*/

*/

Source

നദി എന്ന് സ്വയം വിളിക്കുകയും ആരാധകരെക്കൊണ്ട് വിളിപ്പിക്കുകയും ചെയ്യുന്ന നാദിർ എന്ന വ്യക്തിക്ക് ഗുൽമോഹർ എന്നൊരു വിളിപ്പേര് കൂടി ഉണ്ടായിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹത്തെ നേരിൽ കാണുന്നത്.

കുന്നംകുളം ടൗൺഹാളിൽ ഒരു ആഗോള മലയാളി സംഘടനയുടെ അവാർഡ് ദാനം നടക്കുന്നു. ഒരുപാട് പ്രമുഖർ പങ്കെടുക്കുന്നു. കൂട്ടത്തിൽ നദിയും ഒരു നിയോഗം പോലെ ഒഴുകുന്നു.

ആരാധകരുടെയും ആരാധികമാരുടെയും ഒരു കൂട്ടം അദ്ദേഹത്തിന് ചുറ്റിലുമുണ്ട്. അദ്ദേഹം എഴുതിയതോ പബ്ലിഷ് ചെയ്തതോ ആയ ഒരു പുസ്തകം വാങ്ങിക്കാമോ എന്ന് ചോദിച്ചാണ് സംഘം എന്നെ സമീപിച്ചത്. എന്ത് കൊണ്ടോ അന്ന് പുസ്തകം വാങ്ങിക്കാൻ തോന്നിയില്ല. പിന്നെ വാങ്ങാം എന്ന് പറഞ്ഞ് ഒഴിഞ്ഞു.

അന്ന് അങ്ങനെ പറയാൻ തോന്നിച്ച ഡിങ്ക ഭഗവാന് സ്തുതി.

പീഡോപയൽ എന്ന ആരോപണം നിലവിൽ നേരിടുന്ന ഒരാളുടെ പുസ്തകം സ്വന്തം സ്വകാര്യ ശേഖരത്തിൽ ഉണ്ടാവുക എന്നത് ഒരിക്കലും ഒരു നല്ല കാര്യമല്ല.

എഴുതിയ ആളോട് പ്രതിഷേധിച്ച് പുസ്തകം കത്തിക്കുക എന്നൊക്കെ പറഞ്ഞാൽ അതിലും മ്യാരകം.

ഈ വിവാദത്തിൽ എനിക്ക് തോന്നിയ ചില കാര്യങ്ങൾ ഇവിടെ പങ്കു വയ്ക്കുന്നു.

കുന്നംകുളത്തെ ആഗോള നവമലയാളി അവാർഡ് ചടങ്ങിന് മുൻപ് തന്നെ നദിയെന്നും ഗുൽമോഹർ എന്നും വിളിക്കപ്പെടുന്ന നാദിറിനെക്കുറിച്ച് ഒരു പാട് കേട്ടിട്ടുണ്ട്.
യുഎപിഎ എന്ന കരിനിയമം അന്യായമായി അയാളുടെ മേൽ ചുമത്തപ്പെട്ടു എന്ന വസ്തുതയുമായി ബന്ധപ്പെട്ടായിരുന്നു അത്.
പോട്ട, ടാഡ, യുഎപിഎ എന്ന് വേണ്ട എല്ലാ കരിനിയമങ്ങൾക്കും പൗരാവകാശ വിരുദ്ധ നിയമങ്ങൾക്കും എതിരായിരുന്നു എന്നും നിലപാട്. ഇന്നും അങ്ങനെ തന്നെ.
അത് കൊണ്ട് തന്നെ ആ വിഷയത്തിൽ നാദിറിനെ പിന്തുണച്ചിട്ടുണ്ട്. എഴുതിയിട്ടുണ്ട്. പറഞ്ഞിട്ടുണ്ട്. അതിൽ ലവലേശം കുറ്റബോധമില്ല. ആ വിഷയത്തിലാണ് അയാളെ അനുകൂലിച്ചത്. അയാളുടെ ചരിത്രവും ഭൂമിശാസ്ത്രവും നോക്കിയല്ല അന്ന് നിലപാട് എടുത്തത്.

