*/

*/

Source

മെരിറ്റ് ഇരുമ്പുലക്കയല്ല.!

രാഷ്ട്രീയനേതാക്കളുടെ ഭാര്യമാർ എന്ന നിലയിൽ സ്വന്തം മെരിറ്റ് സമൂഹ മധ്യത്തിൽ വന്നു പറയേണ്ടിവരുന്ന ഗതികേടിനെക്കുറിച്ച് രണ്ടു സ്ത്രീകൾ എഴുതിയ തുറന്ന കത്തുകൾ ഈയിടെ കണ്ടു. ഇരുവരെയും വിവാദത്തിലേയ്ക്കും കത്തെഴുത്തിലേയ്ക്കും തള്ളിവിട്ടതാകട്ടെ ഒരു യൂണിവേഴ്സിറ്റി നിയമനവും അനുബന്ധ ചർച്ചകളുമാണ്. ഒരാൾ പഴയ തലമുറയിലും മറ്റേയാൾ പുതിയ തലമുറയിലും പെടുന്നു എന്ന വ്യത്യാസം മാത്രം. ഈ കുറിപ്പെഴുതുന്ന ഞാനാവട്ടെ പ്രായം കൊണ്ട് ഇവരിരുവർക്കുമിടയിൽ വരുന്നവളും ഇത്തരം അധികാര സ്ഥാനങ്ങളുടെ ഒന്നും കഥ പറയാനില്ലാത്ത ആളുമാണ്.

യുവ നേതാവിന്റെ ഭാര്യയ്ക്ക് സംസ്കൃത സർവ്വകലാശാലയിൽ കിട്ടിയ നിയമനം മാനദണ്ഢങ്ങൾ പാലിക്കാതെയാണെന്നു പറഞ്ഞത് ഏതെങ്കിലും യു ഡി എഫ് നേതാക്കളല്ല. അവരെ ഇന്റർവ്യൂ ചെയ്ത വിഷയ വിദഗ്ധരാണ്. അവരാകട്ടെ എക്കാലവും ഇടതോരം ചേർന്നു സഞ്ചരിക്കുന്നവരും . അവർ പറഞ്ഞപ്പോൾ സ്വാഭാവികമായും വിഷയം പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. ഇവിടെ മെരിറ്റ് , പ്രതിഭ ഇവയൊക്കെ നിർണ്ണയിക്കാനുള്ള കുത്തക കൈവശം വച്ചിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ നേതാവിന്റെ ഭാര്യയുടെ മെരിറ്റാണല്ലോ സംശയത്തിന്റെ നിഴലിൽ കുരുങ്ങിയത്. അതിന്റെ മറുപടിയിൽ വിചാരണ ചെയ്തതാകട്ടെ ഡോ.എം ടി സുലേഖയെയും .! ജി.കെ അധികാര സ്ഥാനങ്ങളിലൊക്കെ എത്തും മുന്നെ അവർ പരിചിതരാവും മുന്നെ ജോലിയിൽ പ്രവേശിച്ച സുലേഖ ടീച്ചർക്ക് ഇക്കാലമത്രയും ലഭിച്ച സകലമാന അധികാരങ്ങളും അനധികൃത നിയമനമായിരുന്നു എന്നു സാമാന്യവല്കരിക്കാനാണ് എതിർചേരിയുടെ വക്താക്കൾ ശ്രമിച്ചത്.! എന്തിനേറെ പറയുന്നു 1978 ൽ മാർ ഇവാനിയോസ് കോളേജിൽ സർവ്വീസ് ആരംഭിച്ച സുലേഖ ടീച്ചർക്ക് നെറ്റ് ഇല്ല എന്നു വരെയായി ചർച്ചകൾ . അക്കാലത്ത് ഈ നാട്ടിൽ യു ജി സി യോ നെറ്റോ രംഗപ്രവേശം ചെയ്തിട്ടില്ല. 1987 ൽ യു ജി സി പാക്കേജ് നടപ്പാക്കാനായി സമരം ചെയ്ത അധ്യാപകരാരും നെറ്റ് പരീക്ഷ പാസായവരല്ല. 1992 മുതൽ മാത്രം നടപ്പായ ഒരു കാര്യം അതിനു മുമ്പു ജോലിയിൽ കയറിയവരെയാകെ അയോഗ്യരാക്കി മുദ്രയടിക്കാനുള്ള വഴിയായി സ്വീകരിക്കുന്നത് തികഞ്ഞ അപമര്യാദയാണ്. ബി എ യ്ക്കും എം എ യ്ക്കും കിട്ടിയ റാങ്ക് അന്നത്തെ മെരിറ്റിന്റെ അളവുകോൽ ആയിരുന്നു എന്നതും തള്ളിക്കളയാനാവില്ല. 92 ൽ പി എച്ച്.ഡി നേടിയ ഒരാൾക്ക് അക്കാദമിക് രംഗത്ത് അക്കാലത്തു കിട്ടുന്ന അംഗീകാരത്തെ ഇന്നത്തെ സാഹചര്യങ്ങൾ കൊണ്ടു വിലയിരുത്തുന്നതും നീതിയുക്തമല്ല.അന്നും ഇന്നും യൂണിവേഴ്സിറ്റികളിലെ രജിസ്ട്രാർ, കൺട്രോളർ പോലുള്ള പോസ്റ്റുകളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് കണ്ടിട്ടുമില്ല.!!

