*/

*/

Source

ക്രിസ്തീയ "സഹോദര"ങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ തങ്ങളുടെ മാനിഫെസ്റ്റോയിലുൾപ്പെടുത്തുമെന്ന് ഇന്നലെ എം.ടി രമേശ് പറയുന്നത് ചാനലിൽ കണ്ടു.

എന്താണ് ക്രിസ്തീയ സഹോദരങ്ങളുടെ പ്രശ്നങ്ങൾ? പെട്രോൾ-ഡീസൽ വില വർദ്ധന, തൊഴിലില്ലായ്മ, ഡാങ്ങ്സിലും കന്ധമാലിലും നടന്ന ക്രൈസ്തവ വേട്ട, ഇപ്പോഴും പല സംസ്ഥാനങ്ങളിലും നടക്കുന്ന കന്യാസ്ത്രീകൾക്കെതിരായ കള്ളക്കേസുകളും അക്രമങ്ങളും, എന്നിവയൊന്നും ക്രൈസ്തവ സഹോദരന്മാരുടെ പ്രശ്നങ്ങളല്ല.. ഇപ്പോൾ പാസാക്കിയ മൂന്നു കർഷക ബില്ലുകൾ ഒട്ടും തന്നെ ക്രൈസ്തവ സഹോദരിമാരുടെ പ്രശ്നമല്ല.

ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ആദ്യ പടികൾ എന്ന നിലയിൽ പാസാക്കിയ കാശ്മീരിന്റെ പ്രത്യേകാവകാശം എടുത്തുകളയൽ, മുത്തലാക്ക് ബിൽ, സർക്കാരിന്റെ രാമക്ഷേത്ര നിർമാണം, പൗരത്വ നിയമം എന്നിവയോ സ്റ്റാൻ സാമിയുടെ കള്ളക്കേസിലെ അറസ്റ്റും തടങ്കലുമോ ഒന്നും ക്രൈസ്തവ സഹോദരങ്ങളുടെ പ്രശ്നങ്ങളല്ല.

മറിച്ച് ,തങ്ങളുടെ ഐടി സെല്ലും, ഒരു പറ്റം പിതാക്കന്മാരും, കെ .സി ബി.സി ജാഗ്രതാ കമ്മീഷനും, ചില ധ്യാനഗുരുക്കന്മാരും ഒന്നൊന്നര വർഷം ആഞ്ഞുപിടിച്ചതിന്റെ ഫലമായി ലവ് ജിഹാദ് കേരളത്തിൽ ഒരു മുഖ്യ പ്രശനമാക്കാനായിട്ടുണ്ട് ... പിന്നെ ,അതിലും വലിയ പ്രശ്നം ഹലാൽ മാംസം, പിന്നെ ഹാഗിയ സോഫിയപള്ളി ...

കന്ധമാലിലെ കത്തിച്ചു കളഞ്ഞ എത്ര പള്ളികൾ പുന:സ്ഥാപിക്കപ്പെട്ടു? പോട്ടെ ,എത്ര പ്രദേശങ്ങളിൽ ഓടിപ്പോയവർക്ക് തിരിച്ചെത്താൻ കഴിഞ്ഞു?

അതൊന്നും കേരളത്തിലെ ക്രൈസ്തവസഹോദരങ്ങളെ ബാധിക്കില്ലെന്ന് രമേശിന്റെ കള്ളച്ചിരിയിൽ നല്ല ഉറപ്പ് പ്രത്യക്ഷപ്പെടുന്നുണ്ട്.

ഇന്നത്തെ മനോരമയിൽ മരാമൺ കൺവെൻഷനിൽ മാർ .ആൻഡ്രൂസ് താഴത്ത് നടത്തിയ പ്രസംഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട് ..

"ക്രിസ്തുവാകുന്ന ഇടയനോട് ചേർന്ന് നില്ക്കണം, ചിതറി നില്കുന്ന ആടുകളെ ചേർത്തു നിർത്താൻ ഇടയനു മാത്രമേ കഴിയൂ, ക്രിസ്തുവിനെ സ്വീകരിക്കുന്ന എല്ലാ സഭകളും ഒന്നാകണം, മറ്റുള്ളവരെയും സമൂഹത്തെയും സഭകൾ കരുതണം" എന്നിവയാണ് മുഖ്യ പോയിന്റ് ...

