*/

*/

From

Cheetah, Leopard & Jaguar

-------------------------------------

ചീറ്റയും, പുള്ളിപ്പുലിയും, ജഗ്വാറും തമ്മിലുള്ള വ്യത്യാസങ്ങൾ.

-------

കഴിഞ്ഞ ദിവസം രാത്രി യാദൃശ്ചികമായി ബിഗ്‌ബോസിലെ കുറച്ച് ക്ലിപ്പുകൾ യുട്യൂബിൽ കാണാനിടയായി. (ഞാൻ ഈ പ്രോഗ്രാം ഇതിനു മുൻപ് കണ്ടിട്ടുമില്ല, കാണാറുമില്ല.) ഇവരുടെ പരസ്പരമുള്ള ആക്രോശങ്ങളും, ഗർജനങ്ങളും, വേട്ടയാടലുകളും കണ്ടപ്പോൾ സത്യത്തിൽ ഒരു ചീറ്റയെയും, പുലിയെയും, ജഗ്വാറിനെയും ഒരുമിച്ച് പിടിച്ച് കൂട്ടിലിട്ട ഒരു zoo ആണ് ഓർമ വന്നത്. മൂന്നും കൂടെ തമ്മിൽതല്ലി ചാകുമല്ലോ ഭഗവാനേ എന്നോർത്ത ഉടനെ തന്നെ ഈ മൂന്നു ജീവികളെയും കുറിച്ച് ഒരു പോസ്റ്റ്‌ എഴുതി തുടങ്ങുകയായിരുന്നു.

ചീറ്റ, പുലി, ജഗ്വാർ എന്നിവയ്ക്ക് ഒരേ ഉയരവും, മഞ്ഞ നിറവും, ശരീരത്തിൽ പാടുകളും ഉള്ളതിനാൽ നമ്മിൽ പലരും ആശയകുഴപ്പത്തിലാണ്. പുലി മുരുകനിൽ കടുവയെ പുലി എന്ന് വിളിച്ച, പുലിപ്പാല് തേടി പോയ അയ്യപ്പൻ കടുവപുറത്ത് ഇരുന്നു വരുന്ന ചിത്രങ്ങൾ വരച്ച മലയാളിക്ക് പുലി, ചീറ്റ, ജഗ്വാർ എന്നിവയെല്ലാം പൊതുവായി "പുലി" ആയില്ലെങ്കിലേ അദ്‌ഭുതമുള്ളു. സത്യത്തിൽ ഇവ മൂന്നിന്റേയും ആവാസവ്യവസ്ഥ, ഭക്ഷണക്രമം, വേട്ടയാടൽ രീതി, രൂപം, ശബ്ദം എന്നിവ വളരെ വ്യത്യസ്തമാണ്.

.

ചീറ്റ (Cheetah)

----------------------

ഉയർന്ന നെഞ്ച്, ഒതുങ്ങിയ അര തുടങ്ങിയവയുള്ള മെലിഞ്ഞു നീണ്ട സ്‌പോർട്ടീ ബോഡി ആണ് ചീറ്റകൾക്ക് ഉള്ളത്. 2-3 സെന്റിമീറ്റർ വലിപ്പത്തിൽ കട്ടിയേറിയ വൃത്താകൃതിയിലുള്ള കറുത്ത പുള്ളികളാണ് ചീറ്റകളുടെ ശരീരത്തിൽ കാണുന്നത്. ചീറ്റ, പുള്ളിപ്പുലി, ജഗ്വാർ എന്നിവയുടെ ഇത്തരം പുള്ളികളെ റൊസേറ്റകൾ (Rosettes) എന്നാണ് പറയാറ്. എന്നാൽ ചീറ്റകളുടെ പുള്ളികളെ റോസേറ്റാ എന്ന് പറയാറില്ല. തന്നെയുമല്ല അവയുടെ അടിവയറ്റിൽ പുള്ളികൾ ഇല്ല. അവിടം വെളുത്തു രോമാവൃതമായി കാണപ്പെടുന്നു. ചീറ്റകളുടെ തല വളരെ ചെറുതാണ്. അവയുടെ ഇരു കണ്ണുകളിൽ നിന്നും മൂക്കിന്റെ വശങ്ങളിലേക്ക് കറുത്ത നിറത്തിലുള്ള രണ്ട് "കണ്ണുനീർ വരകൾ" കാണാം.

