*/

*/

Source

പ്രസിദ്ധീകരിക്കുന്നതിന് മുമ്പേ വായിക്കുവാൻ അവസരമുണ്ടായ നോവലാണ് പ്രിയ സുഹൃത്ത് വഹീദ് സമാന്റെ ശലഭങ്ങളുടെ അഗ്നി സൽക്കാരം.

ഭയവിഹ്വലമായ യുദ്ധാനുഭവങ്ങളുടെയും ആത്മാവിന്റെ ആഴങ്ങളിൽ നിറഞ്ഞ
പ്രണയത്തിന്റേയും തീവ്രമായ സൌഹൃദങ്ങളുടെയും പ്രവാസ ജീവിതത്തിന്റെ വ്യത്യസ്തമായ അനുഭവങ്ങളുടേയും പാലായനത്തിന്റെ കരളലിയിക്കുന്ന കാഴ്ചകളുടേയും തീക്ഷ്ണമായ ആവിഷ്ക്കാരമാണ് ശലഭങ്ങളുടെ അഗ്നി സൽക്കാരം.

അനുഭവതീക്ഷ്ണമായ, ആടുജീവിതം പോലെ ആകാംക്ഷാപൂർവ്വം വായിപ്പിച്ച, മലയാളിക്ക് ഏറെയൊന്നും പരിചിതമല്ലാത്ത ലോകമാണ് ഈ നോവലിന്റെ പ്രമേയ പരിസരം.

സൗദി അറേബ്യയിലെ മലയാളം ന്യൂസിൽ ജേർണലിസ്റ്റായ വഹീദ് സമാന്റെ പ്രഥമ നോവലാണിത്. എഴുതിത്തെളിഞ്ഞ ഒരു നോവലിസ്റ്റിന്റെ കൈയൊതുക്കവും ആവിഷ്ക്കാര രീതിയും ഈ കൃതിയിലുടനീളം കാണാം.

രണ്ട് മാധ്യമ പ്രവർത്തകർ കണ്ടെത്തുന്ന ചില 'സ്‌റ്റോറികളിലൂടെയാണ് നോവലിന്റെ ആരംഭം.
തുടർന്ന് സിറിയയിൽ സർവ്വ വിനാശം വിതച്ച യുദ്ധത്തിന്റെ കരളലിയിക്കുന്ന ചിത്രണങ്ങളിലൂടെ മുന്നേറുന്ന നോവൽ മലയാളിക്ക് ഒട്ടും പരിചിതമല്ലാത്ത ലോകമാണ് തുറന്നുകാട്ടുന്നത്. അതിനിടയിൽ പ്രണയത്തിന്റെ അതിമനോഹരമായ ആവിഷ്ക്കാരവും ... തീവ്രമായ പ്രണയാവിഷ്ക്കാരങ്ങളിലെല്ലാം മരണത്തിന്റെ കാലൊച്ചയും കേൾക്കാമെന്ന് 'പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ടെഴുതിയ കഥ "യിൽ കെ.പി. അപ്പൻ നിരീക്ഷിച്ചത് എത്രമേൽ ശരിയാണെന്ന് ശലഭങ്ങളുടെ അഗ്നിസൽക്കാരം നമ്മെ തീവ്രമായി ബോധ്യപ്പെടുത്തുന്നു.

'ആത്മാവിൽ മുറിവുണ്ടാക്കാതെ ഒരു പ്രണയവും കടന്നു പോകുന്നില്ല. ഓരോ മനുഷ്യന്റെ ഉള്ളിലും അവനവനു പോലും മനസ്സിലാകാത്ത ഒരു കടലുണ്ട്. അവനവനോട് പോലും പൊരുതി ജയിക്കാനാവാത്ത ഒരു യുദ്ധവും.” എന്ന് നോവലിൽ ഒരിടത്ത് പറയുന്നു.

യൂണിവേഴ്സൽ സ്വഭാവമുള്ള നോവലാണ് ശലഭങ്ങളുടെ അഗ്നി സൽക്കാരം. ലോകത്തിലെവിടെയുമുള്ള വായനക്കാർക്ക് ആസ്വദിക്കാവുന്ന പ്രമേയപരിസരം. മലയാള മനോരമ പബ്ലിക്കേഷൻസ്
പ്രസിദ്ധീകരിക്കുന്നത്തിനു മുമ്പു തന്നെ അക്ബർ കക്കട്ടിൽ സ്മാരക പുരസ്കാരത്തിനു അർഹമായ ഈ നോവൽ വായനാസമൂഹം ഹൃദയപൂർവ്വം സ്വീകരിക്കുമെന്നതിൽ സംശയമില്ല.

സുഹൃത്ത് വഹീദ് സമാന്റെ ഈ ഉദ്യമം നല്ലൊരു തുടക്കത്തിന്റെ തുടക്കമാവട്ടെ എന്നാശംസിക്കുന്നു.
.

Report Page