*/

*/

Source

പാർട്ടിയിലെ താത്വികാചാര്യന്മാരെപ്പോലും കടത്തിവെട്ടിയാണ് കോട്ടപ്പള്ളി ആ ആശയം മുന്നോട്ടുവെച്ചത്.

"നമുക്കു കൈവന്നിരിക്കുന്ന ഒരു സുവർണാവസരമാണിത്. അതു പരമാവധി നമ്മൾ മുതലെടുക്കണം. അവരെ നമ്മുടെ പാർട്ടിക്കാരായി ചിത്രീകരിച്ചാൽ അവരാരാണ്? രക്തസാക്ഷികൾ. ഐ.എൻ.എസ്.പിക്കാർ മൃഗീയമായി കൊല ചെയ്ത നമ്മുടെ രക്തസാക്ഷികൾ. ആർ.ഡി.പിയുടെ ചുവന്ന കൊടി പുതപ്പിച്ചുകൊണ്ടുള്ള ശവയാത്ര ഈ നാടിനെ പ്രകമ്പനം കൊള്ളിക്കും. ഐ.എൻ.എസ്.പിക്കാരെ നാട്ടുകാർ വേട്ടയാടും."

പാർട്ടിയിലെ താത്വികാചാര്യന്മാരിൽ മുതൽ സോഷ്യൽ മീഡിയയിൽ പാർട്ടിക്കായി അഹോരാത്രം പണിയെടുക്കുന്ന ഉത്തമന്മാരിൽ വരെ കുളിരു കോരിയിട്ടു കൊണ്ട് കോട്ടപ്പള്ളി പറഞ്ഞവസാനിപ്പിച്ചു.

കോട്ടപ്പള്ളിയുടെ കുടിലബുദ്ധി അറിയാവുന്ന പാർട്ടിയിലെ പ്രമുഖനായ ഒരു മന്ത്രി തിരുവോണ ദിവസത്തെ ആഘോഷം മാറ്റിവെച്ചില്ല. സൃഷ്ടിക്കപ്പെടുന്ന രക്തസാക്ഷികൾക്കു വേണ്ടി വ്യക്തിപരമായ സന്തോഷങ്ങൾ ത്യജിക്കേണ്ടതില്ലെന്ന് ആ മന്ത്രിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ അയാൾ മുഖ്യമന്ത്രി കൊടുത്തയച്ച പായസം വയറുനിറച്ചു കുടിച്ചു.

മറ്റൊരിടത്ത് പാർട്ടി സെക്രട്ടറി ഓവർ ആക്ടിങ് നടത്തി ചളമാക്കുന്നുണ്ടായിരുന്നു. തിരുവോണ ദിവസം ഐ.എൻ.എസ്.പിക്കാർ ചോരപ്പൂക്കളം ഇട്ടതായും അതുകണ്ട് പ്രബുദ്ധ കേരളം തലകുനിച്ചതായും അയാൾ പ്രഖ്യാപിച്ചു.

മറുവശത്ത് കോട്ടപ്പള്ളിയുടെ കുരുട്ടുബുദ്ധി വീണ്ടും സജീവമായി. ഐ.എൻ.എസ്.പിയുടെ യുവജന സംഘടനാ നേതാവിനെ "കാലൻ" എന്ന വിശേഷണം നൽകി സോഷ്യൽ മീഡിയയിൽ കടന്നാക്രമിക്കാൻ ഉത്തമന്റെ നേതൃത്വത്തിലുള്ള പോരാളികളോടു പറഞ്ഞു ചട്ടം കെട്ടി. ഒരുവർഷം മുൻപു തങ്ങളുടെ പ്രതീക്ഷയും ആവേശവുമായിരുന്ന, പാർട്ടിയുടെ "സമ്പത്താ"യിരുന്ന സഖാവിനെ കണ്ടം വഴി ഓടിച്ച്, വിജയിച്ച ഐ.എൻ.എസ്.പിക്കാരനെക്കൂടി ശരിയാക്കണമെന്ന ചിന്ത കോട്ടപ്പള്ളിയിൽ ഉണർന്നു. ഇനി വേണ്ടത് ഒരോളമാണ്. അതിനു നാടുനീളെക്കാണുന്ന ഐ.എൻ.എസ്.പിയുടെ ഓഫീസുകൾ തല്ലിത്തകർക്കണം. ഈ ചുമതല പാർട്ടിയിലെ ആരോഗ്യദൃഢഗാത്രരായ ചെറുപ്പക്കാരെ ഏൽപ്പിച്ചു. ശേഷം വിജയശ്രീലാളിതനായി തന്റെ പാർട്ടിയുടെ താത്വികാചാര്യന്മാരുടെ നിരയിൽ ഒഴിഞ്ഞുകിടക്കുന്ന കസേരകളിലേക്കു നോക്കി അയാൾ പുഞ്ചിരിച്ചു.

കോട്ടപ്പള്ളിയുടെ സ്വപ്നത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. അയാളുടെ തിരക്കഥ ഇന്നു രാവിലെ പൊളിഞ്ഞുവീണു കഴിഞ്ഞു. രണ്ടു സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണു കൊലപാതക കാരണമെന്നും രാഷ്ട്രീയ വൈരാഗ്യമല്ലെന്നും ഫോറൻസിക് റിപ്പോർട്ട് വിധിയെഴുതി. കൊല നടത്താൻ എത്തിയവരാണത്രെ കൊല്ലപ്പെട്ടത്.

ഇങ്ങനെയാണ് പാർട്ടിയും പാർട്ടി നേതൃത്വത്തിലുള്ള സർക്കാരും പ്രതിസന്ധിയിലാകുമ്പോൾ കൃത്യമായി രക്തസാക്ഷികൾ സൃഷ്ടിക്കപ്പെടുന്നത്. പാർട്ടിയെ വളർത്താൻ ഉടയവരില്ലാത്ത ശവശരീരങ്ങളിൽ ചുവന്ന കൊടി പുതപ്പിക്കുന്നതിനോളം വലിയ അശ്ലീലത മറ്റൊന്നില്ല. കോട്ടപ്പള്ളിമാരുടെ തലച്ചോറിൽ വിരിയുന്ന ആശയങ്ങളിൽ വീണുപോകുന്നവരോടാണ്, നിങ്ങൾക്കായി വീണുപോയ യഥാർഥ രക്തസാക്ഷികളെക്കൂടി അപമാനിക്കുകയാണു നിങ്ങൾ ചെയ്യുന്നത്.

പക്ഷേ, കോട്ടപ്പള്ളി തളരില്ല. അയാൾ അടുത്ത രക്തസാക്ഷിയെ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്.

Report Page