35 - 75 kg ഭാരം (77-160 Lb) ചീറ്റകൾക്കുണ്ട്. 30 മുതൽ 40 പൗണ്ട് വരെയുള്ള മൃഗങ്ങളെ ചീറ്റ വേട്ടയാടുന്നു.

ലോകത്തിൽ ഏറ്റവും വേഗത്തിൽ ഓടാൻ കഴിവുള്ള ഒരേയൊരു മൃഗമാണ് ചീറ്റ. മണിക്കൂറിൽ 112 മുതൽ 120 കി.മി. വരെ (70, 75 മൈൽ) വേഗത്തിൽ ചീറ്റകൾ ഓടുന്നു. ആഫ്രിക്കൻ സവാന പോലെയുള്ള പുല്ലു നിറഞ്ഞ പരന്ന സമതലങ്ങളും, ഇറാൻ പോലെയുള്ള മരുഭൂ പ്രദേശങ്ങളിലും ആണ് അതുകൊണ്ട് തന്നെ ചീറ്റകൾ ഇന്ന് ജീവിക്കുന്നത്. ഇന്ത്യയിൽ രാജസ്ഥാൻ മരുഭൂമിയിൽ ചീറ്റകൾ അടക്കി വാണ ഒരു കാലഘട്ടം ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ വേട്ടയാടൽ മൂലമാണ് ഇന്ത്യൻ ചീറ്റകൾക്ക് വംശനാശം സംഭവിച്ചത്. 1950 കളിൽ അവസാനത്തെ ഇന്ത്യൻ ചീറ്റയും കൊല്ലപ്പെട്ടു. സമീപ കാലത്തു ആഫ്രിക്കൻ ചീറ്റകളെ രാജസ്ഥാനിൽ പുനരധിവസിപ്പിച്ച് വീണ്ടും ഇന്ത്യയിൽ ചീറ്റപ്പുലികളുടെ തേരോട്ടം ആരംഭിക്കാൻ സെൻട്രൽ ഗവണ്മെന്റ് പദ്ധതി ഇട്ടിരുന്നു. എന്നാൽ പകരം ഇന്ത്യൻ കടുവകളെ (റോയൽ ബംഗാൾ ടൈഗേർസ്) ആഫ്രിക്കൻ വനങ്ങളിലേക്കും കൈമാറണം എന്ന് അവർ നിർദേശം വെച്ചതിനാൽ പദ്ധതി ഇന്ത്യൻ ഗവണ്മെന്റ് ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ ഇന്ത്യ, ഇൻഡോനേഷ്യ, ചൈന, റഷ്യ എന്നിവിടങ്ങളിലേ കടുവകൾ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വനത്തിൽ ജീവിക്കുന്നുള്ളു. അതിനാൽ തന്നെ ഈ രാജ്യങ്ങൾക്ക് അവരുടെ സ്വാകാര്യ അഭിമാനമാണ് ആണ് കടുവകൾ. അവയെ മറ്റൊരു രാജ്യത്തിനു കൈമാറുന്നത് സ്വന്തം പൈതൃകം നഷ്ടപ്പെടുത്തും പോലെയെന്ന് ഈ രാജ്യങ്ങൾ കരുതുന്നു.

ജഗ്വാർ, പുള്ളിപ്പുലി എന്നിവയെപ്പോലെ ചീറ്റകൾ മരം കയറാറില്ല. അവയെപ്പോലെ (ഒപ്പം പൂച്ച, സിംഹം, കടുവ തുടങ്ങിയ പൂച്ചവർഗ്ഗത്തിലെ മറ്റുള്ളവരെ ആരെ പോലെയും ) ഇവയ്ക്ക് നഖം ഉള്ളിലേക്ക് വലിക്കാനുള്ള കഴിവില്ല.

