*/

*/

Source

ആ മരങ്ങൾ വെട്ടി വേണോ വികസനം?

തിരുവനന്തപുരത്ത് പൂജപ്പുരയിൽ ഗവ. യു പി സ്‌കൂളിനും വിക്ടേഴ്സിന്റെ കെട്ടിടത്തിനും ഇടയിൽ ഉള്ള സ്ഥലത്താണ് SCERT ക്ക്‌ പുതിയ ഗസ്റ്റ് ഹൗസ്‌ നിർമാണത്തിന് തിങ്കളാഴ്‌ച വിദ്യാഭ്യാസ മന്ത്രി പ്രൊഫ രവീന്ദ്രനാഥ് തറക്കല്ലിടുന്നത്.

തലവിടർത്തി നിന്ന് തണൽ വിരിക്കുന്ന നിരവധി വലിയ വൃക്ഷങ്ങൾ നിൽക്കുന്ന ഭൂമിയാണിത്, നഗരത്തിനുള്ളിൽ അപൂർവമായി കാണുന്ന തുറന്നയിടം (Open Space) കൂടിയാണിത്. നേരത്തെ ഇടുങ്ങിയ ഈ സ്ഥലത്ത്‌ കൂറ്റൻ ഗസ്റ്റ് ഹൗസ് പണിതപ്പോൾ തന്നെ മറുവശത്തെ വായു സഞ്ചാരത്തെ പൂർണമായും തടസപ്പെടുത്തി ആയിരുന്നു.

(ഉള്ള ഗസ്റ്റ് ഹൗസ് തന്നെ പൂർണ്ണമായി ഉപയോഗമില്ലാത്ത സാഹചര്യത്തിൽ പുതിയൊരു അനക്‌സ് ന്റെ ഫീസിബിലിറ്റി തന്നേ സംശയമുണ്ട്.)

ശ്വാസംമുട്ടി വളരുന്ന നഗരങ്ങളിൽ Open Space ന്റെയും Green Patches ന്റെയും വില നാം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ടൌൺ പ്ലാനിങ് നിയമത്തിൽ അത്തരം തുണ്ടുകൾ നിർമ്മാണം പാടില്ലാത്ത സ്ഥലങ്ങളായി നിയമസഭാ തീരുമാനിച്ചിരിക്കുന്നത്. അത് നിലനിന്നാൽ ഉണ്ടാകുന്ന ഗുണപരമായ മാറ്റം കണക്കാക്കി നിർമ്മാണ രഹിത ഇടമാക്കി നിർത്തലാണ് സുസ്ഥിരവികസനം.
ഇക്കാര്യം മന്ത്രിസഭ അംഗീകരിച്ച ഐക്യരാഷ്ട സഭയുടെ PDNA റിപ്പോർട്ടിലും സർക്കാരിന്റെ ഹരിതകേരളാ മിഷനിലും ഒക്കെ വ്യക്തമാണ്. മരം മാത്രമല്ല, അത് നിൽക്കുന്ന സ്‌പേസ് - വായു സഞ്ചാരം ഇതൊക്കെയാണ് പ്രധാനം. അപ്പോഴിത് കേവല മര-പരിസ്ഥിതി വാദികളുടെ വൈകാരിക കരച്ചിൽ അല്ലെന്ന് വ്യക്തം. 'വികസനം' എന്ന സംജ്ഞയിൽ അംഗീകരിക്കപ്പെട്ട ഒന്നാണ് പബ്ലിക് ഓപ്പൻ സ്‌പേസ്കളുടെ നിലനിൽപ്പും സംരക്ഷണവും.

ഇതിനൊക്കെ അനുമതി നൽകുന്ന നഗരസഭ -ടൌൺപ്ലാനിങ് സംവിധാനങ്ങളുടെ കാര്യം അവിടെയിരിക്കട്ടെ. സമ്പൂർണ ഹരിത ക്യാംപസ് എന്നൊക്കെ നാഴികക്ക് നാൽപതു വട്ടം പറയുന്ന വിദ്യാഭ്യാസ വകുപ്പും വിശിഷ്യാ ബഹു വിദ്യാഭ്യാസ മന്ത്രിയും സർക്കാരിന്റെ അവസാന കാലത്ത് ഇത്തരം കല്ലിടലുകളിലൂടെ നൽകുന്ന മാതൃക എന്താണ് ?

സുഗതകുമാരി ടീച്ചർ ആരോഗ്യത്തോടെ ജീവിച്ചിരുന്നുവെങ്കിൽ ഇത് പുനരാലോചിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടേനേ. ടീച്ചറോട് സ്നേഹമുള്ള
തലസ്ഥാന വാസികൾ ഇത് സമ്മതിക്കരുത്. പകരം ആളുകൾക്ക് പോയിരുന്നു ആസ്വദിക്കാവുന്ന, വിദ്യാഭ്യാസ വകുപ്പിന് തന്നെ മാതൃകയാക്കാവുന്ന ഒരു ഓപ്പൻ പാർക്കായി ഇതിനെ മാറ്റിക്കൂടെ?

Report Page