ഇനി വിവാദ വിഷയത്തിലേയ്ക്ക് വരാം.

1. സംസ്കൃത സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ പോസ്റ്റിലേയ്ക്ക് അപേക്ഷിച്ച എല്ലാവർക്കും യു ജി സി നിശ്ചയിച്ച മിനിമം യോഗ്യത ഉണ്ടാവും. അക്കാര്യത്തിൽ ആർക്കും തർക്കമില്ല.

2. ഇതേ രീതിയിൽ മിനിമം യോഗ്യത ഉള്ളവർ തന്നെയാണ് ദേവസ്വം ബോർഡിന്റെയും ഇതര ഏജൻസികളുടെയും കോളേജുകളിൽ അപേക്ഷ കൊടുത്ത് ഇന്റർവ്യൂ ബോർഡിന്റെ തിരഞ്ഞെടുപ്പിനു വിധേയരായി സർവ്വീസിൽ കയറിയിട്ടുള്ളത്. അവിടെയും സർക്കാർ പ്രതിനിധിയും യൂണിവേഴ്സിറ്റിയുടെ വിഷയ വിദഗ്ധരും ഒക്കെ അടങ്ങുന്ന സമിതിയാണു തിരഞ്ഞെടുപ്പ് നടുത്തുന്നത്. അതായത് മിനിമം യോഗ്യതയുള്ളവരിൽ നിന്നും ഇന്റർവ്യൂ ബോർഡ് തിരഞ്ഞെടുക്കുന്നവരാണ് ടി സ്ഥാപനങ്ങളിൽ ടി തസ്തികയ്ക്ക് ഇണങ്ങുന്നവർ . ഇതിൽ നിന്നും വലിയ അന്തരമൊന്നും യൂണിവേഴ്സിറ്റി നിയമനങ്ങളിലും ഇല്ല .

3.മെരിറ്റ് എന്ന അമൂർത്തതയെ പരമാവധി വസ്തുനിഷ്ഠമാക്കാൻ ചില മാനകങ്ങൾ മുന്നോട്ടുവയ്ക്കുന്നു.
അതിലൊന്നാണ് അധ്യാപന പരിചയം. ഏതായാലും കോളേജിലും യൂണിവേഴ്സിറ്റിയിലും പരിഗണിക്കുന്നതും പരിഗണിക്കേണ്ടതും കോളേജിലെ അധ്യാപന പരിചയമാണ് എന്നതിൽ ആർക്കും തർക്കമുണ്ടാകുമെന്നു തോന്നുന്നില്ല. അത് ഗസ്റ്റ് അധ്യാപനമാണ് എന്നതുകൊണ്ട് പരിഗണനാർഹമല്ല എന്നു പറയുന്നതിന്റെ യുക്തി എന്തെന്നു മനസ്സിലാവുന്നില്ല. പി എസ് സി വഴി സ്കൂളിൽ പഠിപ്പിച്ചു എന്നത് കോളേജിലെ അധ്യാപന പരിചയത്തേക്കാൾ ശ്രേഷ്ഠമായി ചില സവിശേഷാവസരങ്ങളിൽ പരിഗണിക്കണം എന്നു പറയുന്നതും എന്തടിസ്ഥാനത്തിലാണ്.?? സ്കൂളും കോളേജും രണ്ടാകയാലാണല്ലോ രണ്ടിനും വെവ്വേറെ യോഗ്യതകളും പരീക്ഷയും ഇന്റർവ്യൂവുമൊക്കെ വേണ്ടി വരുന്നത്. രണ്ടും വ്യത്യസ്തമാകയാലാണല്ലോ നേതാക്കളുടെ ഭാര്യമാരായ യോഗ്യരും അതല്ലാത്ത യോഗ്യരും പി.എസ് സി വഴിയും അല്ലാതെയുമൊക്കെ സ്കൂളിൽ കിട്ടിയ ജോലി വേണ്ടാന്നു വച്ച് കോളേജിലേയും യൂണിവേഴ്സിറ്റിയിലേയും ജോലിക്ക് ശ്രമിക്കുന്നത്. അപ്പോൾ കോളേജിൽ താല്കാലികമായിട്ടായാലും സ്ഥിരമായിട്ടായാലും പഠിപ്പിക്കുന്നത് കോളേജധ്യാപന പരിചയവും സ്കൂളിലേത് സ്കൂൾ അധ്യാപന പരിചയവും തന്നെയാണ്.