മരം കയറാൻ കഴിവില്ലെങ്കിലും മരങ്ങളുടെ ചുവടെയുള്ള ശാഖകളിൽ ഇവ കയറി ഇരിക്കാറുണ്ട്.

പകൽ ആണ് ഇര പിടുത്തം. പുലർച്ചെയും വൈകുന്നേരവും. അപാര കാഴ്ച ശക്തി ഇവയ്ക്കുണ്ട്. ഭൂമുഖത്തെ അതിവേഗ ഓട്ടക്കാരനായ ഇവയ്ക്ക് മാൻ പോലെയുള്ള അതിവേഗ ഓട്ടക്കാരെ ഓടിച്ചിട്ട് കിഴ്പെടുത്താൻ കഴിയും. ചീറ്റകൾ സോഷ്യൽ അനിമൽസ് ആണ്. ഒരു ഗ്രൂപ്പ് ആയാണ് ചീറ്റകൾ മിക്കവാറും സഞ്ചരിക്കുക.

ചീറ്റയെ - സിംഹം, കടുവ, ജഗ്വാർ, പുള്ളിപ്പുലി എന്നിവ ഉൾപ്പെടുന്ന Big Cat ഗണത്തിൽ പൊതുവെ കണക്കു കൂട്ടാറില്ല. ഈ നാല് പേരെപോലെ ചീറ്റകൾക്ക് ഗർജിക്കാൻ (Roar) കഴിയാറില്ല എന്നതാണ് കാരണം.

ചീറ്റ ഒരു ദുർബല മൃഗം ആണ്. ഇവയ്ക്ക് സിംഹം, പുള്ളിപ്പുലി, കഴുതപ്പുലി (Hyena), വൈൽഡ് ഡോഗ്സ് എന്നിവയോട് പോരാടാനുള്ള ശക്തിയോ ത്രാണിയൊ ഇല്ല. അതിനാൽ തന്നെ ആഫ്രിക്കയിൽ ഇവയുടെ വംശ നാശത്തിന് ആക്കം കൂട്ടുന്നത് സിംഹം, പുള്ളിപ്പുലി, കഴുതപ്പുലി പോലെയുള്ള ബഡാ ബോസുകളാണ്.

ചീറ്റകൾ മനുഷ്യരെ അക്രമിക്കറോ, ഭക്ഷിക്കാറോ ഇല്ല. എന്ന് മാത്രമല്ല മനുഷ്യർക്ക് വളരെ എളുപ്പത്തിൽ ചീറ്റയെ ഇണക്കി വളർത്താനും സാധിക്കും.

.

പുള്ളിപ്പുലി (Leopard)

---------------------------------

പുള്ളിപ്പുലിയെ മറ്റു രണ്ട് spotted cats-മായി ചേർത്ത് (ജഗ്വാർ, ചീറ്റ) മനുഷ്യർ ആശയക്കുഴപ്പത്തിൽ ആകാറുണ്ട്. എന്നാൽ ഇവ മൂന്നിന്റേയും പുള്ളിപ്പാടുകൾ തമ്മിൽ വ്യത്യാസം ഉണ്ട്. പുള്ളിപ്പുലിയുടെ പുള്ളികൾ റോസേറ്റാ എന്ന് അറിയപ്പെടുന്നു. മുഖം, കൈകാലുകൾ, വയറിന്റെ അടിവശം തുടങ്ങിയ ഇടങ്ങളിൽ റൊസേറ്റകൾ കാണപ്പെടുന്നു. ചീറ്റകളെ അപേക്ഷിച്ച് പുള്ളിപ്പുലികൾക്ക് വലിപ്പമുള്ള ശരീരവും കനത്ത മസിലുകളും ഉണ്ട്. എന്നാൽ ജഗ്വാറുകളുടെ അത്ര വലിപ്പമോ പേശികളോ ഇവയ്ക്ക് ഇല്ലതാനും.

