ്രറിയിൽ ഇന്നും സൂക്ഷിക്കുന്നുണ്ട്.
( മലയാളത്തിലെ ആദ്യ നോവലായ ഇന്ദുലേഖയുടെ പ്രഥമ പതിപ്പിന്റെ കോപ്പി ഈ ലൈബ്രറിയിലുണ്ട് ) കാൾ മാർക്സ് മൂലധനമെന്ന വിഖ്യാത ഗ്രന്ഥം രചിക്കുവാൻ 3000 ലേറെ ഗ്രന്ഥങ്ങൾ റഫർ ചെയ്തത് ഈ ലൈബ്രറിയിൽ വെച്ചാണ്.
മില്യൻ കണക്കിന് പുസ്തകങ്ങളുള്ള ഈ ഗ്രന്ഥശാല ഒരു വിസ്മയ കാഴ്ച തന്നെയാണ്.

ലണ്ടനിലെ യാത്രകളിൽ കൂട്ടായി , ലണ്ടനിൽ ഐ റ്റി മേഖലയിൽ ജോലി ചെയ്യുന്ന,ബന്ധുവായ മുഹമ്മദലി (കോറോം )യുമുണ്ടായിരുന്നു.
മുഹമ്മദലിയിലൂടെ ഒട്ടേറെ മലയാളികളെ ലണ്ടനിൽ വെച്ച് കാണുവാനും അവരുടെ ആതിഥ്യം സ്വീകരിക്കുവാനും സാധിച്ചു...

കൊറോണ പിടിമുറുകി തുടങ്ങിയ ഘട്ടത്തിലാണ് ഞാൻ യു.കെയിൽ എത്തിച്ചേർന്നത്. തിരിച്ചു വരുമ്പോഴേക്ക് ലണ്ടനും സ്കോട്ട്ലാന്റുമെല്ലാം വിജനമായി തുടങ്ങിയിരുന്നു...

വാസ്തവത്തിൽ, ഓരോ യാത്രയും അവനവനിലേ / അവളവളിലേക്കുള്ള തീർത്ഥാടനമാണ്. വേറിട്ട് നിന്ന് നമ്മെ നിരീക്ഷിക്കുവാനും തിരിച്ചറിയുവാനുമുള്ള വിശുദ്ധ വേളകളാണ്. കാപട്യം നിറഞ്ഞ നമ്മുടെ അകത്തേയും പുറത്തേയും ശുദ്ധീകരിക്കുവാനുള്ള അപൂർവ്വാവസരമാണ്...

Report Page