അയാളുടെ സ്വഭാവ സർട്ടിഫിക്കറ്റ് നോക്കിയിട്ടുമില്ല.

ഭാവിയിൽ ഒരാൾ പീഡോഫയൽ ആകുമോ കൊലയാളിയാകുമോ ബലാത്‌സംഗ വീരനാകുമോ അഴിമതിക്കാരനാകുമോ വർഗീയ വാദി ആകുമോ എന്നൊന്നും ഗണിച്ചെടുക്കാൻ പറ്റില്ല.
അന്നത്തെ ശരി നദീറിനെ പിന്തുണയ്ക്കുക എന്നതായിരുന്നു.

അന്ന് എം എ ബേബി മുതൽ ഒരുപാട് മനുഷ്യർ അയാളെ പിന്തുണച്ചതിനെ ഇന്ന് പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെറി വിളിച്ചിട്ട് കാര്യമില്ല.

നമ്മളാരും ത്രികാല ജ്ഞാനികളല്ല.

കരി നിയമങ്ങൾക്ക് ഇരയാകുന്നവർക്ക് ഒപ്പമാണ് നിൽക്കേണ്ടത്.

അത്തരക്കാർ പിന്നീട് പീഡന കേസിൽ പ്രതിയായാൽ പുതിയ അറിവുകളുടെ വെളിച്ചത്തിൽ അവർക്ക് എതിരെ നിൽക്കണം. അത്രയേ ഉള്ളൂ.

എം എ ബേബിയോ പൗരാവകാശക്കാരോ ഇടതു പക്ഷമോ വലതുപക്ഷമോ ജമാ അത്തെ ഇസ്ലാമിയോ ഒന്നും പീഡകനായ നദീറിനൊപ്പം നിൽക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്.

അതിനാൽ തന്നെ അത്തരം വിവാദങ്ങൾ അസംബന്ധമാണ്.

പീഡോ പയലായാലും സ്വർണ്ണ കടത്തുകാരായാലും അവർക്കെതിരെ യുഎപിഎ അല്ല ചുമത്തേണ്ടത്. ചുമത്തേണ്ട വേറെ കുറ്റങ്ങൾ ഉണ്ട്.

ഇവിടെ ഇരകൾക്ക് നീതി കിട്ടണം. അത് യു എ പി എ യിൽ നിന്നല്ല കിട്ടേണ്ടത്.

നാല് പതിറ്റാണ്ടിൽ അധികം കേരളത്തിലെ ഒരു പാട് കോടതികളിൽ അഴിമതി കേസുകളിൽ സ്ഥിരമായി ഹാജരായിരുന്ന പഴയൊരു വി ഐ പി ഉണ്ട്.
എം എൽ എ, മന്ത്രി, എൻ എസ് എസ്, പിള്ളേച്ചൻ. ഇന്നിപ്പോൾ മുന്നോക്കകാരുടെ ക്യാബിനറ്റ് റാങ്ക് നേതാവാണ്. കേസ് വിളിക്കുമ്പോൾ കോടതി ആദരണീയനായ ശ്രീ പിള്ളേച്ചൻ അവർകൾ നിന്തിരുവടി എന്നൊന്നും വിളിക്കില്ല. കീഴൂട്ട് രാമൻ പിള്ള മകൻ ബാലകൃഷ്ണ പിള്ള എഴുപത്താറ് വയസ്സ് ഹാജരുണ്ടോ എന്ന് മാത്രമേ വിളിച്ചു ചോദിക്കൂ. കോടതിക്ക് പിള്ള ഫോബിയ ആണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