പുലികൾ ഏകാന്ത സഞ്ചാരികളാണ്. ഒരിക്കലും ഇവ സംഘം ചേർന്ന് നടക്കാറില്ല. കുട്ടികൾ സ്വാതന്ത്രരാവും വരെ അമ്മയോടൊപ്പം നടക്കുന്നത് ഒഴിച്ചാൽ പ്രായപൂർത്തിയായ പുലികൾ സംഘം ചേരാറില്ല. വളരെ ചുടലവും, വേഗതയുള്ളതും, മെരുങ്ങാത്തതുമായ ജനുസ്സ് ആണിവ. തന്നെക്കാൾ മൂന്നിരട്ടി വലിപ്പമുള്ള ഇരയെ വരെ ഇവ കീഴ്പ്പെടുത്തും. എന്ന് മാത്രമല്ല അവയെയും കടിച്ചു കൊണ്ട് നേർ കുത്തനെയുള്ള മരത്തിന്റെ ചില്ലയിലേക്ക് അതിവേഗം കയറാനും ഇവയ്ക്ക് കഴിയും. ഭക്ഷണം കിട്ടിയാൽ അത് മരത്തിന്റെ ചില്ലയിൽ കൊണ്ട് സംരക്ഷിക്കുന്നത് പുള്ളിപ്പുലികളുടെ സ്വഭാവ രീതിയാണ്. ചത്ത ഇരയുമായി മരം കയറുന്ന ഒരേയൊരു ജീവി ആണ് പുള്ളിപ്പുലി.

ഒത്ത ഒരു ആൺ പുള്ളിപ്പുലിക്ക് 90 കിലോഗ്രാം ഭാരം വരെ വരാം. (66 മുതൽ 200 പൗണ്ട് വരെ ഭാരം.)

പകൽ മുഴുവൻ ഇവ മരക്കൊമ്പുകളിൽ കഴിയുന്നതിനാൽ മറ്റു വലിയ പൂച്ചകളായ സിംഹം, കടുവ എന്നിവയ്ക്ക് ഇവയെ കീഴ്പ്പെടുത്താൻ കഴിയില്ല. അപകടഘട്ടം നേരിട്ടാൽ ഇവ ചുടല വേഗതയിൽ മരക്കൊമ്പിലേക്ക് പാഞ്ഞു കയറും. എന്ന് മാത്രമല്ല മരത്തിനു മുകളിൽ നിന്ന് കുതിച്ച് ചുവടെയുള്ള ഇരയെ കീഴ്പ്പെടുത്താനും, മരച്ചില്ലയിൽ നിന്ന് തൊട്ടടുത്ത മരച്ചില്ലയിലേക്ക് ഡൈവ് ചെയ്യാനും ഇവയ്ക്ക് സാധിക്കും.

പുലികൾ സമർത്ഥരായ നീന്തൽക്കാരാണ്. ഇവയുടെ സ്പീഡും പ്രവൃത്തികളുടെ ചുടുലതയും വളരെ വാഴ്ത്തപ്പെടുന്ന ഒന്നാണ്. മണിക്കൂറിൽ 58 (36 മൈൽ) വരെ സ്പീഡിൽ ഓടാൻ ഇവയ്ക്ക് സാധിക്കും. 6 മീറ്റർ (20 അടി) തിരശ്ചീനമായും (Horizontally), 3 മീറ്റർ (9.8 അടി) ലംബമായും (Vertically) ഇവയ്ക്ക് കുതിച്ചു ചാടാൻ സാധിക്കും.