4. മറ്റൊരു ഘടകം പബ്ലീഷ്ഡ് വർക്ക് ആണ് . മാർക്ക് കിട്ടാൻ അതൊക്കെ നിർദ്ദിഷ്ട പ്രസിദ്ധീകരണങ്ങളിലാവണം താനും. ആനുകാലികങ്ങളിൽ എത്രയെഴുതിയിട്ടും കാര്യമൊന്നുമില്ല.

5.ഇങ്ങനെ പരിഗണിക്കേണ്ട കാര്യങ്ങളിൽ പലതും ഒഴിവാക്കി മിനിമം യോഗ്യത മാത്രമുള്ള ഒരാളെ ചില പ്രിവിലേജിന്റെ പേരിൽ നിയമിച്ചു എന്നു പറഞ്ഞത് വിഷയ വിദഗ്ധരാണ്. മറ്റാരുമല്ല.

ഇതിനോടനുബന്ധിച്ച് ഈ യൂണിവേഴ്സിറ്റിയുടെ നിയമന ചരിത്രം പുറത്തു വന്നു. 1997 ൽ അതായത് യു ജി സി വന്നു കഴിഞ്ഞ് അവിടെ കയറിക്കൂടിയ ബിച്ചു എക്സ് മലയിൽ , തോമസ് താമരശ്ശേരി എന്നിവർക്ക് എം.ഫിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. NET ഇല്ല . സന്തോഷ് എച്ച്.കെ. ,സുനിൽ പി ഇളയിടം തുടങ്ങിയവരൊക്കെ NET മാത്രമുള്ളവരും. ഇവരൊക്കെ ഇപ്പോൾ പ്രൊഫസറന്മാരും കേരളസംസ്കാരത്തിന്റെ അംശാധികാരികളുമായിക്കഴിഞ്ഞു. അന്നത്തെ ആ നിഷ്പക്ഷ ഇന്റർവ്യൂ ബോർഡിൽ ഇവരിൽ ചിലരുടെ സ്വന്തം ഗൈഡും ഉണ്ടായിരുന്നു താനും. അന്നത്തെ ഇന്റർവ്യൂ ബോർഡ് ഐകൃത്തോടെ ഒഴിവാക്കിയവരിൽ ഡോ.കെ എം ഭരതനും ഡോ.ഉമർ തറമേലും ഡോ പി.കെ രാജശേഖരനുമൊക്കെയുണ്ടുതാനും. റാങ്കും NET ഉം JRF ഉം Ph.D യുമുള്ള ഡോ പി.കെ രാജശേഖരന് ആ ബോർഡ് 36/150 മാർക്കാണു കൊടുത്തത്. 50 % മാർക്കും എം.ഫിൽ ഉം മാത്രമുള്ള ബിച്ചുവിന് 120/ 150 മാർക്കും .

ഇങ്ങനെയൊക്കെ മെരിറ്റ് അളന്നുതൂക്കി യോഗ്യരെ കണ്ടെത്താൻ അസാമാന്യ പാടവമുള്ള ഈ സർവ്വകലാശാലയിൽ തന്റെ നിയമനം മാത്രം വിവാദമാക്കിയതിനു പിന്നിൽ ആരാണെന്നാണു നേതാവിന്റെ ഭാര്യ അടിയന്തിരമായി ചിന്തിക്കേണ്ടത്.