ഇന്ന അംശം ദേശത്ത് ഇന്ന വീട്ടിൽ ഇന്നാരുടേയും ഇന്നാരുടേയും മകൻ ഇത്ര വയസ്സ് ഗണേശ കുമാരൻ ഇന്ന ആളിനെ ഇത്ര മണിക്കൂർ വാഹനത്തിൽ ചെയ്‌സ് ചെയ്തു അപമാനിക്കാൻ ശ്രമിച്ചു എന്ന കേസിലും കുമാരന്റെ വിളിപ്പേരല്ല കോടതിയും പോലീസും മാധ്യമങ്ങളും സ്വീകരിക്കുക. പത്രങ്ങൾ ഒറിജിനൽ പേരിനൊപ്പം വിളിപ്പേരും ചിലപ്പോൾ ചേർത്തു എന്ന് വരും എന്ന് മാത്രം.
ഉദാഹരണം ചാക്ക് രാധാകൃഷ്ണൻ എന്ന വി എം രാധാകൃഷ്ണൻ.

സ്വയം നദിയെന്ന് വിളിക്കുകയും ഗുൽമോഹർ എന്ന് മറ്റൊരു പേരുകൂടി ഉണ്ടാക്കുകയും ചെയ്ത നാദിർ എന്ന വ്യക്തി ക്രിമിനൽ കേസിൽ പെട്ടാൽ കോടതിയും പോലീസും മാധ്യമങ്ങളും പൊതുസമൂഹവും വിളിക്കേണ്ടത് ചെല്ല പേരല്ല. ഒറിജിനൽ പേര് തന്നെയാണ്.

നദിയെന്ന നിയോഗം ഒക്കെ കയ്യിൽ വച്ചാൽ മതി. നാദിർ എന്ന് തന്നെ പറയും. വീട്ടുപേരും വയസ്സും മേൽവിലാസവും കിട്ടിയാൽ ഇവിടെ അനുബന്ധമായി ചേർക്കുകയും ചെയ്യും.

ഇനിയുള്ള പ്രശ്നം ഫേസ്‌ബുക്ക് വിചാരണയുടേതാണ്. നാദിർ എന്ന വ്യക്തിയെ ഫേസ്ബുക്കിൽ കൊന്നുകൊലവിളിച്ചാൽ മാത്രം ഇരകൾക്ക് നീതി കിട്ടിക്കൊള്ളണം എന്നില്ല. അയാൾക്കെതിരായ ആരോപണങ്ങൾ ഇരകളുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് തന്നെ ചർച്ച ചെയ്യപ്പെടണം. അയാൾക്കെതിരെ പോലീസ് കേസ് ഉണ്ടാകണം. പോലീസ് കൃത്യമായും വ്യക്തമായും സംശയ ലേശമന്യേയും നിക്ഷ്പക്ഷമായി അന്വേഷിക്കണം. കോടതിയിൽ കേസ് എത്തണം. തെളിവുകൾ ഉണ്ടെങ്കിൽ അയാൾ നിർബന്ധമായും ശിക്ഷിക്കപ്പെടണം.

ഫേസ്ബുക്ക് കോടതി കോടതിയല്ല. ഇവിടെ വിചാരണ ചെയ്യപ്പെട്ട പലരും സമൂഹത്തിന്റെ പൊതു മറവിയുടെ ദാക്ഷിണ്യം അനുഭവിച്ചു കൊണ്ട് ഇന്നും സുഖമായി പീഡോ ആയും പായലായും മുന്നോട്ടു പോകുന്നുമുണ്ട്. ഇരകൾക്ക് നീതികിട്ടും വിധമുള്ള ഇടപെടലുകൾ മാത്രമാണ് ആവശ്യം.

കുറ്റക്കാരുടെ മതവും ജാതിയും രാഷ്ട്രീയവും സ്വത്വവും ജെൻഡറുമൊന്നുമല്ല കാര്യം.

ഇപ്പോൾ ഉള്ള വിവാദങ്ങൾ ഒരു തരത്തിലും നീതി നടപ്പാക്കുന്നതിൽ സഹായിക്കുന്നില്ല.

ഇനി നാദിറിനായി പിന്തുണയും മറ്റുമായി നടക്കുന്ന കുല പുരുഷന്മാരും കുലസ്ത്രീകളുമറിയാൻ.

സ്വന്തം അനുഭവമാണ്.