രാത്രിയിൽ ആണ് പുലികൾ പൊതുവെ വേട്ടയാടാറ്. എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ ഇവ പകൽ വേട്ടകളും നടത്താറുണ്ട്. മറ്റെല്ലാ പൂച്ചകളെയും പോലെ തന്നെ ഇവ നിശബ്ദവും നിഗൂഢവുമായി പതിഞ്ഞ ചുവടുകൾ വെച്ച് ഇരയെ പിന്തുടർന്ന് അവയുടെ അടുത്തെത്തുന്നു. പൊടുന്നനെ കുതിച്ച് കഴുത്തിൽ കടിച്ചു കീഴ്പ്പെടുത്തുന്നു. ഇതാണ് വേട്ടയാടൽ രീതി.

ഇന്ത്യ ഉൾപ്പെടുന്ന സൌത്ത് ഏഷ്യയിലും, ആഫ്രിക്കയിലും പുള്ളിപ്പുലികൾ വ്യാപകമായി കാണപ്പെടുന്നു. ആഫ്രിക്കയിൽ ശത്രുക്കളായ സിംഹങ്ങളോടും, ഹെയിനാകളോടും പോരാടി ഇവ അതിജീവിച്ചു പോരുന്നു. ഇന്ത്യയിൽ സിംഹങ്ങളുള്ള ഗീർ ഫോറസ്റ്റിലും, കടുവകൾ ഭരിക്കുന്ന മറ്റു വനമേഖലകളിലും ഇവൻ ഇവയോടും കരടികളോടും മത്സരിച്ച് സ്വന്തം ആവാസവ്യവസ്ഥ ഒരുക്കി അതിജീവിച്ചു പോരുന്നു. പുലികൾ അപൂർവം ഘട്ടങ്ങളിൽ മനുഷ്യനെ ഭക്ഷണത്തിനായി ടാർഗറ്റ് ചെയ്യാറുണ്ട്.

.

ജഗ്വാർ (Jaguar)

-------------------------

കടുവയും, സിംഹവും കഴിഞ്ഞാൽ വലിപ്പത്തിൽ മുൻപിൽ നിൽക്കുന്ന മൂന്നാമത്തെ Big Cat ആണ് ജാഗ്വർ. അമേരിക്കയിൽ കാണപ്പെടുന്ന ഒരേയൊരു പാന്തേര (Panthera) വംശം ആണ് ജാഗ്വർ. (കടുവ, സിംഹം, പുലി, സ്നോ ലെപ്പേഡ്, ക്ലൗഡഡ് ലെപ്പേഡ്, പ്യുമ, ജാഗ്വർ തുടങ്ങിയ അനേകം പൂച്ചകളെ ഒന്നിച്ചു ഉൾപ്പെടുത്തുന്ന ഗണം ആണ് Panthera)

പടിഞ്ഞാറൻ അർദ്ധ ഗോളത്തിലെ ഒരേയൊരു വലിയ പൂച്ച ആണ് ജാഗ്വർ. തെക്കൻ യു.എസ്., മെക്സിക്കോ, എന്നിവിടങ്ങളിൽ നിന്ന് മദ്ധ്യ അമേരിക്കൻ ഭൂഖണ്ഡം വഴി പരാഗ്വ, അർജന്റീന, ബ്രസീൽ തുടങ്ങി ആമസോൺ വനന്തരങ്ങളിലേക്ക് ഇവയുടെ കൂട്ടം വ്യാപിച്ചു കിടക്കുന്നു.

ഇടതൂർന്ന മഴക്കാടുകൾ ആണ് ജഗ്വാറുകളുടെ പ്രധാന ആവാസ കേന്ദ്രം. കടുവ, സിംഹം, പുലി എന്നിവയെക്കാൾ ശക്തമായി ഇരയെ / എതിരാളിയെ കടിച്ചു മുറിവേൽപ്പിക്കാൻ (Biting) ഇവയ്ക്ക് സാധിക്കും (2,000 Pounds ആണ് ഇവയുടെ Biting Force). ഇത് സിംഹത്തിനേക്കാൾ കരുത്തുറ്റതും, ഹെയിനയ്ക്ക് ശേഷം ലോകത്തെ സസ്തനികളിൽ നിന്ന് ഉണ്ടാകുന്ന രണ്ടാമത്തേതുമായ ബൈറ്റിങ് ഫോഴ്സ് ആണ്.