കാരണം ഈ വിവാദത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നു പറഞ്ഞത് മറ്റാരുമല്ല ശ്രീ എം.ബി രാജേഷ് തന്നെയാണ്. തന്റെ വീട്ടിൽ ബ്ലാക്ക്മെയിൽ ചെയ്യാൻ ഒരു ദൂതനെത്തിയെന്നും പറഞ്ഞ അദ്ദേഹം ദൂതനാരെന്നു പറയാത്തതിനാൽ ദൂതൻ ഒരു സിപിഎം കാരനാവുമെന്ന കാര്യം ഉറപ്പാണ്. ഏതായാലും യൂ ഡി എഫ് ചേരിയിലുള്ള ഒരാളും അത്തരമൊരു ദൗത്യവുമായി അവിടെ പോകാനിടയില്ല. അഥവാ പോയാൽ പേരു വെളിപ്പെടുത്താതെ അയാളെ സംരക്ഷിക്കാൻ ശ്രീ രാജേഷ് മിനക്കെടാനും പോകുന്നില്ല.!

ഈ വിവാദങ്ങൾക്കിടയിൽ വിവാദ ലേശം പുരളാതെ വേറെ ചില നിയമനങ്ങൾ നടന്നു. അവിടെയും സന്നിഹിതരായത് ഇതേ വിദഗ്ധരാണ്.നിയമിതരായവരെല്ലാം ഇടതോരം നിൽക്കുന്നവരുമാണ്. അസോസിയേറ്റു പ്രൊഫസർ നിയമനത്തിൽ ക്രമക്കേട് ഉണ്ടെന്ന കാര്യം അടക്കിയ സംസാരത്തിലൊതുങ്ങിപ്പോയി. . അതേ വേണ്ടതു വേണ്ടവിധത്തിൽ നടത്താനറിയുന്നവർക്കിടയിൽ നിനിത കണിച്ചേരീ താങ്കളെ മാത്രം മാർക്ക് ചെയ്ത് വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചതിന്റെ ലക്ഷ്യം താങ്കളിലൊതുങ്ങുന്നില്ലെന്നാണ് എനിക്കു തോന്നുന്നത്.!

ഇലക്ഷനടുത്തു വരുന്ന ഈ സമയത്ത് സഖാവ് രാജേഷിനെ വിവാദത്തിലേയ്ക്ക് വലിച്ചിഴക്കാൻ തുനിഞ്ഞിറങ്ങിയ ദൂതനും ദൂതന്റെ തല തൊട്ടപ്പനും തീർച്ചയായും നിങ്ങളുടെ പാളയത്തിൽ തന്നെയുണ്ടു സുഹൃത്തെ. !അവരവിടെ സുരക്ഷിതരുമാണ്.! ഈ വൈരുധ്യത്തിനു നടുവിലിരുന്നു താങ്കൾ മറുപടി കൊടുക്കേണ്ടത് എം ടി സുലേഖയ്ക്കല്ല . അവരെ ഇനിയും എത്രയൊക്കെ അവഹേളിച്ചാലും അതുകൊണ്ട് അവർക്ക് ദോഷമോ നിങ്ങൾക്ക് ഗുണമോ ഉണ്ടാവാനും പോകുന്നില്ല. പക്ഷേ രാജേഷ് സഖാവിന്റെ വ്യക്തി ജീവിതം മുതൽ ആദർശ സ്ഥിരത വരെ പൊതു ഇടത്തിൽ ചർച്ച ചെയ്തു രസിക്കാനുള്ള ഉപാധിയായി താങ്കളുടെ നിയമനത്തെ ഉപയോഗിച്ചവർക്കാണു താങ്കൾ മറുപടി കൊടുക്കേണ്ടത്.! ആ യാഥാർത്ഥ്യം തിരിച്ചറിയാൻ താങ്കൾക്കാവട്ടെ എന്നു മാത്രം ആശംസിക്കുന്നു. !

മൂന്നു പതിറ്റാണ്ടു മുന്നെ മിശ്രവിവാഹിതയായ ഒരു മുതിർന്ന സഹോദരി,

ഡോ. ബെറ്റി മോൾ മാത്യു .

Report Page