മനുഷ്യാവകാശം, സ്വത്വ രാഷ്ട്രീയം ഒക്കെ വലിയ നിലയിൽ കൈകാര്യം ചെയ്യുന്ന ഒരു മഹാൻ വീട്ടിൽ വന്നപ്പോൾ അയാളുടെ കൂടെ ഒരു സെൽഫി എടുത്ത് ഫേസ്ബുക്കിൽ ഇട്ടു.

അഞ്ചു മിനിറ്റിനുള്ളിൽ ഡൽഹിയിലുള്ള ഒരു നല്ല സുഹൃത്ത് വിളിച്ചു. അയാളെ വീട്ടിൽ താമസിപ്പിക്കരുത്. എത്രയും പെട്ടെന്ന് പാർസൽ ചെയ്യണം. ചൈൽഡ് മോളസ്റ്റർ ആണ്. വീട്ടിൽ മോനൊക്കെ ഉള്ളതല്ലേ...

ഞാൻ വിഷമിച്ചു. നേരിട്ടുള്ള ഒരനുഭവവും ഇല്ലാതെ വീട്ടിൽ വന്നു മാന്യമായി പെരുമാറുന്ന ഒരാളെ എങ്ങനെ ഇറക്കി വിടും.
എന്നാൽ ഡൽഹിയിൽ നിന്ന് വിളിച്ചയാൾ ആണെങ്കിൽ അത്രയേറെ സത്യസന്ധൻ. മര്യാദക്കാരൻ.

ഒടുവിൽ ആരോപിതനെ വീടിന് പുറത്ത് വിളിച്ചു കൊണ്ടുപോയി കാര്യങ്ങൾ നേരെ ചൊവ്വേ അവതരിപ്പിച്ചു. കേട്ട കാര്യം പറഞ്ഞു.

പുറത്ത് ഒരു റൂം എടുത്തു തരാമെന്നും കാശ് ഞാൻ കൊടുത്തോളാം എന്നും പറഞ്ഞു. അയാൾ അധികം സംസാരിക്കാതെ പോയി. താൻ പീഡോ അല്ലെന്നയാൾ പറഞ്ഞില്ല. ആ ചോദ്യത്തിൽ നിന്നൊഴിഞ്ഞുമാറി.

ഈ വിവരം ഒന്ന് രണ്ടു സ്ത്രീ-പുരുഷ സുഹൃത്തുക്കളോട് ഷെയർ ചെയ്തപ്പോൾ അവർ കുറ്റപ്പെടുത്തി. നിങ്ങൾക്ക് നേരിട്ട് അനുഭവമില്ലാതെ ഒരാളെ കുറ്റക്കാരൻ ആക്കുന്നു. ശരിയാണല്ലോ എന്ന് തോന്നി.

പക്ഷെ വൈകാതെ കേരളത്തിൽ അങ്ങോളമിങ്ങോളം അയാൾ ഉൾപ്പെട്ട പീഡന പീഡോ കേസുകളുടെ വിവരങ്ങൾ അറിഞ്ഞപ്പോൾ ഡൽഹിയിലെ സുഹൃത്തിന്റെ കരുതലിൽ സന്തോഷവും അഭിമാനവും തോന്നി.

അന്ന് അയാളെ ന്യായീകരിച്ച സ്ത്രീ സുഹൃത്തുക്കൾ രണ്ടു പേർ പിന്നീട് വളരെ വൈകി കോഴിക്കോട് കൈരളി തീയറ്ററിൽ ഒരു സിനിമ കാണാൻ പോയി. അവരുടെ മക്കളും കൂടെയുണ്ട്.

സിനിമാ തീയറ്ററിൽ ടിക്കറ്റ് എടുക്കാൻ നിൽക്കുമ്പോൾ നേരെ മുന്നിൽ മനുഷ്യാവകാശ മഹാൻ.
അയാൾ സിനിമ കാണാൻ വന്നതാണ് എന്നും അയാൾക്ക് ഇവർ ടിക്കറ്റ് എടുത്ത് കൊടുത്താൽ സന്തോഷമെന്നും ഒരുമിച്ചു ടിക്കറ്റ് എടുക്കണമെന്നും പരാന്നഭോജിയായ അയാൾ.