കടലാമയുടെ പുറം തോടുകൾ വരെ ഇവ ഈസിയായി കടിച്ചു പൊട്ടിക്കുന്നു. ഈ ശക്തി എന്ന് പറയുന്നത് ഒറ്റയ്ക്ക് ഒരു 360 Kg. (800 പൗണ്ട്) ഭാരമുള്ള കാളക്കൂറ്റനെ കീഴ്‌പ്പെടുത്തി, അവയുടെ അസ്ഥികളെ തകർക്കാൻ ശേഷിയുള്ളതാണ്. ഇരയെ തലയോട്ടിയിലൂടെ ചെവികൾക്കിടയിലേക്ക് നേരിട്ട് കടിച്ച് കൊലപ്പെടുത്തുന്ന അസാധാരണ രീതിയാണ് ജഗ്വാറുകളുടേത്.

പുള്ളിപ്പുലിയും, ജഗ്വാറുകളും കാഴ്ചയ്ക്ക് ഒരേപോലെയാണ് എന്ന് പറയാറുണ്ട്. എന്നാൽ പുള്ളിപ്പുലിയെ അപേക്ഷിച്ച് ഉറപ്പുള്ള ശരീരം ഉള്ളവയാണ് ജഗ്വാർ. പ്രാഥമികമായി മഞ്ഞ ശരീരത്തിലെ കറുത്ത പുള്ളികൾ മാത്രമേ ഒറ്റ നോട്ടത്തിൽ ഒരേപോലെ തോന്നൂ. എന്നാൽ ആ പുള്ളികൾക്ക് തന്നെ പ്രകടമായ വ്യത്യാസം ഉണ്ട്. പുള്ളികളുടെ ആകൃതി, അവയുടെ എണ്ണം ഒക്കെ ജഗ്വാറുകളിൽ തന്നെ പരസ്പരം വ്യത്യസ്തമായി കാണപ്പെടുന്നു.

പുള്ളിപ്പുലിയെ പോലെ ഇവയും മരം കയറ്റം, പതുങ്ങിയുള്ള ഇഴഞ്ഞു നീങ്ങൽ, നീന്തൽ എന്നിവയിൽ സമർത്ഥർ ആണ്.

ജഗ്വാറുകളും പുലികളെപ്പോലെ തന്നെ ഏകാന്ത സഞ്ചാരികളാണ്. ഇവയുടെ ഭാരം സാധാരണയായി 56-96 കിലോ (124-211 Lb) വരും. ആൺ ജാഗ്വാറുകളുടെ ശരീരവലിപ്പം 160 കിലോ എന്നത് രേഖപ്പെടുത്തപ്പെട്ട റെക്കോഡ് ആണ്. ഇത് ഒരു പെൺ സിംഹത്തിന്റെയോ, പെൺ കടുവയുടെയോ ഒപ്പം നിൽക്കുന്നു.

300 കിലോഗ്രാം (660 പൗണ്ട്) വരെയുള്ള സസ്യഭുക്കുകളാണ് ജാഗ്വറിന്റെ പ്രീയപ്പെട്ട ഇരകൾ. ഇവയുടെ തൊണ്ട, കാലുകളുടെ പുറം ഭാഗം, അടിവയർ, തുടങ്ങിയവ വെളുത്തു കാണപ്പെടുന്നു. ആമസോൺ വനാന്തരങ്ങളിലാണ് ഇവയെ അധികം കാണുന്നത് എന്നതിനാൽ, ഇവയുടെ പ്രധാന ഇരകൾ അനകോണ്ട, മുതലകൾ എന്നിവയാണ്.

കട: ഗൂഗിൾ.

ശുഭം.

Rijo.

Report Page