എല്ലാ സഭകളും ഒന്നാകുന്ന കാര്യം മാറ്റി വച്ച് താഴത്ത് പിതാവിന്റെ സീറോ മലബാർ സഭ മാത്രമെടുത്താൽ അതിന്റെ മുഖ്യ രൂപതയായ അങ്കമാലി - എറണാകുളം രൂപതയിൽ ആലഞ്ചേരി വലിയ ഇടയൻ ഒരു വശത്തും മറ്റിടയന്മാരും ആടുകളും മറുവശത്തുമായി വലിയയുദ്ധം നടക്കുന്നു... അവിടെ, "ഭൂമി വിറ്റ പണമെവിടെ " എന്ന ചോദ്യത്തിന് വലിയ ഇടയൻ മറുപടി പറഞ്ഞിട്ടില്ല.. "അക്കാര്യത്തിൽ ഇന്ത്യൻ നിയമം നമുക്കു ബാധകമല്ല, കാനോൻ നിമയമമാണ് ബാധകം" എന്നാണദ്ദേഹത്തിന്റെ നിലപാട്...

ആ വിഷയത്തിൽ ഇന്നേവരെ ഒരക്ഷരം പറയാത്ത അദ്ദേഹം ,"ക്രിസ്തു എന്ന വലിയ ഇടയൻ" എന്നു പറയുമ്പോൾ ചിരിച്ച് മണ്ണുകപ്പിപ്പോകും.
തന്റെ സഭയിൽ വലിയ പിളർപ്പുണ്ടാക്കിയ ഒരു പ്രശ്നത്തിൽ നീതിയുടെ പക്ഷത്തു നിന്ന് ഒരക്ഷരം പറയാത്ത ഒരാൾ ക്രിസ്തുവിനെക്കുറിച്ച് പറയുന്നതിൽ എന്തർത്ഥം?

മാർത്തോമ്മാ സഭ നടത്തുന്ന മരാമൺ കൺവെൻഷനിൽപ്പോയി വലിയ തത്വം പറഞ്ഞ് കൈയ്യടി നേടുന്നതിനപ്പുറം, ഏതാനും തിരുമേനിമാരുടെ ED പ്പേടിയും ഓർത്തഡോക്സ് - യാക്കോബായ തമ്മിലടിയും മുതലെടുത്ത് സുവർണാവസരംപിള്ളമാർ പരസ്യമായും കണ്ണന്താനം -ടോം വടക്കന്മാർ രഹസ്യമായും നടത്തുന്ന "കാരറ്റ് ആന്റ് സ്റ്റിക് നയ"ത്തിലൂടെ ക്രൈസ്തവ സമുദായത്തെ ഹിന്ദു രാഷ്ട്രത്തിന്റെ മൂലക്കല്ലാക്കാൻ നടക്കുന്ന വലിയ ഗൂഡാലോചനയെക്കുറിച്ച് അക്ഷരം പറയാൻ അദ്ദേഹം തയ്യാറല്ല.

ക്രിസ്തുവിനെ സ്വീകരിക്കുന്ന സഭകൾ ഒന്നാകുന്നതെന്തിന്?

രണ്ടാം തരം പൗരന്മാരായി ഹിന്ദു രാഷ്ട്രത്തിൽ ജീവിച്ചു കൊള്ളാം എന്ന് പ്രതിജ്ഞ ചെയ്ത് ക്രിസ്തുവിനെ തള്ളി നാഗ്പൂർ വലിയ ഇടയന്റെ പാദാരവിന്ദങ്ങളിൽ സാഷ്ടാംഗം പ്രണമിക്കാനോ?
താഴത്തും ആലഞ്ചേരിയും മറുപടി പറയേണ്ടത് ഈ ചോദ്യത്തിനാണ്..

Report Page