ആ യുവതികൾ അയാളുടെ ടിക്കറ്റും എടുത്തു. ഒരുമിച്ച് എല്ലാവരും സിനിമ കണ്ട് പകുതിയാകും മുൻപേ അയാൾ ഒരു നിർദേശം വച്ചു.

അയാൾക്ക്‌ സിനിമ വല്ലാതെ ബോറടിക്കുന്നു. കൂടെ സിനിമ കാണുന്ന യുവതികളുടെ രണ്ടു മക്കൾക്കും സിനിമ ബോറടിക്കുന്നുവെന്ന് അയാൾ കണ്ടെത്തി. നിങ്ങൾ സിനിമ കാണൂ....
ഞാൻ കുട്ടികളുമായി ബീച്ചിൽ പോയി അവർക്കു ഐസ് ക്രീം വാങ്ങിക്കൊടുത്ത് അവരെയും കൊണ്ട് ബീച്ചിൽ കാറ്റ് കൊണ്ടിട്ടിരിക്കാം. സിനിമ കഴിഞ്ഞു നിങ്ങൾ അങ്ങോട്ട് വന്നാൽ മതി.
ആ സ്ത്രീകൾ ആകെ പേടിച്ചു. അവരുടെ സിനിമ ആസ്വാദനം കുളമായി. പുറത്തിറങ്ങി എന്നെ വിളിച്ചു. അവർ തീർത്തു പറഞ്ഞു. സ്വത്വവാദിയായ പൗരാവകാശം പീഡോ പയൽ തന്നെ.

ഇതല്ലേ ഞാൻ മുന്നേ നിങ്ങളോടു പറഞ്ഞത് എന്ന് ചോദിച്ചില്ല. രക്ഷപ്പെട്ടല്ലോ.... അവനെ ഒഴിവാക്കൂ എന്ന് മാത്രം പറഞ്ഞു. അവർ നിർദയം അയാളെ ഒഴിവാക്കി.

സംഗതി ശുഭ പര്യവസായി ആയി. പീഡോ പായലുകളെ ന്യായീകരിക്കുന്ന എല്ലാ പായലുകളോടും ഇതേ പറയാനുള്ളു.

സ്വന്തം വീട്ടിൽ ഒരു കുട്ടിയുണ്ടെങ്കിൽ, നിങ്ങൾ സ്വന്തം കുട്ടികൾ അടക്കം എല്ലാ കുട്ടികളോടും സ്‌നേഹമുള്ളവർ ആണെങ്കിൽ, മനുഷ്യത്വവും നന്മയും വിശാല നീതിയും ഉള്ളവരാണ് എങ്കിൽ, ദയവായി നദീ നിയോഗങ്ങളുടെ പുറകെ പോകരുത്.

സ്വന്തം കുട്ടി അപകടത്തിൽ പെടും വരെ മാത്രം എല്ലാവരും സുരക്ഷിതരാണ്.

ജീവിതത്തിൽ എന്നും ഏറ്റവും വലിയ സ്നേഹവും കടപ്പാടും ഒരാളോടുണ്ട്. പീഡോ പയലിനെ വീട്ടിൽ നിന്നും ഇറക്കി വിടാൻ പറഞ്ഞ ഡൽഹിയിലെ ആ സുഹൃത്തിനോട്.
ഒരു പീഡോ പയലും ( കുഞ്ഞോ മത്തിയോ ഐലയോ നദിയോ ഗുൽമോഹറോ ആകട്ടെ) ഒരു ദയയും അർഹിക്കുന്നില്ല.

പീഡകരെ ന്യായീകരിക്കുന്ന എല്ലാവർക്കും നല്ല നമസ്കാരം.
സ്വന്തം കുട്ടികൾ സുരക്ഷിതരാണോ എന്നെങ്കിലും നോക്കുക.

Report Page